അന്വേഷണ സമിതിക്ക് മുന്നില്‍ ട്രംപ് ഹാജരാകില്ല

Posted on: January 12, 2018 7:38 am | Last updated: January 11, 2018 at 11:40 pm
SHARE

വാഷിംഗ്ടണ്‍: പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടുവെന്ന ആരോപണം അന്വേഷിക്കുന്ന സമിതിക്ക് മുമ്പാകെ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഹാജരാകാനിടയില്ല. ആരോപണം അന്വേഷിക്കുന്ന റോബര്‍ട്ട് മ്യൂളറുടെ ചോദ്യങ്ങള്‍ക്ക് നേരിട്ട് മറുപടി നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ് വ്യക്തമാക്കി. ഒരു ഇടപെടലും ഉണ്ടായിട്ടില്ല. താന്‍ സമിതിക്ക് മുമ്പാകെ എത്തിയാല്‍ അത് എന്തോ അരുതാത്തത് നടന്നുവെന്ന് സമ്മതിച്ച് കൊടുക്കലാകുമെന്നും എന്ത് സംഭവിക്കുന്നുവെന്ന് കാത്തിരുന്ന് കാണാമെന്നും ട്രംപ് പറഞ്ഞു.
ഹിലാരി ക്ലിന്റനെ തോല്‍പ്പിക്കുന്നതില്‍ പ്രചാരണത്തിലും തന്ത്രങ്ങള്‍ ഒരുക്കുന്നതിലും റഷ്യയുടെ സഹായം ലഭിച്ചുവെന്നാണ് വിവിധ മാധ്യമങ്ങള്‍ പുറത്ത് കൊണ്ടുവന്നത്. എന്നാല്‍ റഷ്യയും ട്രംപ് പക്ഷവും അത് ശക്തമായി നിഷേധിക്കുകയാണ്. അതേസമയം, ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് നിര്‍ണായക മേല്‍ക്കൈയുള്ള സെനറ്റിന്റെ വിദേശകാര്യ സമിതി ഇക്കാര്യത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് വിടാന്‍ തയ്യാറെടുക്കുകയാണ്.

ആരോപണം അന്വേഷിക്കുന്ന റോബര്‍ട്ട് മ്യൂളറുമായി കൂടിക്കാഴ്ചക്ക് തയ്യാറാണെന്നായിരുന്നു കഴിഞ്ഞ നവംബറില്‍ ട്രംപ് പറഞ്ഞത്. അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ഇതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ മുന്‍ നിലപാടില്‍ നിന്ന് ട്രംപ് പിന്നോട്ട് പോകുകയാണ്.