തനിമ നഷ്ടപ്പെടാത്ത പുതുമയുമായി ഫൈസല്‍ കന്മനത്തിന്റെ വരികള്‍

Posted on: January 11, 2018 12:36 am | Last updated: January 10, 2018 at 11:37 pm

തൃശൂര്‍: പ്രശസ്ത ഗാന രചയിതാവും ഗായകനും കവിയുമായ ഫൈസല്‍ കന്മനം രചിച്ച മാപ്പിളപാട്ടുകള്‍ കലോത്സവ വേദിയില്‍ തനിമ കൊണ്ട് പുതുമ നിറച്ചു. മലപ്പുറം തിരൂര്‍ സ്വദേശിയായ ഈ യുവ ഗാന രചയിതാവിന്റെ മക്ക ബഖൂര്‍ മിക്ക ഹഖിലതൃപ്പം ബങ്കീസം മികവാ …മിക്കോര്‍ സുകൃത പൊന്‍ ശൗഖിലരിപ്പം ബങ്കോഷം തികവാ …എന്ന ഗാനം ഒമ്പത് മത്സരാര്‍ഥികളാണ് ആലപിച്ചത്. ഇവര്‍ക്കെല്ലാം എ ഗ്രേഡും ലഭിച്ചു.

കോഴിക്കോട് ജില്ലയില്‍ നിന്നെത്തിയ പതിനാലാം രാവ് റിയാലിറ്റി ഷോ ഫെയിം വിസ്മയ വസന്ത് എന്ന കുട്ടി പാടിയത് വല്ലാഹി കഥയുടെ എന്ന് തുടങ്ങുന്ന ഫൈസലിന്റെ ഏറ്റവും പുതിയ രചനയായിരുന്നു. എന്നാല്‍ നാല് പേര്‍ക്ക് മാത്രമാണ് ഫൈസല്‍ കന്മനം ഗാനങ്ങള്‍ നേരിട്ട് നല്‍കിയിരുന്നത്. ബാക്കി മത്സരാര്‍ഥികളെല്ലാം ഫൈസലിന്റെ ഗാനം തേടി സോഷ്യല്‍ മീഡിയയിലെത്തി ഡൗണ്‍ ലോഡ് ചെയ്യുകയായിരുന്നു. യൂ ട്യൂമ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ ഫൈസലിന്റെ ഗാനങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. മാപ്പിള പാട്ടിന്റെ ഉത്ഭവത്തെ പ്രകീര്‍ത്തിക്കുന്ന ഫുല്‍ ഫുലും ചുക്കും അടക്ക തേക്ക് പൂക്കും നാട് എന്ന പ്രസിദ്ധമായ ഗാനം ഉള്‍പ്പെടെ 600ല്‍ പരം ഗാനങ്ങളും ആയിരത്തില്‍ പരം നിമിഷ കവിതകളും ഫൈസല്‍ രചിച്ചിട്ടുണ്ട്.

ഫൈസല്‍ മരണത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ എഴുതിയ കവിതയും വൈദ്യര്‍ അക്കാദമി സംഘടിപ്പിച്ച കവിയരങ്ങില്‍ പാടിയ ‘പടച്ചവന്റെ പടപ്പുകളുടെ പിടപ്പറിയിക്കാന്‍ പട പിടിക്കണമെന്ന് ചൊന്നതേത് മതമാ’ എന്ന് തുടങ്ങുന്ന കവിതയും ആസ്വാദകര്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു. മാപ്പിള കലാ അധ്യാപക സംഘടനയായ കോര്‍വയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ഇദ്ദേഹത്തിന്റെ സഹോദരങ്ങളും കലാകാരന്മാരാണ്. ഫ്രീ ലാന്റ് ഫോട്ടോ ജേണലിസ്റ്റ് കൂടിയായ ഫൈസല്‍, നിരവധി ഫോട്ടോ പ്രദര്‍ശനങ്ങളും നടത്തിയിരുന്നു. മികച്ച ഫോട്ടോ ഗ്രാഫര്‍ക്കുള്ള പുരസ്‌കാരവും യുവ കവിക്കുള്ള അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.

രണ്ട് പതിറ്റാണ്ടായി കലാ രംഗത്ത് സജീവമായി നില്‍ക്കുന്ന ഫൈസല്‍ മാപ്പിളപ്പാട്ടിന് പുറമെ ഒപ്പനയും വട്ടപ്പാട്ടും പഠിപ്പിക്കുന്നുണ്ട്. കഴിഞ്ഞ തവണ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഫൈസല്‍ പഠിപ്പിച്ച ഒപ്പനക്കാണ് ഒന്നാം സ്ഥാനം ലഭിച്ചത്. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ പത്തോളം ഒപ്പന ടീമുകളെയാണ് ഫൈസല്‍ കലോത്സവ വേദിയിലെത്തിച്ചത്.