Connect with us

Gulf

മര്‍ദനമേറ്റ സ്‌കൂള്‍ ഡയറക്ടര്‍ക്ക് ആശ്വാസവുമായി പ്രധാനമന്ത്രി

Published

|

Last Updated

ചികിത്സയില്‍ കഴിയുന്ന സ്‌കൂള്‍ ഡയറക്ടറെ പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നു

ദോഹ: വിദ്യാര്‍ഥിയും ബന്ധുവും ചേര്‍ന്ന് മര്‍ദച്ച് പരുക്കേല്‍പ്പിച്ച സ്‌കൂള്‍ ഡയറക്ടറെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി സന്ദര്‍ശിച്ചു. ഉമര്‍ ബിന്‍ ഖതാബ് സെക്കന്‍ഡറി സ്‌കൂള്‍ ഫോര്‍ ബോയ്സിലെ ഡയറക്ടര്‍ ഹസന്‍ അര്‍ജാന്‍ അല്‍ ബുഐനൈനെയും മറ്റൊരു ഉദ്യോഗസ്ഥനെയുമാണ് ഞായറാഴ്ച രാവിലെ വിദ്യാര്‍ഥിയും കുട്ടിയുടെ കുടുംബത്തിലെ ഒരംഗവും ചേര്‍ന്ന് മര്‍ദിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഡയറക്ടറെ പ്രധാനമന്ത്രി സന്ദര്‍ശിക്കുന്ന ചിത്രം വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ വാഹിദ് അല്‍ഹമ്മാദി ട്വീറ്റ് ചെയ്യുകയായിരുന്നു.

വിദ്യാഭ്യാസമേഖലയിലെ ജീവനക്കാരുടെ കാര്യത്തില്‍ പ്രധാനമന്ത്രി സ്വീകരിക്കുന്ന പ്രത്യേക താല്‍പര്യത്തിന് നന്ദിയുണ്ടെന്നും ഹസന്‍ അല്‍ ബുഐനൈനും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനും വേഗം സുഖംപ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നതായും മന്ത്രി ട്വിറ്ററില്‍ കുറിച്ചു. വിദ്യര്‍ഥിയും ബന്ധുവും സ്‌കൂള്‍ ഡയറക്ടറെ മര്‍ദിച്ച സംഭവത്തെ വിദ്യാഭ്യാസ മന്ത്രാലയം അപലപിച്ചു രംഗത്തു വന്നിരുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. വിദ്യാര്‍ഥിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്തിരുന്നു.
പരീക്ഷയില്‍ ലംഘനങ്ങളുണ്ടാകാതിരിക്കാന്‍ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ ഇന്‍വിജിലേറ്റര്‍ എന്ന നിലയില്‍ തന്റെ ഉത്തരവാദിത്വം നിറവേറ്റുകയാണ് സ്‌കൂള്‍ ഡയറക്ടര്‍ ചെയ്തതെന്ന് വിദ്യാഭ്യാസമന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. പരീക്ഷക്കിടെ കബളിപ്പിക്കല്‍ നടത്തിയതിന് സ്‌കൂള്‍ വിദ്യാര്‍ഥിയെ പിടികൂടുകയും പരീക്ഷയെഴുതുന്നതില്‍ നിന്നും വിലക്കുകയുമായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ പ്രകോപിതനായാണ് വിദ്യാര്‍ഥിയും ബന്ധുവും ചേര്‍ന്ന് ആക്രമണം നടത്തിയത്

Latest