Connect with us

Gulf

മുന്‍തജി ആപിന് അവാര്‍ഡ്; ദുബൈ നഗരസഭാ ആസ്ഥാനത്ത് ആഘോഷം

Published

|

Last Updated

ദുബൈ: ദുബൈ നഗരസഭ 2017ലെ ദുബൈയിലെ ഏറ്റവും നൂതന സംരംഭത്തിനുള്ള ഹംദാന്‍ ബിന്‍ മുഹമ്മദ് സ്മാര്‍ട് ഗവണ്‍മെന്റ് അവാര്‍ഡ് നേടി. നേട്ടത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് നഗരസഭാ ആസ്ഥാനത്ത് ദുബൈ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നാമം ആലേഖനം ചെയ്ത “ഹംദാന്‍ പതാക” ഉയര്‍ത്തി. നഗരസഭയുടെ മുന്‍തജി ആപിനാണ് പുരസ്‌കാരം ലഭിച്ചത്. ഡയറക്ടര്‍ ജനറല്‍ എന്‍ജി. ഹുസൈന്‍ നാസര്‍ ലൂത്തയാണ് പാതക ഉയര്‍ത്തിയത്. ചടങ്ങില്‍ ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ അബ്ദുല്ല അല്‍ ബസ്തി മുഖ്യാതിഥിയായിരുന്നു. നഗരസഭാ അസി. ഡയറക്ടര്‍ ജനറല്‍, വിവിധ വകുപ്പ് ഡയറക്ടര്‍മാര്‍, ജീവനക്കാര്‍ സംബന്ധിച്ചു.

നഗരസഭാ പ്രവര്‍ത്തനങ്ങളുടെയും സേവനങ്ങളുടെ വികസനത്തിനായി വിവിധ വകുപ്പുകളെയും ജീവനക്കാരെയും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ഭാവിയില്‍ കൂടുതല്‍ പ്രാദേശിക, വിദേശ പുരസ്‌കാരങ്ങള്‍ നേടുന്നത് സംബന്ധിച്ചും ലൂത്ത വ്യക്തമാക്കി.
ദുബൈ വിഷന്‍ 2021ന്റെ ഭാഗമായി വേള്‍ഡ് എക്‌സ്‌പോ 2020യെ പിന്തുണക്കുന്നതിനായാണ് മുന്‍തജി ആപ് അവതരിപ്പിച്ചതെന്ന് ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു. വിവിധ ഉത്പന്നങ്ങള്‍ കമ്പോളങ്ങളില്‍ സുതാര്യമായി വില്‍പന നടത്താന്‍ നിക്ഷേപകര്‍ക്ക് സഹായകമാകുന്നതാണ് മുന്‍തജി ആപ്. ഉത്പന്നങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനും നിരീക്ഷിക്കാനും ആപ് വഴി സാധിക്കും. നഗരസഭയുടെ സേവന കേന്ദ്രങ്ങളെ ആശ്രയിക്കാതെ ഉപഭോക്താക്കള്‍ക്ക് ലളിതമായി ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കും. സൗന്ദര്യ വര്‍ധക ഉത്പന്നങ്ങള്‍, ശരീര സംരക്ഷണ ഉത്പന്നങ്ങള്‍, സുഗന്ധ ദ്രവ്യങ്ങള്‍, ആന്റിബയോട്ടിക്‌സ് തുടങ്ങിയ ഉത്പന്നങ്ങള്‍ പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തി നിരോധിത ഉത്പന്നങ്ങളെ കുറിച്ച് ഉപഭോക്താക്കള്‍ക്ക് കൃത്യമായ വിവരം നല്‍കാനും ആപ് സഹായിക്കും.

 

Latest