Connect with us

Eranakulam

കൊച്ചിന്‍ ഷിപ്പ് യാര്‍ഡും മുംബൈ പോര്‍ട് ട്രസ്റ്റും ധാരണയില്‍

Published

|

Last Updated

കൊച്ചി: കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡ് മുംബൈ പോര്‍ട് ട്രസ്റ്റുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ഇതിലൂടെ മുംബൈ പോര്‍ട് ട്രസ്റ്റിന്റെ കപ്പല്‍ അറ്റകുറ്റപ്പണി സൗകര്യങ്ങളുടെ നടത്തിപ്പും നേതൃത്വവും കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഏറ്റെടുത്തു.
കൊച്ചിന്‍ ഷിപ്പ് യാര്‍ഡും മുംബൈ പോര്‍ട് ട്രസ്റ്റുമായുള്ള ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ പ്രകാരം മുംബൈ തുറമുഖത്തിലെ ഇന്ദിര കപ്പല്‍ത്തുറയിലെ സൗകര്യങ്ങള്‍ ഉപയോഗിച്ച് പ്രൊഫഷനല്‍ രീതിയില്‍ കപ്പല്‍ അറ്റകുറ്റപ്പണികള്‍ക്കുള്ള സംവിധാനമുണ്ടാകും. ഇത് വാണിജ്യ രംഗത്തിന് മാത്രമല്ല, പ്രതിരോധ മേഖലക്കും മുതല്‍കൂട്ടാകും.

ധാരണാപത്രം നടപ്പാകുന്നതോടെ ഇന്ദിര ഡോക്കിലെ കപ്പല്‍ അറ്റകുറ്റപ്പണി സൗകര്യങ്ങള്‍ വിപുലമാകും.
കൂടാതെ ഇത് ഫ്‌ലോട്ടിംഗ് ഡ്രൈ ഡോക്ക് ആരംഭിക്കുവാന്‍ സഹായിക്കുകയും അതുവഴി മുംബൈയില്‍ നിലവിലുള്ള കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രത്തെ ഊര്‍ജിതമാക്കും. ഇതുവഴി പ്രമുഖ തുറമുഖങ്ങളിലൊന്നായ മുംബൈയില്‍ ഷിപ്പ് റിപ്പയറിംഗ് കൂടുതല്‍ എളുപ്പമാക്കും.
മുംബൈ തുറമുഖത്ത് നിര്‍മിച്ച 305 : 30 മീറ്റര്‍ വലിപ്പമുള്ള ഹ്യൂഗ്‌സ് ഡ്രൈ ഡോക്ക് 1914ല്‍ നിര്‍മിക്കപ്പെട്ടതും പടിഞ്ഞാറന്‍ തീരദേശത്തെ ഏറ്റവും വലുപ്പമുള്ള ഡ്രൈ ഡോക്കുകളില്‍ ഒന്നുമാണ്.
അന്താരാഷ്ട്ര നിലവാരത്തിലുള്ള കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രമായി മുംബൈയെ ഉയര്‍ത്തുക എന്നതാണ് ധാരണാപത്രത്തിലൂടെ ഉദ്ദേശിക്കുന്നത്. ഹ്യൂസ് ഡ്രൈ ഡോക്ക് മുംബൈ തുറമുഖത്തെ സജീവകേന്ദ്രങ്ങളിലൊന്നാണ്. ഈ സഹകരണത്തോടെ കപ്പലുടമകള്‍ക്ക് മികച്ച സേവനം നല്‍കാന്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
1982ല്‍ കപ്പല്‍ നിര്‍മാണ രംഗത്തേക്ക് ചുവടുവച്ച കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഇന്ന് രാജ്യത്തെ മുന്‍നിര കപ്പല്‍ നിര്‍മാണശാലയാണ്. യുദ്ധകപ്പലുകളുടെയടക്കം അറ്റകുറ്റപ്പണികള്‍ നിര്‍വഹിച്ച ഷിപ്പ്യാഡില്‍ ടാങ്കറുകളുടെയും ഓയില്‍ റിഗ്ഗുകളുടെയും യാത്രകപ്പലുകളുടെയുമൊക്കെ നിര്‍മാണം മികവുറ്റ രീതിയില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഇന്ത്യന്‍ നാവിക സേനയുടെ ഡ്രൈ ഡോക്ക് റിപ്പയര്‍ നടത്തുന്ന ഒരേയൊരു സ്ഥാപനം കൂടിയാണ് കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്.

 

Latest