Connect with us

Kerala

ജനതാദളിന്റെ മുന്നണി മാറ്റം: സി പി എമ്മിന് ബഹുമുഖ ലക്ഷ്യങ്ങള്‍

Published

|

Last Updated

കോഴിക്കോട്: ജനതാദള്‍ യുവിനെ എല്‍ ഡി എഫിലെത്തിക്കുന്നതിലൂടെ സി പി എമ്മിന് ബഹുമുഖ ലക്ഷ്യങ്ങള്‍. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയെ തിരിച്ച് കൊണ്ട് വന്നാല്‍ കോഴിക്കോട്, വടകര ഉള്‍പ്പെടെയുള്ള സീറ്റുകള്‍ തിരിച്ചു പിടിക്കാന്‍ കഴിയുമെന്ന് സി പി എം കണക്ക് കൂട്ടുന്നു. ഇതില്‍ കോഴിക്കോട് സീറ്റ് എം വി ശ്രേയാംസ് കുമാറിന് നല്‍കാനും തീരുമാനമായതായി സൂചനയുണ്ട്.

യു ഡി എഫിന്റെ പിന്തുണയോടെ വിജയിച്ച രാജ്യസഭാ എം പി സ്ഥാനം വീരേന്ദ്രകുമാര്‍ രാജിവെച്ചിരുന്നു. വീരേന്ദ്രകുമാര്‍ രാജ്യസഭാ സീറ്റ് രാജിവെച്ചാലും വീണ്ടും രാജ്യസഭയില്‍ എത്തിക്കാമെന്ന് സി പി എം ഉറപ്പ് കൊടുത്തിട്ടുണ്ട്. ഒരു ഒഴിവില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് വന്നാല്‍ വീരേന്ദ്രകുമാറിനെ വിജയിപ്പിക്കാന്‍ സി പി എമ്മിന് ബുദ്ധിമുട്ടാകില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിയെ മാത്രമല്ല സി പി എം പ്രധാനമായും ലക്ഷ്യം വെക്കുന്നത്. പത്രവും ചാനലുമാണ്. ഇവ രണ്ടും അനുകൂലമാകുന്നതോടെ സര്‍ക്കാറിന് അനുകൂലമായ നിലപാട് ഈ രണ്ട് മാധ്യമങ്ങളിലൂടെ ലഭിക്കുമെന്നും സി പി എം കണക്ക് കൂട്ടുന്നുണ്ട്. സി പി ഐ ഉള്‍പ്പെടെയുള്ള കക്ഷികളും വീരേന്ദ്രകുമാറിനെ തിരിച്ചു കൊണ്ടുവരുന്നതിന് അനുകൂലമാണ്. കാനം രാജേന്ദ്രന്റെ പ്രസ്താവന സൂചിപ്പിക്കുന്നത് അതാണ്. വീരേന്ദ്രകുമാറിനെ ഇടത് മുന്നണിയില്‍ എടുക്കുന്നതില്‍ മാത്യു ടി തോമസിന് എതിര്‍പ്പാണ്. അതേസമയം മാതൃസംഘടനയില്‍ ലയിച്ചാല്‍ അവര്‍ക്ക് വിരോധമില്ല. എന്നാല്‍ മറ്റൊരു പാര്‍ട്ടിയായി എല്‍ ഡി എഫിലേക്ക് വരുന്നതിനെ ജനതാദള്‍ സെക്യുലര്‍ എതിര്‍ക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.
തങ്ങളുടെ എതിര്‍പ്പ് അവര്‍ എല്‍ ഡി എഫ് നേതൃത്വത്തെ നേരത്തെ അറിയിച്ചിരുന്നു. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് ഇടതുമുന്നണി വിട്ട വീരേന്ദ്രകുമാറിനെ തിരിച്ചെത്തിക്കാനുള്ള കരുനീക്കങ്ങള്‍ എല്‍ ഡി എഫ് ക്യാമ്പില്‍ ശക്തമായിരുന്നു. അധികാരത്തിന്റെ പിന്‍ബലമില്ലാതെ മുന്നോട്ടുപോകാനാകില്ലെന്ന നിലപാട് ജെ ഡി യുവിലുമുണ്ടായി. കോടിയേരി ബാലകൃഷ്ണന്‍ സ്വാഗതം ചെയ്തതോടെ പാര്‍ട്ടിയിലെ ഇടത് അനുകൂലികള്‍ക്ക് ആവേശം വര്‍ധിച്ചു. യു ഡി എഫിലെത്തിയ വീരേന്ദ്രകുമാര്‍ 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് നേതൃത്വവുമായി അകല്‍ച്ചയിലാണ്. പാലക്കാട് ലോക്‌സഭാ സീറ്റില്‍ ഉണ്ടായ പരാജയത്തിന് കാരണം കോണ്‍ഗ്രസിലെ ഒരു വിഭാഗമാണെന്ന് ജെ ഡി യു കണക്കുകൂട്ടുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നണി മാറാന്‍ നീക്കങ്ങള്‍ നടന്നെങ്കിലും യു ഡി എഫില്‍ തുടര്‍ന്നത് മുന്‍ മന്ത്രി കെ പി മോഹനന്റെയും മനയത്ത് ചന്ദ്രന്റെയും സമ്മര്‍ദത്തെ തുടര്‍ന്നാണ്.

എല്‍ ഡി എഫിലേക്ക് ചേക്കേറാനുള്ള വീരേന്ദ്രകുമാറിന്റെ ഇപ്പോഴത്തെ നീക്കത്തിലും പാര്‍ട്ടിയില്‍ കടുത്ത എതിര്‍പ്പുണ്ട്. എന്നാല്‍ വരും ദിവസങ്ങളില്‍ പാര്‍ട്ടി ഇതിനെ എങ്ങനെ അഭിമുഖീകരിക്കുമെന്നാണ് കണ്ടറിയേണ്ടത്. എല്‍ ഡി എഫിലേക്കുള്ള കൂടുമാറ്റത്തെ എതിര്‍ക്കുന്നവരുടെ നിലപാടാണ് നിര്‍ണായകം.

 

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest