ആധാര്‍ സുരക്ഷിതമാക്കാന്‍ ഇനി 16 അക്ക വെര്‍ച്ച്വല്‍ ഐഡി

Posted on: January 10, 2018 5:21 pm | Last updated: January 10, 2018 at 5:21 pm

ന്യൂഡല്‍ഹി: ആധാറുമായി ബന്ധപ്പെട്ട് ഉയരുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ സാങ്കല്‍പിക (വെര്‍ച്ച്വല്‍) ഐഡി ഏര്‍പ്പെടുത്താന്‍ യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ തീരുമാനിച്ചു. സിം വെരിഫിക്കേഷന്‍ ഉള്‍പ്പെടെ വിവിധ സേവനങ്ങള്‍ ലഭിക്കുന്നതിന് ആധാറിന് പകരം ഈ വെര്‍ച്ച്വല്‍ ഐഡി ഉപയോഗിക്കാനാകും. ഇതുവഴി ആധാര്‍ നമ്പര്‍ മറ്റുള്ളവരുമായി ഷെയര്‍ ചെയ്യുന്നത് ഒഴിവാക്കാനാകുമെന്നാണ് യുഐഡിഎഐ കണക്കുകൂട്ടുന്നത്.

16 അക്ക നമ്പറായിരിക്കും ഈ സാങ്കല്‍പിക ഐഡി. ഈ വര്‍ഷം മാര്‍ച്ച് മന്ന് മുതല്‍ യുഐഡിഎഐയുടെ വെബ്‌സൈറ്റില്‍ കയറി ഈ ഐഡി ഉണ്ടാക്കാം. ഒരു വ്യക്തിക്ക് ഇത്തരത്തിലുള്ള എത്ര ഐഡിയും ഉണ്ടാക്കാന്‍ സാധിക്കും. സിം കാര്‍ഡ് വെരിഫിക്കേഷന്‍ പോലുള്ള ആവശ്യങ്ങള്‍ക്ക് പേര്, വിലാസം, ഫോട്ടോ എന്നീ വിവരങ്ങള്‍ മാത്രമേ ആവശ്യമുള്ളൂ. വെര്‍ച്ച്വല്‍ ഐഡി വഴി ബന്ധപ്പെട്ട കമ്പനിക്ക് ഈ വിവങ്ങള്‍ ലഭിക്കും. വ്യക്തികളുടെ ബയോമെട്രിക് വിവരങ്ങള്‍ സുരക്ഷിതമാകുമെന്നതാണ് വെര്‍ച്ച്വല്‍ ഐഡിയുടെ പ്രത്യേകത. ജൂണ്‍ ഒന്ന് മുതല്‍ എല്ലാ കമ്പനികളും വെര്‍ച്ച്വല്‍ ഐഡി സ്വീകരിക്കാനുള്ള സംവിധാനം ഒരുക്കണമെന്നും യുഐഡിഎഐ നിര്‍ദേശിച്ചു.

ആധാര്‍ വിവരങ്ങള്‍ ചോരുന്നതുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി വിവാദങ്ങള്‍ ഉടലെടുത്ത സാഹചര്യത്തിലാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്. കെവൈസി (നോ യുവര്‍ കസ്റ്റമര്‍) ആവശ്യങ്ങള്‍ക്കായി ആധാര്‍ നമ്പര്‍ ശേഖരിക്കുകയും പിന്നീട് ഇത് ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്യുന്നത് തടയാന്‍ വെര്‍ച്ച്വല്‍ ഐഡി വഴി സാധിക്കും.