കേരളം നന്മയുടെ തീരം; അല്‍ ഇത്തിഹാദ് ചീഫ് എഡിറ്ററുടെ കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ തരംഗം

Posted on: January 10, 2018 5:09 pm | Last updated: January 10, 2018 at 5:09 pm
SHARE

ദുബൈ: കേരളത്തെ കുറിച്ചുള്ള യു എ ഇയിലെ പ്രമുഖ പത്രമായ അല്‍ ഇത്തിഹാദിന്റെ ചീഫ് എഡിറ്റര്‍ മുഹമ്മദ് അല്‍ ഹമ്മാദിയുടെ കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. ‘ഇരു ദിനം കേരളത്തില്‍’ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച കുറിപ്പില്‍ മലയാള നാടിന്റെ നന്മയും ജനങ്ങളുടെ സാംസ്‌കാരിക ബോധവും സ്‌നേഹവും ആവോളം പ്രശംസിക്കുന്നുണ്ട് അദ്ദേഹം. നൂറുകണക്കിനാളുകളാണ് ഇതിനോടകം പത്രത്തില്‍ വന്ന ഭാഗം ഫേസ്ബുക്കിലൂടെയും മറ്റു സാമൂഹിക മാധ്യമങ്ങളിലൂടെയും ഷെയര്‍ ചെയ്തിരിക്കുന്നത്.

കാരന്തൂര്‍ മര്‍കസുസ്സഖാഫത്തി സുന്നിയ്യയുടെ റൂബി ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ശൈഖ് സായിദ് ഇന്റനാഷണല്‍ പീസ് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ശേഷമായിരുന്നു മുഹമ്മദ് അല്‍ ഹമ്മാദിയുടെ കുറിപ്പ്.

പത്രത്തിന്റെ എഡിറ്റ് പേജില്‍ വന്ന കുറിപ്പ് ഇങ്ങനെ; കേരളത്തിലേക്കുള്ള എന്റെ ആദ്യത്തെ സന്ദര്‍ശനമായിരുന്നു ഇത്. കുട്ടിക്കാലം മുതല്‍ തന്നെ കേട്ട് പരിചയമുള്ള സ്ഥലമായിരുന്നു കേരളവും കോഴിക്കോട് നഗരവും. യു എ ഇ യില്‍ ജോലി നോക്കുന്ന നിരവധി ഇന്ത്യക്കാരുമായി ഞാന്‍ ഇടപഴകിയിട്ടുണ്ട്. അവരെല്ലാം ഈ പ്രദേശത്തുകാരാണെന്നു ഞാനറിഞ്ഞിരുന്നു. കേരളം സന്ദര്‍ശിക്കുന്ന ഏതൊരാളെയും പ്രഥമമായി ആകര്‍ഷിക്കുന്ന ഘടകം ആ നാട്ടുകാരുടെ മാന്യതയും വിശാല മനസ്‌കതയും നന്മയുമായിരിക്കും. സന്ദര്‍ശനത്തിന്റെ ആദ്യ നിമിഷം മുതല്‍ അവിടം വിടുന്ന അവസാന നിമിഷം വരെ എനിക്കും അത് തന്നെയാണ് അനുഭവിക്കാനായത്. ഏതൊരു ഗള്‍ഫുകാരന്റെയും വിശിഷ്യാ യു എ ഇ പൗരന്റെയും ശ്രദ്ധ പതിയേണ്ട മറ്റൊരു പ്രധാന കാര്യം, ആ നാട്ടുകാരുടെ വേഷവിധാനങ്ങളും യുവതീ യുവാക്കളുടെ സംസാര ശൈലികളും യു എ ഇ, ഗള്‍ഫ് സ്വദേശികളുമായി വളരെ അടുത്ത് നില്‍ക്കുന്നു എന്നതാണ്.

മര്‍കസു സ്സഖാഫാത്തി സ്സുന്നിയ്യ സംഘടിപ്പിച്ച ‘സായിദ് ഇന്റര്‍നാഷണല്‍ പീസ് കോണ്‍ഫറന്‍സി’ല്‍ പങ്കുടുക്കാനാണ് ഞാന്‍ കേരളത്തിലെത്തിയത്. മിതത്വത്തിലും വിശാല ചിന്താഗതിയിലും ഇസ്‌ലാമിനെ കൃത്യമായും പ്രതിനിധീകരിക്കുന്ന ഈ സ്ഥാപനം യഥാര്‍ഥ ഇസ്‌ലാമിക മൂല്യങ്ങളെ പ്രചരിപ്പിക്കുന്ന സ്ഥാപനമായിട്ടാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്. ഇസ്‌ലാമില്‍ കടന്നു കൂടിയ തീവ്ര ചിന്താധാരകളില്‍ നിന്നും ആശയ സങ്കല്‍പങ്ങളില്‍ നിന്നും അതിവിദൂരമായ വിദ്യാഭ്യാസമാണ് അവിടെ നല്‍കിക്കൊണ്ടിരിക്കുന്നത്. അനാഥരായ ചുരുക്കം ചില വിദ്യാര്‍ഥികളെ സംരക്ഷിക്കുന്നതിനും വിദ്യയഭ്യസിപ്പിക്കുന്നതിനും വേണ്ടി നാല്‍പതു വര്‍ഷങ്ങള്‍ക്കു മുമ്പ് തുടക്കം കുറിച്ച ഈ സ്ഥാപനത്തിന്റെ ശില്‍പിയും കാര്യദര്‍ശിയുമായ ശൈഖ് അബൂബക്കര്‍ അഹ്മദിന്റെ അനുഗ്രഹീത ശ്രമങ്ങള്‍ ഇന്ന് മത ഭൗതിക മേഖലകളിലെ വിവിധ ഇനം വൈജ്ഞാനിക ശാഖകളില്‍ ബിരുദ ധാരികളായ ഒരു ലക്ഷത്തിലധികം വിദ്യാര്‍ഥി വിദ്യാര്‍ഥിനികളെയാണ് സൃഷ്ടിച്ചു വിട്ടത്.

സമാധന പുരുഷന്‍ എന്ന നിലയില്‍ ഇന്ത്യയില്‍ ശൈഖ് സായിദിന്റെ പേരിലുള്ള സമ്മേളനത്തിന് അവഗണിക്കാനാവാത്ത പ്രാധാന്യമാണുള്ളത്. കാരണം സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ഗുരുവായ, സമാധാനത്തിലൂടെ പ്രതിരോധം തീര്‍ത്ത, അക്രമം അരുത് എന്ന് പ്രഖ്യാപിച്ചു സ്വന്തം നാടിനെയും ലോകത്തെയും വിമോചനത്തിലേക്കു നയിച്ച മഹാമനുഷ്യന്‍ മഹാത്മാ ഗാന്ധിയുടെ മണ്ണാണ് ഇന്ത്യ. ‘വിജ്ഞാനം ശാന്തിയുടെ, സമാധാനത്തിന്റെ, സ്ഥിരതയുടെ ഒന്നാമത്തെ പ്രേരകമാണ്, അജ്ഞത മനുഷ്യനെ പരിഭ്രമിയാക്കുകയും തെറ്റിലേക്ക് നയിക്കുകയും ചെയ്യും’ എന്ന് പ്രവചിച്ച മഹാനായ തത്വ ചിന്തകന്‍ ടാഗോറിന്റെ മണ്ണാണ് ഇന്ത്യ. സമാധാനത്തിന്റെ നാട്ടില്‍ സമാധാനത്തിന്റെ വിലയെന്തെന്ന് നന്നായറിയുന്ന സമൂഹത്തിനിടയില്‍ ചര്‍ച്ച ചെയ്യുന്നതിന് സമാധാനത്തിന്റെ പ്രതീകമെന്ന നിലയില്‍ ശൈഖ് സായിദിനെ തിരെഞ്ഞെടുത്തത് തീര്‍ത്തും അത്യധികം വിലപ്പെട്ടതാണ്.

കേരളത്തിന്റെ ലളിതമായ വഴിയോരങ്ങളില്‍ സ്‌നേഹവും സമാധാനവും ഞാന്‍ കണ്ടു. അവ കാലങ്ങള്‍ക്കപ്പുറം നട്ടുവളര്‍ത്തിയവയാണെന്നു ഞാന്‍ തിരിച്ചറിഞ്ഞു. അജ്ഞതയോടു പൊരുതിയും പുതു തലമുറയെ വിദ്യയഭ്യസിപ്പിച്ചും വൈജ്ഞാനിക വിപ്ലവത്തിലൂടെയും അവര്‍ അതിനെ കാത്തു സൂക്ഷിക്കുന്നു എന്ന് എനിക്ക് ബോധ്യമായി. 650 വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു അമുസ്‌ലിം സഹോദരന്‍ തന്റെ മുസ്‌ലിം അയല്‍വാസിക്കുള്ള സ്‌നേഹ സമ്മാനമായി പണിതു കൊടുത്ത മുസ്‌ലിം പള്ളി ഞാന്‍ സന്ദര്‍ശിച്ചു. ഏതൊരു സന്ദര്‍ശകനും ആ നാടിനെ ബഹുമാനിക്കത്തക്ക വിധം പൂര്‍ണ സൗന്ദര്യത്തോടെയും സുരക്ഷിതമായും ആ പള്ളി ഇന്നും അവിടെ നില നില്‍ക്കുന്നു.

വിമാനത്താവളത്തിലേക്കുള്ള എന്റെ മടക്ക യാത്രയില്‍ കൊടികളും പതാകകളും ചിഹ്നങ്ങളുമേന്തിയ ചില വാഹനങ്ങള്‍ മതകീയ വസ്ത്രങ്ങള്‍ ധരിച്ച ആളുകളെയും വഹിച്ചു കടന്നു പോകുന്നത് ഞാന്‍ കണ്ടു. ആയിടക്ക് എന്റെ യാത്രാ സഹവാസി എന്നോട് പറഞ്ഞു, ‘അവര്‍ ഈ സീസണില്‍ ഒരു പ്രശസ്തമായ ക്ഷേത്രത്തിലേക്ക് ആരാധനക്ക് പോകുന്ന അമുസ്‌ലിം സുഹൃത്തുക്കളാണ്’. ഇനി ഞാന്‍ കേരളത്തിന്റെ മറ്റൊരു കഥ പറയാം: ശതകങ്ങള്‍ക്കു മുമ്പ് ഒരു ക്ഷേത്ര പൂജാരിക്കു തന്റെ ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ ആ ക്ഷേത്രത്തിന്റെ താഴ്വരയിലുള്ള പള്ളിയിലെ മുസ്ലിമായ മനുഷ്യന്‍ ഇളനീര് വെള്ളം കൊടുക്കാര്‍ പതിവുണ്ടായിരുന്നു. പതിവായി വന്ന ആ സമ്പ്രദായം അങ്ങനെ തന്നെ തുടരുകയും തലമുറകള്‍ കൈമാറി ഇന്നും നിലനില്‍കുകയും ചെയ്യുന്നു, അങ്ങനെ നൂറു കണക്കിന് അമുസ്‌ലിം സഹോദരങ്ങള്‍ അവരുടെ ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ ഇന്നും മുസ്‌ലിം സഹോദരങ്ങളില്‍ നിന്ന് ഇളനീര്‍ വെള്ളം വാങ്ങി കുടിക്കുന്നു.

ചുരുക്കത്തില്‍, കേരളം, അത് സ്‌നേഹത്തിന്റെയും വിട്ടുവീഴ്ചയുടെയും ഭൂമിയാണ്. അവിടത്തെ ജനങ്ങളാകട്ടെ മാന്യരും അഭിമാനികളുമത്രെ.
ഈ മാസം എട്ടിനാണ് കുറിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here