ഓറഞ്ച് കൃഷിയില്‍ നൂറുമേനി വിളയിച്ച് ഇബ്രാഹീം ഹാജി

Posted on: January 12, 2018 11:44 am | Last updated: January 12, 2018 at 11:16 am
SHARE
ഇബ്രാഹീം ഹാജി ഓറഞ്ച് കൃഷിയിടത്തില്‍

അണ്ടത്തോട്: തീരദേശത്തും ഓറഞ്ച് വിളയിച്ച് അണ്ടത്തോട് പെരിയമ്പലം സ്വദേശി അയിനിക്കല്‍ ഇബ്രാഹിം ഹാജി. തന്റെ വീടിനോട് ചേര്‍ന്നുള്ള കൃഷിയിടത്തിലാണ് ഓറഞ്ച് കൃഷി ചെയ്തിട്ടുള്ളത്. ഇതര സംസ്ഥാനങ്ങളില്‍ മാത്രം കൃഷി ചെയ്ത് കേരളത്തിലേക്ക് എത്തുന്ന ഓറഞ്ച് മലയാള മണ്ണിലും കൃഷി ചെയ്യാന്‍ അനുയോജ്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഇദ്ദേഹം.

പത്ത് മരങ്ങളിലാണ് ഓറഞ്ച് കായ്ച്ച് നില്‍ക്കുന്നത്. മറ്റ് കൃഷികളോടൊപ്പം ഓറഞ്ചിന്റെ തൈകള്‍ നട്ടു. കൃഷികളില്‍ വിജയം കൈവരിക്കുന്നത് പോലെ ഓറഞ്ച് കൃഷിയിലും വിജയം കണ്ടു.
അഞ്ച് വര്‍ഷം മുമ്പാണ് തൈകള്‍ നട്ട് പിടിപ്പിച്ചത്. ജൈവവളം മാത്രമാണ് ഓറഞ്ച് കൃഷിക്ക് വളമായി നല്‍കിയത്. പച്ചക്കറി, വാഴ, നെല്‍ കൃഷി എന്നിവയും വീടിന് സമീപത്തെ ഏക്കറോളം വരുന്ന സ്ഥലത്ത് ഒരിഞ്ച് പോലും പാഴാക്കാതെ കൃഷിയിറക്കി. കഴിഞ്ഞ വര്‍ഷത്തില്‍ റോബസ്റ്റ് ഇനം പഴം നൂറ് മേനി തിളക്കത്തില്‍ പുന്നയൂര്‍ക്കുളം കൃഷി ഓഫീസര്‍ മറ്റ് ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ ആഘോഷപൂര്‍വം വിളവെടുപ്പ് നടത്തിയിരുന്നു.

വീടിന് മുന്നിലായി മുന്തിരി, മുസമ്പി, റംബൂട്ടാന്‍, ചെറുനാരങ്ങ, പേരക്ക, തക്കാളി, വിവിധ ഇനങ്ങളായ മുളക്, പയര്‍ തുടങ്ങിയവ കൃഷിയിടത്തിലും മട്ടുപ്ലാവിലുമായി കൃഷി ചെയ്തിട്ടുണ്ട്. താന്‍ നട്ടു വളര്‍ത്തിയ ഓറഞ്ചില്‍ നിന്ന് 10, 15 കിലോയോളം ലഭിച്ചതിന്റെ സന്തോഷത്തില്‍ ഇവയെല്ലാം ബന്ധുക്കള്‍ക്കും അയല്‍വാസികള്‍ക്കും നല്‍കി. ഇനിയും വിളവെടുക്കാന്‍ പാകമായവയുണ്ട്. താറാവ്, പശു, കോഴി തുടങ്ങിയവയെയും വളര്‍ത്തുന്നുണ്ട്.
ജൈവവളം മാത്രം ഉപയോഗിച്ചുള്ള ഹാജിയുടെ കൃഷി പുതു തലമുറക്കും മറ്റ് കര്‍ഷകര്‍ക്കും മാതൃകയാകുകയാണ്. വീട്ടു മുറ്റത്ത് കൃഷിയെ എങ്ങനെ പരിപാലിക്കണമെന്നുള്ളതിനെ പറ്റി മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കുവാനും വിഷാംശമുള്ള കൃഷിയെ വീടുകളില്‍ നിന്ന് അകറ്റി വിഷാംശമില്ലാത്ത കൃഷിയാവണം നമ്മുടേതെന്നും ഇബ്രാഹീം ഹാജി പറയുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here