Connect with us

Gulf

ലോക കേരള സഭയുടെ മുന്നൊരുക്കങ്ങളുമായി അബുദാബി

Published

|

Last Updated

അബുദാബി: ലോക കേരള സഭയുടെ പ്രഥമ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ക്കായി അബുദാബിയിലെ വിവിധ സംഘടനകളുടെ കൂടിയാലോചനയോഗം കേരള സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ചു.

ഈ മാസം 12, 13 തിയതികളിലായി നടക്കുന്ന ലോക കേരള സഭയില്‍ അബുദാബി മലയാളികളെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്ന കെ ബി മുരളി സഭയില്‍ എടുക്കേണ്ട നിലപാടുകളെ കുറിച്ചും സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധചെലുത്തേണ്ട സുപ്രധാന വിഷയങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തു.

പ്രവാസി മലയാളികളെ സമ്പന്ധിച്ചിടത്തോളം പൊതു വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഇതുവരെ ഒരു പൊതു സഭ ഉണ്ടായിരുന്നില്ല. അതിന് പരിഹാരമെന്നോണം ലോകമെമ്പാടുമുള്ള മലയാളികളുടെ അറിവും കഴിവും സംസ്ഥാനത്തിന്റെ വികസനത്തിന് ഉപയോഗപ്പെടുത്തുന്ന ലക്ഷ്യവുമായി രൂപീകരിച്ച ലോക കേരള സഭ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ മുന്‍ കൈ എടുത്ത് രൂപം നല്‍കുന്നുവെന്നത് തന്നെ ഇതിന്റെ ഗൗരവം ഏറെ വര്‍ധിപ്പിക്കുന്നുവെന്ന് യോഗം വിലയിരുത്തി.

കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് പി പത്മനാഭന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ ബി മുരളി ലോക കേരള സഭയുടെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ച് വിശദീകരിച്ചു.

തുടര്‍ന്ന് വിവിധ സംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട് ജയചന്ദ്രന്‍ നായര്‍, ടി കെ മനോജ്, വക്കം ജയലാല്‍, പി ബാവഹാജി, വി പി കൃഷ്ണകുമാര്‍, റൂഷ് മെഹര്‍, എന്‍ പി മുഹമ്മദലി, സലീം ചിറക്കല്‍, ഹുമയൂണ്‍ കബീര്‍, വി ധനേഷ് കുമാര്‍, ഇന്ദ്ര തയ്യില്‍, എ അബൂബക്കര്‍, എം അബ്ദുല്‍ സലാം, ഇ പി സുനില്‍, മുഹമ്മദലി കല്ലുറുമ എന്നിവര്‍ സംസാരിച്ചു.