Connect with us

National

മുംബൈ കമല മില്‍സ് തീപ്പിടിത്തം: പബ്ബ് ഉടമകള്‍ അറസ്റ്റില്‍

Published

|

Last Updated

മുംബൈ: മുംബൈ ലോവര്‍ പരേലിലെ കമല മില്‍സ് കോംപൗണ്ടില്‍ 14 പേരുടെ മരണത്തിനിടയാക്കിയ തീപ്പിടിത്തത്തില്‍ വണ്‍ എബൗ പബ്ലിന്റെ രണ്ട് ഉടമകള്‍ അറസ്റ്റില്‍. കൃപേഷ് സാങ്‌വി, ജിഗര്‍ സാങ്‌വി എന്നിവരെയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു പാട്‌നറായ അഭിജിത് മങ്കാര്‍ ഇപ്പോഴും ഒളിവിലാണ്. ഇവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

നേരത്തെ, അഭിജിതിന് ഒളിവില്‍ താമസിക്കാന്‍ സഹായം നല്‍കിയ വിശാല്‍ കാര്യ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും ഇതെക്കുറിച്ചത് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് വണ്‍ എബൗ പബ്ലിന്റെ ഉടമസ്ഥര്‍ രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി, മുംബൈ പോലീസ് കമ്മീഷണര്‍, മേയര്‍ എന്നിവര്‍ക്ക് കത്തെഴുതിയിരുന്നു.

ആദ്യം വണ്‍ എബൗ പബ്ബിന്റെ ഉടമസ്ഥര്‍ക്കെതിരെ മാത്രമാണ് മുംബൈ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പിന്നീട് മോജോ ബിസ്‌ട്രോ പബ്ബ് ഉടമകളുടെ പേരും ചേര്‍ക്കുകയായിരുന്നു. കമല മില്‍സില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പബ്ബുകളാണ് വണ്‍ എബൗയും മോജോ ബിസ്‌ട്രോയും. മോജോ ബിസ്‌ട്രോയില്‍ നിന്ന് തീപടര്‍ന്ന് വണ്‍ എബൗയിലേക്കും തുടര്‍ന്ന് കെട്ടിടത്തിലേക്കും വ്യാപിക്കുകയായിരുന്നു.

ഡിസംബര്‍ 31നാണ് തീപ്പിടിത്തമുണ്ടായത്. ലോവര്‍ പരേലിലെ കമല മില്‍സ് കോംപൗണ്ടില്‍ അര്‍ധരാത്രിക്ക് ശേഷമാണ് തീ പടര്‍ന്നത്. തീപ്പിടിത്തതില്‍ നിരവധി പേര്‍ക്ക് പൊള്ളലേറ്റിരുന്നു. ജന്‍മദിന പാര്‍ട്ടി നടക്കുന്നതിനിടെയാണ് തീപ്പിടിത്തം. എട്ട് ഫയര്‍ എന്‍ജിനുകള്‍ രണ്ട് മണിക്കൂര്‍ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്.