Connect with us

Gulf

ദുബൈ എമിഗ്രേഷന്റെ ഹത്ത ഹാപ്പിനസ് സെന്ററിന് പഞ്ചനക്ഷത്ര പദവി

Published

|

Last Updated

ദുബൈ: ഒമാന്‍ അതിര്‍ത്തിയിലെ ദുബൈ എമിഗ്രേഷന്റെ ഹാപ്പിനസ് സെന്ററിന് ദുബൈ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പഞ്ചനക്ഷത്ര പദവി സമ്മാനിച്ചു. മികച്ച രീതിയില്‍ ഉപഭോക്തൃ സേവനങ്ങള്‍ നല്‍കിയതിനാണ് കേന്ദ്രത്തിന് റേറ്റിംഗ് പദവി സമ്മാനിച്ചത്. അന്താരാഷ്ട്ര നിലവാരത്തില്‍ ഉപഭോക്തൃ സേവനങ്ങള്‍ നല്‍കി ഉപഭോക്താകള്‍ക്ക് സന്തോഷകരമായ സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ദുബൈ ഗവണ്‍മെന്റ് ആരംഭിച്ച ഗ്ലോബല്‍ സ്റ്റാര്‍ റേറ്റിംഗ് പ്രോഗ്രാമിന്റെ 5 സ്റ്റാര്‍ പദവിയാണ് കേന്ദ്രത്തിന് ലഭിച്ചത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലാണ് ശൈഖ് ഹംദാന്‍ മികച്ച സേവനങ്ങള്‍ക്കുള്ള അംഗീകാരം നല്‍കി ഓഫീസ് മന്ദിരത്തില്‍ സ്റ്റാര്‍ പദവി അനാച്ഛാദനം ചെയ്തത്. ദുബൈയില്‍ ഏറ്റവും മികവാര്‍ന്ന രീതിയില്‍ ഉപഭോക്തൃ സേവനം നല്‍കുന്നവര്‍ക്ക് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരം ആരംഭിച്ച പദ്ധതിയാണ് ഗ്ലോബല്‍ സ്റ്റാര്‍ റേറ്റിംഗ് പ്രോഗ്രാം. റേറ്റിംഗ് പ്രോഗ്രമിന്റെ രണ്ടാമത്തെ സെഷനിലാണ് ഹത്ത കസ്റ്റമര്‍ ഹാപ്പിനെസ് സെന്ററിന് അംഗീകാരം ലഭിച്ചത്.

താമസ-കുടിയേറ്റ വകുപ്പ് ഉപമേധാവി മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സുറൂര്‍ ശൈഖ് ഹംദാനെ സ്വീകരിച്ചു. ഉപഭോക്തൃ സന്തുഷ്ടിയാണ് ഗവണ്‍മെന്റിന്റെ വികസന കാഴ്ചപ്പാടുകളെ മുന്നോട്ട് നയിക്കുന്നത്. സമൂഹത്തിന്റെ സന്തോഷകരമായ വ്യവസ്ഥികള്‍ നല്‍കുന്ന പോസിറ്റീവ് കാഴ്ചപ്പാടുകള്‍ സര്‍ക്കാര്‍ സേവനങ്ങള്‍ കുടുതല്‍ മേഖലയിലേക്ക് വിപുലപ്പെടുത്താന്‍ പ്രചോദനമാകുന്നുവെന്ന് ശൈഖ് ഹംദാന്‍ അനാച്ഛാദന ചടങ്ങില്‍ പറഞ്ഞു. സമൂഹത്തിന്റെ അടിസ്ഥാന മൂല്യം എന്ന നിലയില്‍ സന്തോഷം നിറഞ്ഞ അവസ്ഥ സ്ഥാപിക്കുന്നതിനുള്ള ലക്ഷ്യത്തോടെയാണ് ഗ്ലോബല്‍ സ്റ്റാര്‍ റേറ്റിംഗ് പദ്ധതി ആരംഭിച്ചത്. പൊതുജനസേവനങ്ങളില്‍ ഗവണ്‍മെന്റ് സേവനങ്ങളുടെ വിതരണം വര്‍ധിപ്പിക്കുന്നതിന് ക്രിയാത്മകമായതും നൂതനവുമായ മാര്‍ഗങ്ങള്‍ കണ്ടെത്തുക എന്നതാണ് പ്രധാന ലക്ഷ്യം. വ്യത്യസ്ത സേവന ചാനലുകളില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ അസാധാരണമായ ഒരു ഉപഭോക്തൃ അനുഭവം സൃഷ്ടിിക്കുന്നതിനുള്ള ദുബൈ സര്‍ക്കാറിന്റെ ശ്രമത്തിന്റെ ഭാഗമാണ് ഇത്തരത്തിലുള്ള പദ്ധതിയെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. ഫൈവ് സ്റ്റാര്‍ റേറ്റിംഗിന് ഹത്ത ഓഫീസിനെ പ്രാപ്തരാക്കിയ ജീവനക്കാരുടെ സേവന മികവുകളെ ശൈഖ് ഹംദാന്‍ പ്രശംസിച്ചു.
ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ അബുല്ല ബസ്തിയും ദുബൈ എമിഗ്രേഷന്റെ വിവിധ വകുപ്പ് മേധാവികളും ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു.

 

Latest