ചില്ലറ വ്യാപാര മേഖലയെ തകര്‍ക്കരുത്

Posted on: January 12, 2018 6:23 am | Last updated: January 11, 2018 at 11:25 pm
SHARE

ദൂരവ്യാപകമായ പ്രത്യാഘാതമുളവാക്കുന്നതാണ് ചില്ലറവില്‍പ്പന മേഖലയിലടക്കം വിദേശനിക്ഷേപത്തിനുള്ള അനുമതി (എഫ് ഡി ഐ) കൂടുതല്‍ ഉദാരമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ചില്ലറ വില്‍പ്പന മേഖലയിലും നിര്‍മാണ മേഖലയിലുമാണ് വിദേശ നിക്ഷേപത്തില്‍ കൂടുതല്‍ ഉദാരത പ്രഖ്യാപിച്ചത്. ചില്ലറ വില്‍പ്പന മേഖലയില്‍ വിദേശ കമ്പനികള്‍ക്ക് സര്‍ക്കാറിന്റെ അനുമതിയില്ലാതെ 100 ശതമാനം നിക്ഷേപം നടത്താം. നിര്‍മാണമേഖലയിലും നൂറ് ശതമാനം വിദേശനിക്ഷേപത്തിന് അനുമതിയുണ്ട്. ടൗണ്‍ഷിപ്പ്, ഭവന പദ്ധതി, അടിസ്ഥാന സൗകര്യ വികസനം, റിയല്‍ എസ്റ്റേറ്റ് ബുക്കിംഗ് സേവനം തുടങ്ങിയവയാണ് ഈ മേഖലയില്‍ ഉള്‍പ്പെടുന്നത്. രാജ്യത്തെ വ്യവസായ സൗഹൃദമാക്കുകയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും വിദേശ നിക്ഷേപം വര്‍ധിപ്പിക്കുന്നതിലൂടെ സാമ്പത്തികവളര്‍ച്ച മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യമെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. 2015-16 ല്‍ 55.46 ബില്യണ്‍ ഡോളറും 2016-17 ല്‍ 60.08 ബില്യണ്‍ ഡോളറുമാണ് വിദേശ നിക്ഷേപം. ഇത് പതിനായിരം കോടി ഡോളറായി ഉയര്‍ത്താനാണ് ഉദ്ദേശിക്കുന്നതത്രേ.

ഒരു അബദ്ധത്തെ മറ്റൊരബദ്ധം കൊണ്ട് പരിഹരിക്കാനുള്ള ശ്രമമാണ് യഥാര്‍ഥത്തില്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. നോട്ട് അസാധുവാക്കലും ജി എസ് ടിയുമുണ്ടാക്കിയ പ്രതിസന്ധി പരിഹരിക്കാനുള്ള വഴി അന്വേഷിച്ചു കൊണ്ടിരിക്കെയാണ് ഈ മാര്‍ഗം പരീക്ഷിക്കാന്‍ തീരുമാനിച്ചത്. സാമ്പത്തിക രംഗത്ത് വന്‍മുന്നേറ്റം അവകാശപ്പെട്ട് നടപ്പാക്കിയ നോട്ട് നിരോധം ഒരു ദുരന്തമായി പരിണമിക്കുകയാണുണ്ടായതെന്ന് ആര്‍ ബി ഐ ഉള്‍പ്പെടെ ബന്ധപ്പെട്ട കേന്ദ്രങ്ങളൊക്കെ വ്യക്തമാക്കിക്കഴിഞ്ഞു. സാമ്പദ്ഘടനയെയും ജനജീവിതത്തെയും താറുമാറാക്കി. വ്യവസായ മേഖലയെ പിന്നോട്ടടിപ്പിച്ചു. കാര്‍ഷിക മേഖലയെ തളര്‍ത്തി. ഈ നിലയില്‍ അടുത്ത വര്‍ഷം പൊതുതിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ വന്‍ തിരിച്ചടി നേരിടുമെന്ന തിരിച്ചറിവില്‍ ഏത് വിധേനയും സാമ്പത്തിക രംഗത്ത് ഉണര്‍വ് സൃഷ്ടിച്ചേ മതിയാകൂ എന്ന് സര്‍ക്കാറിന് നിര്‍ബന്ധമുണ്ട്. പക്ഷേ, അതിന് കണ്ടെത്തിയ മാര്‍ഗം കൂടുതല്‍ അപകടകരമാണെന്ന് മാത്രം.
ചില്ലറ വ്യാപാര മേഖലയില്‍ 100 ശതമാനം വിദേശനിക്ഷേപം മുന്‍ സര്‍ക്കാറിന്റെ കാലത്തേ അനുവദിച്ചതാണെങ്കിലും 50 ശതമാനത്തിനു മുകളില്‍ നിക്ഷേപമിറക്കുന്നതിന് സര്‍ക്കാറിന്റെ അനുമതി വേണമെന്ന നിബന്ധനയുണ്ടായിരുന്നു. ഏക ബ്രാന്റ് ചെറുകിട വ്യാപാര രംഗത്ത് ആ നിയന്ത്രണം എടുത്തുകളഞ്ഞിരിക്കയാണിപ്പോള്‍ മോദി സര്‍ക്കാര്‍. ഫലത്തില്‍ ഇത് മേഖലയെ വിദേശ കുത്തകകള്‍ക്ക് തീറെഴുതിക്കൊടുക്കലാണ്. വ്യാപാര മേഖലയിലേക്ക് അന്താരാഷ്ട്ര കുത്തകകള്‍ക്ക് സര്‍ക്കാര്‍ അനുമതി കൂടാതെ തന്നെ യഥേഷ്ടം കടന്നുവരാനും ഇടപെടാനും സാഹചര്യം ഒരുക്കുന്ന ഈ ഉദാരവത്കരണ നയം രാജ്യത്തെ 14 ലക്ഷത്തോളം ചെറുകിട വ്യാപാരികളുടെയും അവരെ ആശ്രയിക്കുന്ന 75 ലക്ഷത്തോളം പേരുടെയും നില അവതാളത്തിലാക്കും. വന്‍കിട മാളുകളിലെ ചില്ലറവില്‍പ്പന സ്ഥാപനങ്ങള്‍ക്കു പോലും ഇതു ഭീഷണി സൃഷ്ടിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 2012-ല്‍ അന്നത്തെ യു പി എ സര്‍ക്കാര്‍ ചില്ല വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം കൊണ്ടുവരുന്നതിനെ ശക്തമായി എതിര്‍ത്ത കക്ഷിയാണ് ബി ജെ പി. ഇത് ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ഉത്പാദന മേഖലയെ തകര്‍ക്കുമെന്നുമായിരുന്നു രാജ്യസഭയില്‍ എഫ് ഡി ഐക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയത്തെ പിന്തുണച്ചു പ്രസംഗിക്കവെ 2012 ഡിസംബര്‍ അഞ്ചിന് അരുണ്‍ജയ്റ്റ്‌ലി പറഞ്ഞത്. എഫ് ഡി ഐ ഇന്ത്യയെ ഒരു വില്‍പ്പന രാജ്യമാക്കി മാറ്റുകയും അമേരിക്കയുടെയും ബ്രിട്ടന്റെയും ചൈനയുടെയും ഫ്രാന്‍സിന്റേയുമൊക്കെ സാധനങ്ങള്‍ സംഭരിക്കുന്ന കേന്ദ്രം മാത്രമായി ഇന്ത്യ മാറുമെന്നും ജയ്റ്റ്‌ലി കുറ്റപ്പെടുത്തിയിരുന്നു. അതേ ജയ്റ്റ്‌ലിയാണ് ഇപ്പോള്‍ എഫ് ഡി ഐ രാജ്യത്തിന് നേട്ടമാണെന്ന് പറയുന്നത്.

ചില്ലറ വ്യാപാരരംഗത്തെ നേരിട്ടുള്ള വിദേശനിക്ഷേപം തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുമെന്നാണല്ലോ മോദി സര്‍ക്കാര്‍ പറയുന്ന ന്യായീകരണം. ഈ അവകാശവാദം പൊള്ളയാണെന്ന് വ്യാപാരമേഖലയിലുള്ളവര്‍ കണക്കുകള്‍ നിരത്തി സ്ഥാപിക്കുന്നു. പരമ്പരാഗത ചില്ലറ വ്യാപാരികളും ഉടമസ്ഥര്‍ തന്നെ നേരിട്ടുനടത്തുന്ന പ്രാദേശിക ചില്ലറ വില്‍പ്പന ശാലകളും ഉന്തുവണ്ടികളില്‍ വില്‍പ്പന നടത്തി ഉപജീവനം കഴിക്കുന്നവരും തെരുവോര കച്ചവടക്കാരും ഉള്‍പ്പെടുന്ന അസംഘടിത മേഖലയാണ് രാജ്യത്തെ ചില്ലറ വില്‍പ്പന മേഖലയില്‍ ഏറെ പങ്കും. ഇത് ചില്ലറ വില്‍പ്പന മേഖലയുടെ 90 ശതമാനത്തോളം വരും. ബാക്കി പത്ത് ശതമാനത്തിന് മാത്രം താഴെയാണ് സംഘടിത ചില്ലറ വില്‍പ്പന മേഖലയിലെ കച്ചവടക്കാര്‍. ഇന്ത്യയുടെ സംഘടിത തൊഴില്‍ മേഖലയില്‍ പണിയെടുക്കുന്നവര്‍ മൊത്തം തൊഴിലെടുക്കുന്നവരുടെ എട്ട് ശതമാനം മാത്രമാണ്. ബാക്കിവരുന്ന കോടാനുകോടി തൊഴിലന്വേഷികള്‍ തങ്ങളുടെ ജീവിത നിലനില്‍പ്പിനായി ആശ്രയിക്കുന്നത് അസംഘടിത മേഖലയെയാണ്. അവിടേക്ക് വിദേശ നിക്ഷേപം നിയന്ത്രണങ്ങളില്ലാതെ ഒഴുകി വരുമ്പോള്‍ ചെറുകിട മേഖല തകരുകയും കോടിക്കണക്കിനാളുകളുടെ ജീവിത മാര്‍ഗം അടയുകയും ചെയ്യും. രാജ്യത്തെ തൊഴില്‍ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുകയായിരിക്കും അനന്തര ഫലം. മൊത്ത ദേശീയ വരുമാനത്തിന്റെ 14 ശതമാനവും മൊത്തം തൊഴില്‍ ശക്തിയുടെ ഏഴു ശതമാനവും ചില്ലറ വ്യാപാര മേഖലയുടേതാണെന്നും കാര്‍ഷിക മേഖല കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവുമധികം തൊഴില്‍ പ്രദാനം ചെയ്യുന്നത് ചില്ലറ വില്‍പ്പന മേഖലയാണെന്നുമുള്ള വസ്തുതക്ക് നേരെ സര്‍ക്കാര്‍ കണ്ണ് ചിമ്മരുത്.

LEAVE A REPLY

Please enter your comment!
Please enter your name here