കോടതികളിലും വേണ്ടേ മാധ്യമ സ്വാതന്ത്ര്യം?

Posted on: January 11, 2018 6:05 am | Last updated: January 10, 2018 at 11:35 pm
SHARE

മാധ്യമ സ്വാതന്ത്ര്യത്തിന് നേരെ വിവിധ ഭാഗങ്ങളില്‍ നിന്ന് പടവാള്‍ ഉയര്‍ന്നു കൊണ്ടിരിക്കെ മാധ്യമ മേഖലക്ക് ആശ്വാസമേകുന്നതാണ് ബീഹാറിലെ വിവാദഭൂമി കൈമാറ്റ വാര്‍ത്തയുമായി ബന്ധപ്പെട്ട കേസില്‍ ചൊവ്വാഴ്ച സുപ്രീം കോടതിയില്‍ നിന്നുണ്ടായ വിധി. മാധ്യമങ്ങള്‍ക്കു രാജ്യത്ത് പൂര്‍ണമായ അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യം അനുവദിക്കണമെന്നും അഴിമതി പുറത്തുകൊണ്ടുവരുന്ന റിപ്പോര്‍ട്ടുകളില്‍ ആര്‍ക്കെങ്കിലും ഇതുമായി ബന്ധമുണ്ടെന്ന് പറയുന്നത് അപകീര്‍ത്തിയായി കാണാനാവില്ലെന്നുമാണ് കോടതിയുടെ നിരീക്ഷണം. ഭൂമി കൈമാറ്റം സംബന്ധിച്ചു ഒരു ഹിന്ദി ന്യൂസ് ചാനല്‍ നല്‍കിയ വാര്‍ത്ത തനിക്കും കുടുംബത്തിനും മാനഹാനി വരുത്തുന്നുവെന്നു കാണിച്ചു ബീഹാര്‍ മുന്‍ മന്ത്രിയുടെ മകള്‍ നല്‍കിയ ഹരജിയിലായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി വൈ. ചന്ദ്രചൂഡ്, എ എം ഖാന്‍വില്‍കാര്‍ എന്നിവരടങ്ങിയ ബഞ്ചിന്റെ സുപ്രധാന വിധി പ്രസ്താവം.

മാനനഷ്ടക്കേസുകള്‍ ഭരണഘടനാപരമായി നിലനില്‍ക്കുന്നതാണെങ്കിലും അഴിമതി വാര്‍ത്തകള്‍ അപകീര്‍ത്തിക്കേസില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ല. അഴിമതികള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമസ്വാതന്ത്ര്യത്തിന് തടസ്സമുണ്ടാക്കാന്‍ പാടില്ലെന്ന് ഉണര്‍ത്തിയ കോടതി ജനാധിപത്യ രാജ്യത്ത് സഹിഷ്ണുത കാണിക്കാന്‍ പഠിക്കണമെന്നു പരാതിക്കാരോട് നിര്‍ദേശിക്കുകയും ചെയ്തു.

അഴിമതിക്കെതിരായ പോരാട്ടത്തില്‍ മാധ്യമങ്ങള്‍ മികച്ച പങ്കാണ് വഹിക്കുന്നത്. ലോകത്തെ പല അഴിമതിക്കഥകളും പുറത്തുവരുന്നത് മാധ്യമങ്ങള്‍ വഴിയാണ്. സമൂഹം ഇത്തരം പ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്നുണ്ടെങ്കിലും ഭരണകൂടങ്ങള്‍ അതില്‍ അസ്വസ്ഥരാണ്. അഴിമതി വാര്‍ത്തകള്‍ അവരുടെ ഉറക്കം കെടുത്തുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ അഴിമതിക്കാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് പകരം വാര്‍ത്ത നല്‍കിയ ലേഖകന്മാരെയും പത്രത്തെയും ക്രൂശിക്കാനും പിടിച്ചു കെട്ടാനുമാണ് ബന്ധപ്പെട്ടവര്‍ മുതിരുന്നത്. അമിത്ഷായുടെ പുത്രന്‍ ജയ്ഷായുടെ അഴിമതി വാര്‍ത്ത നല്‍കിയ ദിവയര്‍ പോര്‍ട്ടലിന്റെയും ആധാര്‍ വിവരങ്ങളുടെ ചോര്‍ച്ച സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ച ദ ട്രിബ്യൂണ്‍ പത്രത്തിന്റേതുമടക്കം നിരവധി അനുഭവങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. ജയ്ഷാ കേസില്‍ അഴിമതിക്കഥകളുടെ തുടര്‍വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി അലഹാബാദ് സിവില്‍ കോടതി പ്രതികള്‍ക്ക് കുടപിടിക്കുകയായിരുന്നു. ഇതിനെതിരെ ദിവയര്‍ നല്‍കിയ ഹരജിയില്‍ നിരോധം നീക്കിയെങ്കിലും ‘നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം’ തുടങ്ങിയ പരാമര്‍ശങ്ങള്‍ വാര്‍ത്തയില്‍ കടന്നു വരരുതെന്ന നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

500 രൂപ നല്‍കിയാല്‍ വ്യക്തികളുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്ന സൈബര്‍ കുറ്റവാളികളെക്കുറിച്ചു വിവരം വെളിപ്പെടുത്തിയ ദ ട്രിബ്യൂണ്‍ പത്രത്തിനും ലേഖികക്കുമെതിരെ ഗുരുതരമായ വകുപ്പുകളടങ്ങിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അവരെ പിടിച്ചു കെട്ടാന്‍ ശ്രമിക്കുകയാണ് അധികൃതര്‍. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 419, 420, 468, 471 വകുപ്പുകളും ഐടി നിയമത്തിലെ 66 വകുപ്പും ആധാര്‍ നിയമത്തിലെ 36, 37 വകുപ്പുകളും ചേര്‍ത്തു ആധാര്‍ അതോറിറ്റി (യു ഐ ഡി എ ഐ) ഡെപ്യൂട്ടി ഡയറക്ടറാണ് ഇവര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. സൈബര്‍ ആക്ടിവിസ്റ്റ് എഡ്വേര്‍ഡ് സ്‌നോഡന്‍ അഭിപ്രായപ്പെട്ടത് പോലെ ഭരണഘടന ഉറപ്പ് നല്‍കിയ പൗരന്മാരുടെ സ്വകാര്യതക്ക് ഭീഷണി ഉയര്‍ത്തുന്ന ഒരു കുറ്റകൃത്യം പുറത്തു കൊണ്ടുവന്നതിന് ജേര്‍ണലിസ്റ്റിന് അവാര്‍ഡാണ് യഥാര്‍ഥത്തില്‍ ദ ട്രിബ്യൂണും ലേഖികയും അര്‍ഹിക്കുന്നത്. അല്ലാതെ കൈവിലങ്ങല്ല. മാധ്യമങ്ങള്‍ പൊതുവെ പ്രതിപക്ഷത്തിന്റെ റോളാണ് ജനാധിപത്യ സംവിധാനത്തില്‍ സ്വീകരിക്കാറുള്ളത്. അധികാരിവര്‍ഗം ജനാഭിലാഷങ്ങള്‍ക്കും ജനതാത്പര്യങ്ങള്‍ക്കും എതിരെ നിലകൊള്ളുമ്പോഴും അഴിമതി നടത്തുമ്പോഴും അത് തുറന്നുകാട്ടുകയും അതിനെതിരെ ജനവികാരം ജ്വലിപ്പിക്കുകയും ചെയ്യേണ്ടത് മാധ്യമ ധര്‍മമാണ്. അപ്പോഴാണ് അവ ജനാധിപത്യത്തിന്റെ നാലാം തൂണാകുന്നത്. പരമോന്നത കോടതി ചൂണ്ടിക്കാട്ടിയത് പോലെ അതിനോടെല്ലാം ആരോഗ്യകരമായി പ്രതികരിക്കുകയും സംവദിക്കുകയുമാണ് ജനാധിപത്യ വിശ്വാസികള്‍ ചെയ്യേണ്ടത്. നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിച്ചു മാധ്യമങ്ങളെ ശ്വാസംമുട്ടിച്ചു കൊല്ലരുത്. അതേസമയം, റിപ്പോര്‍ട്ടിംഗിലെ ആവേശത്തില്‍ സംഭവിക്കുന്ന പിഴവുകള്‍ കുറ്റകരമല്ലെന്ന കോടതി പരാമര്‍ശം വ്യക്തികളെ അപകീര്‍ത്തിപ്പെടുത്താനുള്ള അനുമതിയായി കാണാതിരിക്കാന്‍ മാധ്യമങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.

ബീഹാറിലെ അഴിമതിക്കേസില്‍ സുപ്രീം കോടതി മാധ്യമ സ്വാതന്ത്ര്യത്തിന്റെ അനിവാര്യത ഊന്നിപ്പറയവേ തന്നെ ചില അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുണ്ടായ ഭിന്നതയെ തുടര്‍ന്ന് കേരളത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയാണെന്നത് വിരോധാഭാസമാണ്. ഇത് അഭിലഷണീയമല്ലെന്നു എല്ലാവരും സമ്മതിക്കുന്നു. വിഷയം ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയുമെല്ലാം പരിഗണനക്ക് വരികയും ചെയ്തു. എന്നിട്ടും ഒരു വര്‍ഷമായി കോടതിയുടെ വാതിലുകള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ അടഞ്ഞു കിടക്കുകയാണ്. തുറന്ന കോടതികളില്‍ നടക്കുന്ന കേസുകളുടെ വിവരങ്ങളുടെ റിപ്പോര്‍ട്ടിംഗിന് പോലും അവരെ അനുവദിക്കുന്നില്ല. ഗൗരവതരമായ പല കാര്യങ്ങളും തമസ്‌കരിക്കപ്പെടുന്നുവെന്നതാണ് ഇതിന്റെ അനന്തര ഫലം. ഇക്കാര്യത്തിന് കോടതി അടിയന്തര പരിഹാരം കാണേണ്ടതാണ്.