Connect with us

Sports

ഹര്‍ദികാണ് ആള്‍ റൗണ്ടര്‍ !

Published

|

Last Updated

കേപ്ടൗണ്‍: ഇന്ത്യന്‍ ക്രിക്കറ്റിന് വലിയ മുതല്‍ക്കൂട്ടാണ് ആള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെന്ന് ദക്ഷിണാഫ്രിക്കയുടെ മുന്‍ സൂപ്പര്‍ ആള്‍ റൗണ്ടര്‍ ലാന്‍സ് ക്ലൂസ്‌നര്‍.
കേപ്ടൗണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ പാണ്ഡ്യ 93 റണ്‍സും രണ്ട് വിക്കറ്റും വീഴ്ത്തി ആള്‍ റൗണ്ടര്‍ വിശേഷണത്തോട് നീതി പുലര്‍ത്തിയിരുന്നു.
ഒന്നാം ഇന്നിംഗ്‌സില്‍ ഹര്‍ദികിന്റെ ബാറ്റിംഗ് മികച്ചതായിരുന്നു. മെച്ചപ്പെട്ടു വരുന്ന കളിക്കാരനാണ് അയാള്‍. കണിശതയും വേഗതയുമുള്ള ബൗളിംഗ് ഹര്‍ദിക്കിനെ മികച്ച ആള്‍ റൗണ്ടറാക്കി മാറ്റുന്നു. വളരെ കുറഞ്ഞ കാലത്തിനുള്ളില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ വ്യക്തിമുദ്ര പതിപ്പിക്കാന്‍ സാധിച്ച താരമാണ് ഹര്‍ദിക് പാണ്ഡ്യയെന്നും ക്ലൂസ്‌നര്‍ പറഞ്ഞു.
മികച്ച സഹതാരങ്ങള്‍ പാണ്ഡ്യക്ക് ചുറ്റിലുമുണ്ട്. ഇത് വളരെ പ്രധാനമാണ്. ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സിലായാലും ഇന്ത്യന്‍ ടീമിലായാലും മികച്ച കളി സംഘത്തോടൊപ്പമാണ് പാണ്ഡ്യ കളിക്കുന്നത്. പരമ്പരയുടെ തുടക്കത്തില്‍ തന്നെ തോറ്റത് ഇന്ത്യക്ക് ഗുണം ചെയ്യുമെന്നാണ് ക്ലീസ്‌നറുടെ നിരീക്ഷണം.

ദക്ഷിണാഫ്രിക്കയിലെ പിച്ചില്‍ ആവര്‍ത്തിക്കാന്‍ പാടില്ലാത്ത പിഴവുകള്‍ എന്തെല്ലാം എന്നത് സംബന്ധിച്ച ധാരണ സന്ദര്‍ശക ടീമിന് ലഭിച്ചിട്ടുണ്ടാകും. പിഴവുകള്‍ തിരുത്തിയാല്‍ ഇന്ത്യക്ക് തിരിച്ചുവരാനാകും.
എന്നാല്‍, നാല് പേസര്‍മാരുമായി കളിക്കുന്ന ദക്ഷിണാഫ്രിക്ക നല്‍കുന്ന സൂചന ഇന്ത്യ മനസിലാക്കേണ്ടിയിരുന്നുവെന്നും ക്ലൂസ്‌നര്‍ ചൂണ്ടിക്കാട്ടി.
ദക്ഷിണാഫ്രിക്കയില്‍ നിന്ന് 1-1ന് പരമ്പര സമനിലയാക്കിയാല്‍ പോലും ഇന്ത്യയുടെ വിജയമായി കാണാം. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ പതിനെട്ട് ടെസ്റ്റില്‍ ആകെ രണ്ട് ജയം മാത്രമാണ് ഇന്ത്യക്കുള്ളത്. അതുകൊണ്ടു തന്നെ ഇവിടെ നിന്ന് പരമ്പര ജയിക്കാന്‍ ഇന്ത്യക്ക് സാധിക്കില്ലെന്ന് ക്ലൂസ്‌നര്‍ വിലയിരുത്തുന്നു.

 

Latest