പാരമ്പര്യം കൈവിട്ടില്ല; ബിന്‍ഷ ‘കൂകിപ്പാഞ്ഞത്’ പിതാവിന്റെ വഴിയേ

Posted on: January 11, 2018 6:38 am | Last updated: January 10, 2018 at 11:40 pm
SHARE

തൃശൂര്‍: മിമിക്രി കലയില്‍ പിതാവിന്റെ വഴിയേ ബിന്‍ഷയുടെ ജൈത്രയാത്ര. രാഷ്ട്രീയ നേതാക്കളുടെ ശബ്ദത്തില്‍ പോകുന്ന ട്രെയിനിനെ അവതരിപ്പിച്ച് ബിന്‍ഷ അശ്‌റഫ് തൃശിവപേരൂരിന്റെ തിരുമുറ്റത്ത് മിന്നിത്തിളങ്ങിയപ്പോള്‍ ആശ്വാസമായത് പിതാവും ഗുരുവുമായ പ്രശസ്ത മിമിക്രി കലാകാരന്‍ കലാഭവന്‍ അശ്‌റഫിനാണ്. പ്രധാന മന്ത്രി നരേന്ദ്ര മോദി മുതല്‍ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വരെയുള്ളവരുടെ സ്വരലയത്തില്‍ അരങ്ങില്‍ ട്രെയിനുകള്‍ കുതിച്ചുപാഞ്ഞതോടെ സദസ്സില്‍ നിലക്കാത്ത കൈയടിയുയര്‍ന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍, ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി തുടങ്ങിയവരുടെയെല്ലാം ശബ്ദങ്ങളില്‍ ട്രെയിനുകള്‍ കൂകിപ്പാഞ്ഞതോടെ കാത് കൂര്‍പ്പിച്ച് കാണികള്‍ കേട്ടിരുന്നു. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഹൈസ്‌കൂള്‍ വിഭാഗം മിമിക്രി മത്സരത്തില്‍ മലപ്പുറം പൂക്കറത്തറ ദാറുല്‍ ഹിദായ ഓര്‍ഫനേജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ ബിന്‍ഷ സംസ്ഥാന കലോത്സവത്തിലെത്തുന്നത്.

മൂന്ന് പ്രാവശ്യവും എ ഗ്രേഡ് കരസ്ഥമാക്കിയ ആഹ്ലാദത്തിലാണ് ബിന്‍ഷ ഇത്തവ പൂരനഗരിയോട് ഉപചാരം ചൊല്ലിയത്.
ബിന്‍ഷയുടെ ഏക സഹോദരന്‍ നാലാം ക്ലാസുകാരന്‍ അബാനും മിമിക്രി അവതരണത്തില്‍ പാരമ്പര്യം കാത്ത് പിന്നാലെയുണ്ട്. ഉമ്മ ബുഷ്‌റ പന്തവൂര്‍ ഇര്‍ശാദ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here