Connect with us

Gulf

മൂത്രക്കല്ല് ചികിത്സക്കു മാത്രമായി വക്‌റയില്‍ പ്രത്യേക ആശുപത്രി

Published

|

Last Updated

ദോഹ: മൂത്രക്കല്ല് ചികിത്സക്കായി പ്രത്യേക ആശുപത്രി മിഡില്‍ ഈസ്റ്റില്‍ ആദ്യമായി ഖത്വറില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. വക്‌റ ആശുപത്രിയുടെ ഭാഗമായാണ് പ്രത്യേക ചികിത്സാ കേന്ദ്രം കേന്ദ്രം പ്രവര്‍ത്തിക്കുകയെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ (എച്ച് എം സി) അറിയിച്ചു. മൂത്രക്കല്ല് രോഗവും അനുബന്ധമായ പ്രയാസങ്ങളും കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും അത്യാധുനിക സൗകര്യങ്ങളോടെയാണ് ആശുപത്രി പ്രവര്‍ത്തിക്കുക.

മൂത്രത്തിലെ കല്ലുകള്‍ രൂപപ്പെടുന്നത് വൃക്കകളിലാണ്. കല്ല് സ്ഥിതി ചെയ്യുന്നതിനുസരിച്ച് അവയെ കിഡ്‌നിയിലെ കല്ല്, മൂത്രത്തിലെ കല്ല്, മൂത്രസഞ്ചിയിലെ കല്ല് തുടങ്ങിയ പേരുകളില്‍ വിളിക്കുന്നു. ഓരോ വര്‍ഷവും നൂറു കണക്കിനാളുകളാണ് മൂത്രത്തില്‍ കല്ല് ബാധിച്ച് ആശുപത്രികളില്‍ ചികിത്സ തേടുന്നത്. മൂത്ര തടസവും അസഹ്യമായ വേദനയുമാണ് കല്ല് മൂത്രസഞ്ചിയിലേക്ക് ഇറങ്ങിയാല്‍ ഉണ്ടാവുക. രോഗികള്‍ക്ക് വിദഗ്ധവും വേഗത്തിലുള്ളതുമായി ചികിത്സ ലഭ്യമാക്കുന്നതിനാണ് പ്രത്യേക ആശുപത്രി തുടങ്ങുന്നതെന്ന് അധികൃതര്‍ പറഞ്ഞു. മൂത്രസംബന്ധമായ പ്രശ്‌നങ്ങളില്‍ മികച്ച ചിക്തസ നല്‍കാവുന്ന ആധുനിക സംവിധാനങ്ങളോടെയാണ് ചികിത്സാ കേന്ദ്രം തുറന്നിരിക്കുന്നതെന്ന് വക്‌റ ആശുപത്രി ചെയര്‍മാനും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. അഹ്മദ് ശംസുദീനി പറഞ്ഞു.
യൂറോളജി വിഭാഗത്തില്‍ നടക്കുന്ന ശസ്ത്രക്രിയകളില്‍ 70 ശതമാനവും മൂത്രക്കല്ലുമായി ബന്ധപ്പെട്ട കേസുകളിലാണ്. പുതിയ കേന്ദ്രം തുടങ്ങുന്നതോടെ ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിലെയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെയും തിരക്കും സാഹസവും കുറക്കാനാകും. രോഗികള്‍ക്ക് സംയോജിതമായ ചികിത്സാ പദ്ധതിയാണ് പുതിയ കേന്ദ്രം വാഗ്ദാനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രത്തില്‍ നൂതന സാങ്കേതിവിദ്യകള്‍ ഉപയോഗിക്കുന്നതില്‍ വിദഗ്ധ പരിശീലനം സിദ്ധിച്ച മെഡിക്കല്‍ ജീവനക്കാരെയാണ് നിയോഗിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുപോലെ ചികിത്സ നല്‍കാവുന്ന സംവിധാനമാണ് തയാറാക്കിയിട്ടുള്ളത്.

റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിച്ച് ചെറിയ കല്ലുകളെപ്പോലും കണ്ടെത്താനുള്ള സൗകര്യം കേന്ദ്രത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. സുരക്ഷിതവും സംയോജിതവുമായ റോബോട്ടിക് സംവിധാനമാണ് സജ്ജമാക്കിയിരിക്കുന്നതെന്നും ഏതാനും രോഗികളെ പരിശോധനക്കും ചികിത്സക്കും വിധേയമാക്കി വിജയകരമായി പൂര്‍ത്തിയാക്കിയെന്നും ഡോ. ശംസുദീനി പറഞ്ഞു. തുടര്‍ ചികിത്സ ഉള്‍പ്പെടെ അനുബന്ധ ചികിത്സയും കേന്ദ്രത്തില്‍ നല്‍കും. മുത്രക്കല്ല് വരാതിരിക്കുന്നതിനായി ജീവിത ശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍, ഭക്ഷണ രീതികള്‍ സംബന്ധിച്ച് മെഡിക്കല്‍ ജീവനക്കാര്‍ രോഗികള്‍ക്ക് ബോധവത്കരണം നല്‍കും.

രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെയാണ് കേന്ദ്രം പ്രവര്‍ത്തിക്കുക. രാവിലെ മൂന്നു ക്ലിനിക്കുകളും ഉച്ച കഴിഞ്ഞ് രണ്ടു ക്ലിനിക്കുകളും പ്രവര്‍ത്തിക്കും. 13 യൂറോളജി ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ടെക്‌നീഷ്യന്‍മാര്‍ കേന്ദ്രത്തില്‍ സേവനസജ്ജരായി ഉണ്ടാകും. എച്ച് എം സി, പി എച്ച് സി സി ആശുപത്രികള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍നിന്നും റഫര്‍ ചെയ്യപ്പെടുന്നവര്‍ക്കാണ് കേന്ദ്രം ചികിത്സ നല്‍കുക.

 

 

 

Latest