Connect with us

Articles

എങ്ങനെയാണ് കോണ്‍ഗ്രസ് സംഘ്പരിവാറിനെ പ്രതിരോധിക്കുക?

Published

|

Last Updated

രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായി ഫാസിസം വളര്‍ന്നുകഴിഞ്ഞ സാഹചര്യത്തില്‍ ഇതിനെ പ്രതിരോധിക്കാനും, രാജ്യത്തിന്റെ അഖണ്ഡതയും മതേതരത്വവും നിലനിര്‍ത്താനുമുള്ള പ്രധാന ബാധ്യത രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ്. എന്നാല്‍, രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായ കോണ്‍ഗ്രസിന് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ വിശ്വാസ്യത നഷ്ടപ്പെടുന്ന ദയനീയ കാഴ്ചയാണ് കാണുന്നത്. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് കോണ്‍ഗ്രസിന് നേതൃത്വം നല്‍കാനാവില്ലെന്ന് രാജ്യത്തെ ഇടതുമതേതര ചേരിയിലെ പാര്‍ട്ടികള്‍ പറയുന്നത് രാഷ്ട്രീയമായാണെങ്കിലും ഇത് ശരിവെക്കുന്ന വര്‍ത്തമാനങ്ങളാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. ഇടതുപക്ഷത്തിന്റെ എതിര്‍പ്പിന് കോണ്‍ഗ്രസിന്റെ സാമ്പത്തിക നയങ്ങളും ഒരു പരിധിവരെ കാരണമാണെങ്കിലും പ്രധാന വിഷയം പലയിടത്തും ഫാസിസത്തോട് സമരസപ്പെട്ടുപോകുന്ന കോണ്‍ഗ്രസിന്റെ ഇന്നത്തെ സ്ഥിതി തന്നെയാണ്.

രാജ്യത്തിന്റെ പൈതൃകത്തെയും ജനാധിപത്യമൂല്യങ്ങളെയും രാഷ്ട്രീയ സദാചാരത്തെയും ചവിട്ട് മെതിച്ച് ഫാസിസം സംഹാര താണ്ഡവമാടുമ്പോള്‍ ഇതിനെ പ്രതിരോധിക്കാനാവാതെ പകച്ചുനില്‍ക്കുന്ന കോണ്‍ഗ്രസിന് സ്വന്തം പാര്‍ട്ടിയെ പോലും പിടിച്ചുനിര്‍ത്താനാവാത്ത സ്ഥിതിയാണുള്ളത്. 2016ല്‍ അരുണാചല്‍ പ്രദേശില്‍ തുടങ്ങി 2018ല്‍ നാഗാലാന്‍ഡില്‍ എത്തിനില്‍ക്കുന്ന പാര്‍ട്ടി എം എല്‍ എമാരുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ ഒരു നടപടിയും കോണ്‍ഗ്രസ് സ്വീകരിച്ചതായി ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടില്ല. അരുണാചല്‍ പ്രദേശിന് പിറകെ ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗുജറാത്ത്, ത്രിപുര ഇങ്ങനെ ബി ജെ പിയിലേക്ക് ചേക്കേറുന്ന എം എല്‍ എമാരുടെയും സംസ്ഥാനങ്ങളുടെയും പട്ടിക നീളുമ്പോള്‍ സമാന്തരമായി നേതാക്കളുടെ എണ്ണവും കൂടുകയാണ്. യു പി കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന റീത്ത ബഹുഗുണ ജോഷി മുതല്‍ കര്‍ണാടക മുന്‍ മഖ്യമന്ത്രി എസ് എം കൃഷ്ണ വരെ ബി ജെ പി പാളയത്തിലെത്തി നില്‍ക്കുന്നത് ഇതിന്റെ ഉദാഹരണമാണ്.
ഇക്കൂട്ടത്തില്‍ യു പിയിലെ കോണ്‍ഗ്രിന്റെ അവസാന മുഖ്യമന്ത്രിയായിരുന്ന ജഗതാംബിക പാലും റാവു ബീരേന്ദര്‍ സിംഗും നിലവില്‍ പാര്‍ലിമെന്റില്‍ ബി ജെ പിയെ പ്രതിനിധീകരിക്കുകയാണ്. മണിപ്പൂരിലെ ബി ജെ പി മുഖ്യമന്ത്രിയായ ബിരേന്‍ സിംഗും നേരത്തെ കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ മുതിര്‍ന്ന മന്ത്രിമാരില്‍ പ്രമുഖനായിരുന്നുവെന്ന യാഥാര്‍ഥ്യം വിസ്മരിക്കാനാവില്ല. ജനാധിപത്യവും ഫാസിസ്റ്റ് വിരുദ്ധതയും പ്രചാരണായുധമാക്കി ജനവിധി നേടിയ കോണ്‍ഗ്രസിന്റെ അംഗങ്ങളും നേതാക്കളും ദിനംപ്രതി സംഘ്പരിവാര്‍ കൂടാരത്തിലേക്ക് ചേക്കേറുമ്പോള്‍ ഇത് തടഞ്ഞു നിര്‍ത്താന്‍ പോലും കഴിയാത്ത കോണ്‍ഗ്രസ് ഇതിനെ തൃണവല്‍ഗണിച്ച് നയിക്കുന്ന ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ ജനങ്ങള്‍ എങ്ങനെ വിശ്വസമര്‍പ്പിക്കാനാണ്? അതേസമയം കോണ്‍ഗ്രസില്ലാത്ത ഫാസിസ്റ്റ് വിരുദ്ധമുന്നണി അപൂര്‍ണമാണെന്ന വസ്തുത നിലവിലുണ്ട്. എങ്കിലും രാജ്യത്തെ ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കാന്‍ കോണ്‍ഗ്രസിനായിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷണത്തിനും ഫാസിസത്തിന്റെ തേര്‍വാഴ്ചക്കുമെതിരെ തങ്ങള്‍ നല്‍കുന്ന വോട്ട് ആ സര്‍ക്കാറിന്റെ സമയ പരിധി വരെയെങ്കിലും അങ്ങനെ തന്നെ നിലനിര്‍ത്താന്‍ കഴിയുമെന്ന ഒരുറപ്പും രാജ്യത്തെ ജനതക്ക് നല്‍കാന്‍ കോണ്‍ഗ്രസിന് കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.
ഇതിന്റെ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത് ആശയത്തിനും ആദര്‍ശത്തിനും മേല്‍ പാര്‍ലിമെന്ററി രാഷ്ട്രീയം മേല്‍കൈ സ്ഥാപിച്ച വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ രീതി ശാസ്ത്രം തന്നെയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്തുകൊണ്ടെന്നാല്‍, ഇത്തരം കാലുമാറ്റങ്ങള്‍ക്ക് പിന്നിലെ കാരണം പരിശോധിച്ചാല്‍ ഇതിന് പിന്നിലെ പാര്‍ലിമെന്ററി താത്പര്യങ്ങള്‍ വ്യക്തമാകും. പാര്‍ലിമെന്ററി പദവികള്‍ക്ക് മീതെ ആദര്‍ശത്തിനും നിലപാടുകള്‍ക്കും സ്ഥാനം പിടിക്കാനാകാത്ത സാഹചര്യം നിലനില്‍ക്കുന്ന കാലത്തോളം ഫാസിസത്തിന്റെ വാഗ്ദാനങ്ങള്‍ക്ക് മുന്നില്‍ ഈ “പോരാളികള്‍” കടപുഴകി വീഴുമെന്ന കാര്യത്തില്‍ സംശയമില്ല. ഇതാണ് അരുണാചല്‍ പ്രദേശ് മുതല്‍ ഗുജറാത്ത് വരെയുള്ള സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് അംഗങ്ങളുടെ ബി ജെ പിയിലേക്കുള്ള കൊഴിഞ്ഞുപോക്ക് വ്യക്തമാക്കുന്നത്. ബി ജെ പിയും ഫാസിസവുമാണ് തങ്ങളുടെ മുഖ്യശത്രുവെന്ന് ആണയിടുമ്പോഴും കോണ്‍ഗ്രസിന്റെ വിജയങ്ങളും മുന്നേറ്റങ്ങളും ബി ജെ പിയെ അലോസരപ്പെടുത്തുന്നില്ലെന്നാണ് വര്‍ത്തമാന കാല സമീപനങ്ങള്‍ തെളിയിക്കുന്നത്. കാരണം കോണ്‍ഗ്രസിലെ ജനപ്രതിനിധികള്‍ തങ്ങള്‍ക്ക് വളരെ പെട്ടെന്ന് മാറ്റാന്‍ പറ്റുന്നവയാണെന്ന ബി ജെ പിയുടെ ഉറച്ച ആത്മവിശ്വാസമാണ്.

ബി ജെ പി ഇതിന് തുടക്കമിട്ടത് അരുണാചല്‍ പ്രദേശില്‍ നിന്നാണ്. 2016 ഡിസംബറില്‍ നിയമസഭാ സ്പീക്കര്‍ നബാം റേബിയ അയോഗ്യരാക്കിയ 14 കോണ്‍ഗ്രസ് വിമതര്‍ ബി ജെ പിക്കൊപ്പം ചേര്‍ന്നു സ്പീക്കറെ പുറത്താക്കിയ നടപടി ഗവര്‍ണര്‍ അംഗീകരിച്ചതോടെയാണ് ജനപ്രതിനി
ധികളെ വിലക്കുവാങ്ങുന്ന തെറ്റായ രാഷ്ട്രീയ പ്രവണതക്ക് അരുണാചലില്‍ ബി ജെ പി തുടക്കമിട്ടത്. 21 കോണ്‍ഗ്രസ് എം എല്‍ എമാരാണ് ഇവിടെ ബി ജെ പിക്കൊപ്പം ചേര്‍ന്ന് സ്പീക്കര്‍ ബാം റെബിയയെ ഇംപീച്ച് ചെയ്തത്. പ്രതിപക്ഷമായ ബി ജെ പിക്കൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസിലെ വിമത എം എല്‍ എമാര്‍ അവിശ്വാസ പ്രമേയം പാസ്സാക്കിയാണ് കോണ്‍ഗ്രസിന്റെ നബാം തുക്കി സര്‍ക്കാറിനെ പുറത്താക്കിയത്. പിന്നീട് ഇവര്‍ ചേര്‍ന്ന് വിമത കോണ്‍ഗ്രസ് എം എല്‍ എയെ മുഖ്യമന്ത്രിയാക്കി സമാന്തര സര്‍ക്കാര്‍ രൂപവത്കരിക്കുകയായിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ നിര്‍ണായക തീരുമാനം. ഇതുള്‍പ്പെടെ രണ്ടാംതവണയാണ് അരുണാചല്‍ പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള നീക്കം നടന്നത്. നേരത്തെ 1979 നവംബര്‍ മൂന്നിന് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയിരുന്ന അരുണാചല്‍ പ്രദേശില്‍ പിന്നീട് 76 ദിവസത്തിനു ശേഷം ജനുവരി 18നാണ് പിന്‍വലിച്ചത്.
അരുണാചല്‍ പ്രദേശിന് പിന്നാലെ ഉത്തരാഖണ്ഡിലും സവിശേഷമായ രാഷ്ട്രീയ സാഹചര്യം മുതലെടുത്ത് ബി ജെ പി കുതിരക്കച്ചവടത്തിലൂടെ സര്‍ക്കാറിനെ അട്ടിമറിച്ചപ്പോഴും കോണ്‍ഗ്രസ് നേതൃത്വം അന്തംവിട്ട് നോക്കി നില്‍ക്കുകയായിരുന്നു. പാര്‍ലിമെന്ററി നേട്ടങ്ങള്‍ക്ക് പാര്‍ട്ടിയേക്കാളും ആദര്‍ശത്തേക്കാളും പാര്‍ട്ടി നേതൃത്വം പ്രാധാന്യം നല്‍കിയപ്പോള്‍ പാര്‍ലിമെന്ററി മോഹങ്ങള്‍ അതിരു കവിഞ്ഞ അണികളും നേതാക്കളും ബി ജെ പിയുടെ ഇത്തരം വാഗ്ദാനങ്ങള്‍ക്ക് പിന്നാലെ പോകുകയായിരുന്നു. എന്നാല്‍, ഈ അപചയം തിരിച്ചറിയാനോ പ്രതിരോധിക്കാനോ കഴിയാതെ വന്നതോടെ ഇത് പതിവ് സംഭവമായി മാറി. തുടര്‍ന്നങ്ങോട്ട് ആ കാലുമാറ്റ പ്രതിഭാസം ഗുജറാത്ത്, ത്രിപുര അങ്ങനെ നീണ്ട് നീണ്ട് ഇപ്പോള്‍ നാഗാലാന്‍ഡിലെത്തിനില്‍ക്കുകയാണ്.

ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസില്‍ നിന്ന് ഒമ്പത് എം എല്‍ എമാരെ അടര്‍ത്തിയെടുത്താണ് ഭരണം പിടിച്ചത്. ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിച്ച് കോണ്‍ഗ്രസ് വിമതരുടെ സഹായത്തോടെ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള കരുനീക്കങ്ങളാണ് ബി ജെ പി ആദ്യഘട്ടത്തില്‍ നടത്തിയത്. അന്ന് 70 അംഗ സഭയില്‍ 36 എം എല്‍ എമാരുടെയും, ഒപ്പം പുറമെ പുരോഗമന ജനാധിപത്യ മുന്നണിയിലെ ആറ് അംഗങ്ങളുടെയും പിന്തുണയോടെയായിരുന്നു ഹരീഷ് റാവത്ത് ഭരിച്ചിരുന്നത്. തുടര്‍ന്ന് ഗുജറാത്തിലും സമാനമായ നാടകങ്ങള്‍ അരങ്ങേറി. പാര്‍ട്ടി അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറിയും ഗുജറാത്തിലെ മുതിര്‍ന്ന നേതാവുമായിരുന്ന അഹ്മദ് പട്ടേലിന്റെ രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഗുജറാത്തില്‍ കാലുമാറ്റ രാഷ്ട്രീയം കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയത്. നിലവിലുണ്ടായിരുന്ന എം എല്‍ എമാരുടെ എണ്ണമനുസരിച്ച് അഹ്മദ് പട്ടേലിന് അനായാസമായി ജയിച്ചുകയറാമെന്നായിട്ടും വളരെ പ്രയാസപ്പെട്ടാണ് ജയിച്ചുകയറാനായതെന്ന യാഥാര്‍ഥ്യം കോണ്‍ഗ്രസ് നേതൃത്വത്തെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. ഗുജറാത്തിലെ തങ്ങളുടെ എം എല്‍ എമാരെ കര്‍ണാടകയിലെ റിസോര്‍ട്ടില്‍ കൊണ്ടുവന്ന് ഒളിപ്പിച്ചതും പിന്നീട് ഇവരില്‍ നിന്ന് തന്നെ രണ്ടുപേര്‍ ബി ജെ പിയെ പിന്തുണച്ചതും ഓര്‍ക്കുക. കോണ്‍ഗ്രസിന്റെ സംഘടനാ ദൗര്‍ബല്യം പ്രകടമാക്കുന്നതാണ് ഇത്.
ഇതിന് പിന്നാലെയാണ് നാഗാലാന്‍ഡിലും കോണ്‍ഗ്രസ് എം എല്‍ എമാരുടെ കൊഴിഞ്ഞുപോക്ക് വാര്‍ത്ത പുറത്തുവരുന്നത്. ഒരു ഭാഗത്ത് ഫാസിസത്തിനെതിരെ അങ്കം കുറിക്കുമ്പോള്‍ തന്നെ മറുഭാഗത്ത് പാളയത്തില്‍ നിന്ന് പടയാളികള്‍ ചോര്‍ന്ന് പോകുന്നത് തടയാന്‍ കഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല, ഇത് ഗൗരവതരത്തില്‍ എടുത്തിട്ടുപോലുമില്ലെന്നത് കോണ്‍ഗ്രസിന്റെ ഭാവിയില്‍ ഏറെ ആശങ്കയുളവാക്കുന്നതാണ്. ഇതാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഫാസിസത്തെ നേരിടാനുളള നീക്കങ്ങളുടെ വിജയത്തില്‍ മതേതര ജനങ്ങള്‍ ആശങ്കപ്പെടുന്നതും.

 

 

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest