Connect with us

National

ഒറ്റ ബ്രാന്‍ഡ് ചില്ലറ കച്ചവടത്തിലും നിർമാണ മേഖലയിലും നൂറ് ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി

Published

|

Last Updated

ന്യൂഡല്‍ഹി: ഒറ്റ ബ്രാന്‍ഡ് ചില്ലറ കച്ചവട മേഖലയിലും നിര്‍മാണ മേഖലയിലും നൂറ് ശതമാനം വിദേശ നിക്ഷേപം അനുവദിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. ഒറ്റ ബ്രാന്‍ഡ് ചില്ലറ വില്‍പന മേഖലയില്‍ നിലവില്‍ 49 ശതമാനമാണ് വിദേശ നിക്ഷേപ പരിധി. പുതിയ തീരുമാനത്തോടെ സര്‍ക്കാറിന്റെ അനുമതി ഇല്ലാതെ വിദേശ കമ്പനിക്ക് നൂറ് ശതമാനം നിക്ഷേപം നടത്താനാകും. ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് വിദേശ നിക്ഷേപ പരിധി ഉയര്‍ത്താന്‍ തീരുമാനിച്ചത്. രാജ്യത്തെ ചില്ലറ വില്‍പ്പന മേഖലയെ പ്രതികൂലമായി ബാധിക്കുന്നതാണ് തീരുമാനം.

ഇതുകൂടാതെ ഔദ്യോഗിക എയര്‍ലൈന്‍ സര്‍വീസായ എയര്‍ ഇന്ത്യയില്‍ 49 ശതമാനം വിദേശ നിക്ഷേപം അനുവദിക്കാനും തീരുമാനമായിട്ടുണ്ട്. വിദേശ നിക്ഷേപ പരിധി പ്രത്യക്ഷമായോ പരോക്ഷമായോ 49 ശതമാനത്തില്‍ കൂടരുത്, എയര്‍ ഇന്ത്യയുടെ ഉടമസ്ഥാവകാശം ഇന്ത്യക്ക് തന്നെയാകും തുടങ്ങിയ വ്യവസ്ഥകളോടെയാണ് വ്യോമ മേഖലയിലെ വിദേശ നിക്ഷേപം അനുവദിക്കുന്നത്.

വിദേശ നിക്ഷേപം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ ഏപ്രില്‍ – സെപ്തംബര്‍ കാലയളവില്‍ വിദേശ നിക്ഷേപ പരിധി 17 ശതമാനം വര്‍ധിച്ച് 25.35 ബില്യണ്‍ ഡോളറില്‍ എത്തിയിരുന്നു. 2016-2017 കാലയളവിലെ എഫ്ഡിഐ വളര്‍ച്ച ഒന്‍പത് ശതമാനമാണ്.

 

Latest