കല്‍ബുര്‍ഗി വധം: എസ് ഐ ടി അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ സുപ്രീം കോടതിയില്‍

Posted on: January 10, 2018 5:29 pm | Last updated: January 11, 2018 at 10:28 am

ന്യൂഡല്‍ഹി: എം എം കല്‍ബുര്‍ഗിയുടെ വധത്തില്‍ പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ സുപ്രീം കോടതിയില്‍. ഹരജി സ്വീകരിച്ച സുപ്രീം കോടതി ഇക്കാര്യത്തില്‍ പ്രതികരണമാരാഞ്ഞ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ), സി ബി ഐ എന്നിവക്കും മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാന സര്‍ക്കാറുകള്‍ക്കും നോട്ടീസ് അയച്ചു. ആറ് ആഴ്ചക്കകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതി ഉത്തരവ്. രണ്ടര വര്‍ഷം പിന്നിട്ടിട്ടും എം എം കല്‍ബുര്‍ഗിയുടെ മരണത്തില്‍ ശരിയായ അന്വേഷണം നടന്നിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാറുകളും അന്വേഷണ ഏജന്‍സികളും ഗുരുതരമായ അലംഭാവമാണ് കാണിക്കുന്നതെന്നും ഉമാ ദേവി കല്‍ബുര്‍ഗി സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍കാര്‍, ഡി വൈ ചന്ദ്ര ചൂഡ് എന്നിവരടങ്ങിയ ബഞ്ചാണ് കൊല്ലപ്പെട്ട എഴുത്തുകാരന്റെ ഭാര്യയുടെ ഹരജി പരിഗണിച്ചത്. അന്ധവിശ്വാസങ്ങള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ തൂലിക ചലിപ്പിച്ച പ്രൊഫ. കല്‍ബുര്‍ഗി ഹിന്ദുത്വ ശക്തികളുടെ കണ്ണിലെ കരടായിരുന്നു. കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട ഗൗരി ലങ്കേഷിന്റെ ഘാതകരെ കണ്ടെത്തുന്നതിലും പോലീസ് ഇരുട്ടില്‍ തപ്പുകയാണ്.

ഹിന്ദുത്വ ശക്തികളുടെ വിമര്‍ശകരായിരുന്ന നരേന്ദ്ര അച്യുത് ധാബോല്‍ക്കര്‍, ഗോവിന്ദ് റാവു പന്‍സാരെ, കല്‍ബുര്‍ഗി എന്നിവരുടെ വധത്തില്‍ പൊതു കണ്ണിയുണ്ടെന്നും ഇത് പുറത്ത് കൊണ്ടു വരികയാണ് വേണ്ടതെന്നും അഡ്വ. കൃഷ്ണ കുമാര്‍ സമര്‍പ്പിച്ച ഹരജിയില്‍ ഉമാ ദേവി വ്യക്തമാക്കുന്നു.