കേന്ദ്രീയ വിദ്യാലയങ്ങളിലെ ഹൈന്ദവ പ്രാര്‍ഥന: സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു

Posted on: January 10, 2018 1:40 pm | Last updated: January 10, 2018 at 6:07 pm
SHARE

ന്യൂഡല്‍ഹി: കേന്ദ്ര ഗവണ്‍മെന്റിന്റെ കീഴിലുള്ള കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഹിന്ദു പ്രാര്‍ഥന ആലപിക്കുന്നതിനെതിരായ ഹര്‍ജിയില്‍ സുപ്രിം കോടതി കേന്ദ്ര സര്‍ക്കാറിന് നോട്ടീസ് അയച്ചു. കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഒരു പ്രത്യേക മതത്തിന്റെ പ്രാര്‍ഥന അനുവദിക്കുന്നതിന് കാരണം ബോധിപ്പിക്കണമെന്നാണ് സുപ്രിം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വിഷയത്തില്‍ അഭിഭാഷകനായ വിനായക് ഷാ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.

ജസ്റ്റിസ് റോഹിങ്ടന്‍ എഫ്. നരിമാന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിശദീകരണം ചോദിച്ചത്. രണ്ടാഴ്ചക്കുള്ളില്‍ മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറിനും കേന്ദ്രീയ വിദ്യാലയത്തിനും കോടതി നോട്ടീസയച്ചു. സര്‍ക്കാറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം കുട്ടികളില്‍ മതപരമായ വിശ്വാസങ്ങളും അറിവുകളും പ്രചരിപ്പിക്കുന്നതിനു പകരം ശാസ്ത്ര ഗുണങ്ങള്‍ വളര്‍ത്തുകയാണ് ചെയ്യേണ്ടതെന്ന് ഹരജിക്കാരന്‍ ആവശ്യപ്പെട്ടു.

കേന്ദ്രീയ വിദ്യാലയങ്ങളില്‍ കണ്ണടച്ച് കൈകൂപ്പി ഹിന്ദിയിലും സംസ്‌കൃതത്തിലും നടത്തുന്ന നിര്‍ബന്ധിത പ്രാര്‍ഥനയാണ് വിവാദമാകുന്നത്. 2015ലെ കണക്ക് അനുസരിച്ച് രാജ്യത്ത് 1125 കേന്ദ്രീയ വിദ്യാലയങ്ങളാണുള്ളത്. 11 ലക്ഷം വിദ്യാര്‍ഥികള്‍ ഇവിടങ്ങളില്‍ പഠിക്കുന്നു. വിവിധ മതസ്തരായ കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ വിദ്യാലയത്തില്‍ ഹൈന്ദവ പ്രാര്‍ഥനാ ഗീതമാണ് ആലപിക്കുന്നത്.