Connect with us

Thrissur

കലോത്സവത്തില്‍ മത്സരങ്ങളല്ല; ഉത്സവങ്ങളാണ് വേണ്ടത്: ശോഭാ കോശി

Published

|

Last Updated

തൃശൂര്‍: സ്‌കൂള്‍ കലോത്സവങ്ങളില്‍ കലാമത്സരങ്ങളല്ല, കലാ ഉത്സവങ്ങളാണ് നടക്കേണ്ടതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അധ്യക്ഷ ജസ്റ്റിസ് ശോഭാ കോശി. പരിഷ്‌ക്കരിച്ച മാന്വലില്‍ ഇത്തവണ നടന്ന കലോത്സവത്തെക്കുറിച്ച് സിറാജിനോട് പ്രതികരിക്കുകയായിരുന്നു ജസ്റ്റിസ് ശോഭാ കോശി. പ്രൈസ് മണി നല്‍കുന്നത് നിര്‍ത്തണമെന്നും ഗ്രേസ് മാര്‍ക്ക് എടുത്ത് കളയുന്നതുള്‍പ്പെടെയുള്ള ബാലാവകാശ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കേണ്ടതുണ്ടെന്നും ശോഭാ കോശി പറഞ്ഞു.

കലോത്സവ മാന്വല്‍ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് 2015 മുതല്‍ ബാലാവകാശ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി വരികാണ്. കലോത്സവ നടത്തിപ്പിലെ അപാകതകളും തെറ്റായ നയസമീപനങ്ങളും മൂലം ബാലാവകാശങ്ങളുടെ ലംഘനം നടക്കുന്നതായും ഇത് ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നതായും കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ബാലാവകാശ സംരക്ഷണ നിയമത്തിലെ 15-ാം വകുപ്പ് പ്രകാരം കമ്മീഷന്റെ ഇടപെടല്‍. കലോത്സവ നടത്തിപ്പിലെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ട് ശിശു സൗഹൃദമായ അന്തരീക്ഷത്തിലൂടെ കലോത്സവം മുന്നോട്ട് കൊണ്ട് പോകാന്‍ നിലവിലെ മാന്വലില്‍ അടിയന്തര പരിഷ്‌ക്കരണം കൊണ്ട് വരണമെന്നാണ് ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നത്.
കലോത്സവത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക് പ്രൈസ് മണി നല്‍കുന്ന സമ്പ്രദായം അനാരോഗ്യകരമായ പ്രവണതകള്‍ക്ക് വഴിവെക്കുന്നതായാണ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. എ, ബി, സി ഗ്രേഡുകള്‍ ലഭിക്കുന്നവര്‍ക്ക് 30,24,18 എന്നിങ്ങനെ ഗ്രേസ് മാര്‍ക്ക് നല്‍കി തുടങ്ങിയതോടെ ഈ അനാരോഗ്യ പ്രവണത ശക്തിപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിധി കര്‍ത്താക്കളെ തിരഞ്ഞെടുക്കുന്നതിനും അപ്പീല്‍ അധികാരികളെ നിശ്ചയിക്കുന്നതിനും ജില്ലാതല ഉദ്യോഗസ്ഥന്മാരായ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും, അസി. എജ്യൂക്കേഷനല്‍ ഓഫീസര്‍മാര്‍ക്കും നല്‍കരുത്. കലോത്സവത്തിന് ഫണ്ട് വിദ്യാര്‍ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും പിരിക്കുന്നത് ഒഴിവാക്കി സര്‍ക്കാര്‍ ഫണ്ട് അനുവദിക്കണം. എന്നിങഅങനെയുള്ള നിര്‍ദേശങ്ങള്‍ 100 പേജുകളിലായി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.
2015 നവംബറില്‍ യു ഡി എഫ് സര്‍ക്കാര്‍ കാലത്തും കഴിഞ്ഞ വര്‍ഷം എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴുമായി സര്‍ക്കാറിനും പൊതു വിദ്യാഭ്യാസ വകുപ്പിനും കമ്മീഷന്‍ മൂന്ന് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിരുന്നു. സര്‍ക്കാര്‍ ഇതുവരെ ബാലവകാശ കമ്മീഷന് മറുപടി നല്‍കുകയോ, മാന്വല്‍ പരിഷ്‌ക്കരണ കമ്മിറ്റി ഇതുമായി കമ്മീഷനെ കേള്‍ക്കുകയോ ചെയ്തിട്ടില്ലെന്നും സര്‍ക്കാറിന് വീണ്ടും നോട്ടീസ് നല്‍കുമെന്നും കമ്മീഷന്‍ അധ്യക്ഷ ശോഭാ കോശി സിറാജിനോട് പറഞ്ഞു.

 

 

---- facebook comment plugin here -----

Latest