Connect with us

Gulf

ചുകപ്പു സിഗ്‌നല്‍ മറികടക്കല്‍; ഷാര്‍ജ പോലീസ് ബോധവത്കരണം വ്യാപകമാക്കി

Published

|

Last Updated

ഷാര്‍ജ: ചുകപ്പു സിഗ്‌നല്‍ മറികടക്കുന്ന വാഹനങ്ങളുടെ പ്രവണതക്കെതിരെ വ്യാപക ബോധവത്കരണവുമായി ഷാര്‍ജ പോലീസ്. ട്രാഫിക് സിഗ്‌നലില്‍ എത്തുമ്പോള്‍ ചുവപ്പ് നിറം ആകുന്നതിന് മുമ്പ് വാഹനവുമായി വേഗത്തില്‍ കടന്നു പോകാന്‍ ശ്രമിക്കുന്നത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് പോലീസ് പറഞ്ഞു.

റോഡിലൂടെ നടന്നു പോകുന്നവരും നിയമങ്ങള്‍ പാലിക്കണമെന്ന് പോലീസ് പറയുന്നു. റോഡുകളില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് ട്രാഫിക്കിലെ മഞ്ഞ വെളിച്ചം മാറുന്നതിന് മുമ്പ് സിഗ്‌നല്‍ മറികടന്ന് അമിത വേഗതയില്‍ പോകുന്നതാണ്. അപകടങ്ങള്‍ കുറക്കുന്നതിനും ആളുകളില്‍ ബോധവത്കരണം നടത്തുന്നതിനും വീഡിയോ ക്ലിപ്പുകളും ഇറക്കി.

2016ല്‍ വാഹനാപകടത്തില്‍ മരണം സംഭവിക്കുകയോ ഗുരുതരമായ പരുക്കേല്‍ക്കുകയോ ചെയ്തത് ഇത്തരത്തില്‍ ചുവപ്പ് വെളിച്ചം വരുന്നതിന് മുമ്പ് വാഹനം അമിത വേഗത്തില്‍ ഓടിച്ചു പോയതാണെന്ന് കണക്കുകള്‍ പറയുന്നു. വര്‍ഷത്തില്‍ 70,000 സംഭവങ്ങള്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു അബുദാബി- 22,000, ദുബൈ- 25,000, ഷാര്‍ജ- 23,000 എന്നിങ്ങനെയാണ് കണക്ക്.

2017ലെ യു എ ഇ ഫെഡറല്‍ ട്രാഫിക് നിയമപ്രകാരം ചെറിയ വാഹനങ്ങള്‍ ട്രാഫിക് സിഗ്‌നലില്‍ ചുവപ്പ് വെളിച്ചം തെറ്റിച്ച് കടന്നു പോയാല്‍ 800 ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. ട്രക്ക് ഡ്രൈവര്‍മാരാണ് നിയമം തെറ്റിക്കുന്നതെങ്കില്‍ 3,000 ദിര്‍ഹം പിഴയും ലൈസന്‍സ് ഒരു വര്‍ഷം സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്യും.

സിഗ്‌നലില്‍ മഞ്ഞ വെളിച്ചം കണ്ടാല്‍ വാഹനം വേഗതകുറച്ച് ചുവപ്പ് വെളിച്ചം വരുന്നതിനായി സുരക്ഷിതമായി നിര്‍ത്തണം. വേഗത വര്‍ധിപ്പിച്ച് മുന്നോട്ട് പോവുകയല്ല വേണ്ടതെന്നും ബോധവത്കരണത്തില്‍ നിര്‍ദേശിക്കുന്നു.

 

Latest