ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ: കാര്‍ട്ടോസാറ്റ് 2 വിക്ഷേപണം വിജയം

Posted on: January 12, 2018 10:02 am | Last updated: January 12, 2018 at 2:46 pm

ചെന്നൈ: ഐ എസ്ആര്‍ഒയുടെ നൂറാമത് ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്2 വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയില്‍നിന്ന് ഇന്ന് രാവിലെ 9.29നാണ് കാര്‍ട്ടോസാറ്റ്2 വിക്ഷേപിച്ചത്. ഐഎസ്ആര്‍ഓയുടെ 42ാംമത് ദൗത്യമാണിത്.
പിഎസ്എല്‍വിസി40 റോക്കറ്റ് ഉപയോഗിച്ചാണ് കാര്‍ട്ടോസാറ്റ്2നെ ഭ്രമണപഥത്തിലെത്തിക്കുന്നത് . 31 ഉപഗ്രഹങ്ങളാണ് ഈ ഒരൊറ്റ ദൗത്യത്തിലൂടെ പിഎസ്എല്‍വി ബഹിരാകാശത്തെത്തിക്കുന്നത്.
വിക്ഷേപണത്തിന്റെ കൗണ്ട് ഡൗണ്‍ ഇന്നലെ പുലര്‍ച്ചെ 5.29നാണ് ആരംഭിച്ചത്. ഇന്ത്യകൂടാതെ അമേരിക്ക,കാനഡ,ഫിന്‍ലന്‍ഡ്,ഫ്രാന്‍സ്,ദക്ഷിണ കൊറിയ,ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളുമായാണ് പിഎസ്എല്‍വി 40 വിക്ഷേപിച്ചത്. റോഡ് മാപ്പിംഗ്,തീരദേശ നിരീക്ഷണം,ലാന്‍ഡ് മാ്പപിംഗ് തുടങ്ങിയവയില്‍ വലിയ മുന്നേറ്റമാണ് ഉപഗ്രഹ വിക്ഷേപണത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്.

കാര്‍ട്ടോസാറ്റ്2 ശ്രേണിയില്‍പ്പെട്ട മൂന്നാമത്തെ ഉപഗ്രഹത്തിനൊപ്പം വിദേശരാജ്യങ്ങളില്‍നിന്നുള്ള 28 നാനോ ഉപഗ്രഹങ്ങളും ഇന്ത്യയുടെ രണ്ട് ചെറു ഉപഗ്രഹങ്ങളുമാണ് വിക്ഷേപിച്ചത്. ഭൗമ നിരീക്ഷണത്തിനായുള്ള കാര്‍ട്ടോസാറ്റിന് 710 കിലോഗ്രാമും മറ്റു ഉപഗ്രഹങ്ങള്‍ക്ക് മൊത്തം 613 കിലോഗ്രാമുമാണ് ഭാരം.