അറബ് വസന്തത്തിന് ആറാണ്ട്: പ്രക്ഷോഭം പടരുന്നു; സംഘര്‍ഷഭരിതമായി ടുണീഷ്യ

Posted on: January 11, 2018 8:22 am | Last updated: January 10, 2018 at 11:23 pm
SHARE

ടുണിസ്: ഏറെ കൊട്ടിഘോഷിക്കപ്പെട്ട മുല്ലപ്പൂ വിപ്ലവം ആറാം വര്‍ഷത്തിലേക്ക് പ്രവേശിക്കവെ, വിപ്ലവങ്ങള്‍ക്ക് തുടക്കം കുറിച്ച ടുണീഷ്യയില്‍ സ്ഥിതിഗതികള്‍ വഷളാകുന്നു. 2012 ജനുവരി 14ന് രാജ്യത്തിന്റെ ഭരണാധികാരി സൈനുല്‍ ആബിദീന്‍ ബിന്‍ അലിയെ പുറത്താക്കിയായിരുന്നു അറബ് വസന്തം തുടക്കം കുറിച്ചത്. എന്നാല്‍ ഇതിന് ശേഷം ടുണീഷ്യന്‍ ജനത വിലക്കയറ്റം ഉള്‍പ്പെടെ നിരവധി പ്രതിസന്ധികളില്‍ മുങ്ങിപ്പോയിരുന്നു. ഈ മാസം ജനുവരിയില്‍ വിപ്ലവത്തിന് ആറ് വര്‍ഷം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ നിരവധി പേര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുകയാണ്. നിരവധി പേര്‍ പോലീസുമായി ഏറ്റുമുട്ടുകയും റോഡുകള്‍ ടയറുകള്‍ കത്തിച്ച് തടസ്സപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം പ്രതിഷേധക്കാരുമായി നടന്ന ഏറ്റുമുട്ടലില്‍ എട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റതായി ടുണീഷ്യന്‍ വാര്‍ത്താ ഏജന്‍സി ടി എ പി റിപ്പോര്‍ട്ട് ചെയ്തു. ആറ് സര്‍ക്കാര്‍ വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ 23 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

നബ്യൂല്‍ നഗരത്തിലും കെലീബിയ നഗരത്തിലും സംഘര്‍ഷം പടരുകയാണ്. കെലീബിയില്‍ മുന്നൂറിലധികം പേര്‍ പോലീസുമായി ഏറ്റുമുട്ടി. ചിലര്‍ ഷോപ്പുകള്‍ കൊള്ളയടിക്കുകയും ചെയ്തു. അടിസ്ഥാന ഭക്ഷണ സാധനങ്ങളുടെ വില അടിയന്തരമായി കുറക്കാന്‍ സര്‍ക്കാര്‍ ഇനിയും പരാജയപ്പെട്ടാല്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്തെത്തുമെന്ന് പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗഫ്‌സ, തബൗര്‍ബ നഗരങ്ങളിലും പ്രക്ഷോഭകാരികള്‍ രംഗത്തെത്തിയിട്ടുണ്ട്.
ഈ മാസം ഒന്നിന് എണ്ണവില വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ടുണീഷ്യയിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടി പോപ്പുലര്‍ ഫ്രണ്ട് പ്രതിഷേധ പരിപാടികള്‍ക്ക് ആഹ്വാനം ചെയ്തിരുന്നു. വരും നാളുകളില്‍ വിപ്ലവാനന്തരം അധികാരത്തിലേറിയ ടുണീഷ്യന്‍ സര്‍ക്കാറിനെതിരെ കൂടുതല്‍ പ്രക്ഷോഭ പരിപാടികള്‍ അരങ്ങേറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുല്ലപ്പൂ വസന്തമെന്ന പേരില്‍ അറിയപ്പെട്ട അറബ് വസന്തം ടുണീഷ്യ ഉള്‍പ്പെടെയുള്ള നിരവധി അറബ് രാജ്യങ്ങളില്‍ വ്യാപകമായ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അറബ് വസന്തത്തിന്റെ ഭാഗമായി പ്രക്ഷോഭങ്ങളും ഭരണമാറ്റങ്ങളും അരങ്ങേറിയ നിരവധി രാജ്യങ്ങള്‍ ഇപ്പോഴും അതിന്റെ ആഘാതങ്ങളില്‍ നിന്ന് മോചിതമായിട്ടില്ല. ടുണീഷ്യയെ കൂടാതെ ഈജിപ്ത്, ലിബിയ, യെമന്‍, സിറിയ, അള്‍ജീരിയ, ഇറാഖ്, ജോര്‍ദാന്‍, ലബനാന്‍ തുടങ്ങിയ രാജ്യങ്ങളിലും വിപ്ലവം അരങ്ങേറിയിരുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here