മാന്‍ഹോള്‍ വൃത്തിയാക്കാന്‍ റോബോട്ടിക് സംവിധാനം; ധാരണാപത്രം ഒപ്പുവെച്ചു

Posted on: January 11, 2018 6:27 pm | Last updated: January 11, 2018 at 9:43 pm
SHARE

തിരുവനന്തപുരം: മാന്‍ഹോള്‍ ദുരന്തങ്ങള്‍ ഇനി പഴങ്കഥയാകും. മാന്‍ഹോളുകള്‍ വൃത്തിയാക്കാന്‍ റോബോട്ടിക് സംവിധാനം ഏര്‍പ്പെടുത്താന്‍ സ്റ്റാര്‍ട് അപ്പ് മിഷനുമായി ചേര്‍ന്ന് സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. മാന്‍ഹോള്‍ വൃത്തിയാക്കാന്‍ മനുഷ്യര്‍ ഇറങ്ങാത്ത മറ്റെന്തെങ്കിലും സംവിധാനം വേണമെന്ന് മുഖ്യമന്ത്രി, ജലവിഭവവകുപ്പ് മന്ത്രിക്കും വാട്ടര്‍ അതോറിറ്റി എംഡിക്കും നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്റ്റാര്‍ട്അപ് മിഷനുമായി ചേര്‍ന്ന് വാട്ടര്‍ അതോറിറ്റി ഒരു പദ്ധതിക്ക് രൂപം നല്‍കുകയായിരുന്നു.

ആദ്യം യുവസംരംഭകരില്‍ നിന്നും ആശയങ്ങള്‍ ക്ഷണിച്ചു. ലഭിച്ച ആശയങ്ങള്‍ സാങ്കേതികവിദഗ്ധരടങ്ങിയ സമിതി പരിശോധിച്ച് മികച്ചത് തെരഞ്ഞെടുത്തു. ഈ ആശയം മുന്നോട്ടുവെച്ച എട്ട് യുവാക്കള്‍ അടങ്ങുന്ന സ്റ്റാര്‍ട്അപ് സംഘം മാന്‍ഹോളില്‍ ഇറങ്ങുന്ന റോബോട്ടിന്റെ പ്രവര്‍ത്തനമാതൃക സൃഷ്ടിച്ചു. ഒരു മാസത്തിനകം റോബോട്ട് പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കേരളാ വാട്ടര്‍ അതോറിറ്റിയും സ്റ്റാര്‍ട്അപ് മിഷനും പദ്ധതിക്കുള്ള ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. സാമൂഹ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന തരത്തില്‍ നൂതനസാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നതിന് യുവതലമുറ പ്രാമുഖ്യം നല്‍കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചെയ്യാന്‍ കഴിയാത്തത് ചെയ്യാനാകും എന്നതിന്റെ തെളിവാണ് ഇത്തരം സംരഭങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here