മാനുവലിന്റെ ഡബിളില്‍ ഗോവക്ക് ജയം

Posted on: January 12, 2018 8:45 am | Last updated: January 12, 2018 at 10:46 am
SHARE

ഫറ്റോര്‍ഡ: ഐ എസ് എല്ലിലെ ആവേശകരമായ മത്സരത്തില്‍ എഫ് സി ഗോവ 2-1ന് ജംഷഡ്പുര്‍ എഫ് സിയെ കീഴടക്കി. സ്പാനിഷ് പ്ലേമേക്കര്‍ മാനുവല്‍ ലാന്‍സറോട്ടെയുടെ ഇരട്ട ഗോളുകളാണ് ഗോവയുടെ വിജയത്തിനാധാരം. ട്രിനിഡാഡിന്റെ ഗോണ്‍സാല്‍വസാണ് ജംഷഡ്പുരിന്റെ ഗോള്‍ സ്‌കോറര്‍.

പോസിറ്റീവ് ഫുട്‌ബോള്‍ കളിക്കാനായിരുന്നു സ്റ്റീവ് കോപ്പലിന്റെ ജംഷഡ്പുര്‍ എഫ് സി തുടക്കം മുതല്‍ ശ്രമിച്ചത്. പതിനൊന്നാം മിനുട്ടില്‍ ഗോവയുടെ പ്രതിരോധം ഭേദിച്ച് ഗോണ്‍സാല്‍വസ് നടത്തിയ കുതിപ്പ് അവസാനിച്ചത് ഫ്രീകിക്കിലാണ്. അപകട മേഖലയില്‍ നിന്ന് കിക്കെടുത്തത് ഗോണ്‍സാല്‍വസാണ്. ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് കിക്ക് പുറത്തേക്ക് പറന്നത്.
നാല്‍പ്പത്തിരണ്ടാം മിനുട്ടില്‍ മത്സരഗതി അപ്പാടെ മാറ്റി മറിച്ചു കൊണ്ട് ഗോവ ലീഡെടുത്തു.
ലാന്‍സറോട്ടെയാണ് പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചത്. ആദ്യം കിക്കെടുത്ത് വലയിലാക്കിയെങ്കിലും റഫറി സ്പാനിഷ് താരത്തോട് റീടേക്ക് ആവശ്യപ്പെട്ടു. ആദ്യത്തെ കിക്ക് ആവര്‍ത്തിച്ച ലാന്‍സറോട്ടെ പന്ത് വലക്കുള്ളിലാക്കി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഗോണ്‍സാല്‍വസിലൂടെ സമനില പിടിച്ച ജംഷഡ്പുര്‍ കളിക്ക് ആവേശം പകര്‍ന്നു. എന്നാല്‍, ലാന്‍സറോട്ടെയുടെ മനോഹരമായ ഗോള്‍ വരാനിരിക്കുകയായിരുന്നു. ഫെര്‍നാണ്ടസ് നല്‍കിയ മികച്ച ത്രൂബാള്‍ ഓടിപ്പിടിച്ച ലാന്‍സറോട്ടെ ഒന്ന് വെട്ടിത്തിരിഞ്ഞ് ഇടത് കാല്‍ കൊണ്ട് തൊടുത്ത് ഷോട്ട് ഗോളായി.

എഫ് സി ഗോവ ഒമ്പത് മത്സരങ്ങളില്‍ 16 പോയിന്റുമായി നാലാം സ്ഥാനത്താണ്. 10 പോയിന്റുള്ള ജംഷഡ്പുര്‍ എഫ് സി ഏഴാം സ്ഥാനത്ത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here