പരേതരെയെങ്കിലും വെറുതെ വിടുക

Posted on: January 10, 2018 6:50 am | Last updated: January 9, 2018 at 11:56 pm
SHARE

കമ്യൂണിസ്റ്റ് നേതാവ് എ കെ ഗോപാലനെക്കുറിച്ച് വി ടി ബല്‍റാം എം എല്‍ എ നടത്തിയ ചില പരാമര്‍ശങ്ങളും അതിനോടുള്ള പ്രതികരണങ്ങളുമാണ് ഏതാനും ദിവസങ്ങളായി മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും നിറയുന്നത്. എ കെ ഗോപാലന്‍ ബാലികാ പീഡകനായിരുന്നുവെന്നാണ് 2001 ഡിസംബര്‍ 20ന് ഹിന്ദു പത്രം പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടിനെ അവലംബമാക്കി വി ടി ബല്‍റാം ആരോപിച്ചത്. കമ്യൂണിസ്റ്റുകാര്‍ക്കൊപ്പം പൊതുസമൂഹവും ആദരിക്കുന്ന എ കെ ജിയെക്കുറിച്ചു വന്ന ഈ പരാമര്‍ശം സ്വാഭാവികമായും കടുത്ത എതിര്‍പ്പിനിടയായി. മുഖ്യമന്ത്രിയടക്കം വിമര്‍ശവുമായി രംഗത്തുവന്നു. ഒപ്പം ബല്‍റാമിനെ പിന്തുണക്കാനും ആളുകളുണ്ടായി. സിവിക് ചന്ദ്രന്‍, സി പി ഐ നേതാവ് അജിത്, ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍ തുടങ്ങിയവരാണ് പിന്തുണയുമായി എത്തിയത്.

‘പോരാട്ടകാലങ്ങളിലെ പ്രണയം’ എന്ന തലക്കെട്ടില്‍ ‘ഹിന്ദു’വില്‍ വന്ന ഒരു ലേഖനത്തില്‍ ‘ഒരു ദശാബ്ദത്തോളം നീണ്ടുനിന്ന പ്രണയത്തിനൊടുവിലാണ് എ കെ ഗോപാലന്‍ സുശീലയെ വിവാഹം കഴിച്ചതെന്ന് പറയുന്നുണ്ട്. നമുക്കറിയാവുന്ന ചരിത്രമനുസരിച്ചാണെങ്കില്‍ വിവാഹസമയത്ത് സുശീലയുടെ പ്രായം 22 വയസ്സാണെന്നും ആ നിലക്ക് പത്ത് വര്‍ഷത്തോളം നീണ്ട പ്രണയാരംഭത്തില്‍ അവര്‍ക്ക് എത്ര വയസ്സുണ്ടായിരിക്കുമെന്ന് കണക്കുകൂട്ടിയുമാണ് ബല്‍റാം ഇത്തരമൊരു പരാമര്‍ശം നടത്തിയത്. എന്നാല്‍ പത്രത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അജ്ഞതയാണെന്ന് സുശീലാ ഗോപാലന്റെ കുടുംബക്കാരും നാട്ടുകാരും പറയുന്നു. 1947ല്‍ വിവാഹിതരാകുമ്പോള്‍ എ കെ ജിയുടെ പ്രായം ഇരുപത്തിമൂന്നും സുശീലയുടേത് പതിനാറുമായിരുന്നുവെന്നും അക്കാലത്ത് നാട്ടില്‍ ശരാശരി വിവാഹപ്രായം 15-16 വയസ്സായിരുന്നെന്നുമാണ് സുശീല ജനിച്ച മുഹമ്മയിലെ ചീരപ്പന്‍ചിറ തറവാട്ടിലെ പിന്മുറക്കാര്‍ വെളിപ്പെടുത്തിയത്. ഇപ്പോള്‍ ഉയര്‍ന്നു വന്ന ആക്ഷേപങ്ങള്‍ മുമ്പ് കേട്ടുകേള്‍വി പോലും ഇല്ലാത്തതാണെന്ന് സുശീലാഗോപാലന്റെ സഹോദരീ പുത്രന്‍ ജി വേണുഗോപാല്‍ പറയുന്നു.

ആനുകാലിക സംഭവങ്ങളോടും സാമൂഹിക പ്രശ്‌നങ്ങളോടും ക്രിയാത്മകമായി പ്രതികരിക്കുന്ന വ്യക്തിയാണ് ബല്‍റാം. സാമൂഹിക പ്രതിബദ്ധത പുലര്‍ത്തുന്നതാണ് അവയില്‍ പലതും. ഈ പരാമര്‍ശം അവിവേകവും ചിന്താശൂന്യവുമായിപ്പോയെന്ന് പറയാതെ വയ്യ. എന്താണ് എ കെ ജിക്കെതിരെ ഇത്തരമൊരു പരാമര്‍ശം നടത്താന്‍ ബല്‍റാമിനെ പ്രേരിപ്പിച്ചതെന്നറിഞ്ഞു കൂടാ. ഒരു രാഷ്ട്രീയ എതിരാളിയെ വിമര്‍ശിക്കേണ്ടത് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെ അവലംബമാക്കിയായിരിക്കണം. തൊഴിലാളി വിരുദ്ധനാണെങ്കില്‍, അഴിമതിക്കാരനാണെങ്കില്‍ ദേശദ്രോഹിയാണെങ്കില്‍ അത് തുറന്നുകാട്ടുകയും വിമര്‍ശിക്കുകയുമാകാം. അതേ സമയം രാഷ്ട്രീയ എതിരാളിയുടെയോ മറ്റാരുടേയെങ്കിലുമോ സ്വകാര്യ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കുന്നതും അവിടെ കണ്ട കാര്യങ്ങള്‍ വിളിച്ചുപറയുന്നതും ധാര്‍മികതക്കും സംസ്‌കാരത്തിനും യോജിച്ചതല്ല. അതൊരു മാന്യമായ രാഷ്ട്രീയ ശൈലിയല്ല. അപരന്റെ സ്വകാര്യ ജീവിതം ആരെങ്കിലും മോശമായി ചിത്രീകരിച്ചാല്‍ അതിന്റെ സത്യാവസ്ഥ അറിയാതെ വിളിച്ചുപറയുകയുമരുത്. മരണപ്പെട്ടവരുടേത് പ്രത്യേകിച്ചും. മരണശേഷം നന്മകളല്ലാതെ പരേതന്റെ തിന്മകള്‍ എടുത്തു പറയരുതെന്നാണ് എല്ലാ ധര്‍മങ്ങളും അനുശാസിക്കുന്നത്.

മരണാനന്തരം മഹാന്മാരുടെ സ്വകാര്യ ജീവിതം ചര്‍ച്ചാവിഷയമാവുന്നത് ഇതാദ്യമല്ല. മാര്‍ക്‌സിന്റെ സ്വകാര്യ ജീവിതം ഏറെ ചര്‍ച്ചയായതാണ്. ഗാന്ധിജിയുടേയും നെഹ്‌റുവിന്റേയും വ്യക്തിജീവിതത്തിലെ പല ഏടുകളും ജീവചരിത്രകാരന്മാരും മാധ്യമപ്രവര്‍ത്തകരുമൊക്കെ ചര്‍ച്ചാ വിഷയമാക്കിയിട്ടുണ്ട്. ജോര്‍ജ് ഫെര്‍ണാണ്ടസ്, വാജ്‌പേയ്, കന്‍ഷിറാം, ഇ എം എസ് നമ്പൂതിരിപ്പാട് തുടങ്ങിയ നേതാക്കളുടെ സ്വകാര്യ ജീവിതത്തിലെ അസുഖകരമായ അധ്യായങ്ങളെ പുറത്തു വലിച്ചിട്ടിട്ടുണ്ട് . അത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമായാണ് ചിലരെങ്കിലും കരുതുന്നത്. ധാര്‍മികതയുടെയോ നിയമത്തിന്റെയോ പിന്തുണയില്ലാത്ത നീചപ്രവര്‍ത്തനമാണ് ഇത്. വ്യക്തികളുടെ സ്വകാര്യത മൗലികാവകാശമായി അംഗീകരിച്ചിട്ടുണ്ട് ഭരണഘടനയും സുപ്രീം കോടതിയും. ഒരാള്‍ എന്ത് ധരിക്കണമെന്നും എന്ത് ഭക്ഷിക്കണമെന്നും ആരെ പ്രണയിക്കണമെന്നും വിവാഹം കഴിക്കണമെന്നും തിരഞ്ഞെടുക്കാനുള്ള അധികാരമാണ് സ്വകാര്യത. മറ്റുള്ളവരെ ഹനിക്കാത്ത കാലത്തോളം ഭരണകൂടമോ, മറ്റു വ്യക്തികളോ അയാളുടെ സ്വകാര്യ ജീവിതം നിരീക്ഷിക്കുകയോ, തലയിടുകയോ ചെയ്യരുതെന്നാണ് സ്വകാര്യത സംരക്ഷിക്കപ്പെടുക എന്നതിന്റെ താത്പര്യം.

വിയോജിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ ആണിക്കല്ലെന്നും എ കെ ജി എന്താ പടച്ചോനാണോ എന്നൊക്കെയാണ് ബല്‍റാമിനെ പിന്തുണച്ചു രംഗത്തു വന്ന ബി ജെ പി നേതാവ് സുരേന്ദ്രന്‍ ചോദിക്കുന്നത്. ജനാധിപത്യപരമായി വിയോജിക്കാനുള്ള അവകാശം ആശയങ്ങളിലധിഷ്ഠിതമാണ്. വ്യക്തികളുടെ സ്വകാര്യതയിലേക്ക് ഇറങ്ങിച്ചെല്ലാനുള്ളതല്ല. ഇന്ന് മാന്യമായ രാഷ്ട്രീയം അന്യമായിക്കൊണ്ടിരിക്കയാണ്. എല്ലാ കാര്യങ്ങളും മറ്റുള്ളവര്‍ ചെയ്യുമ്പോള്‍ കുറ്റമാവുകയും നമ്മള്‍ ചെയ്യുമ്പോള്‍ കുറ്റമല്ലാതായി മാറുകയും ചെയ്യുന്ന സ്ഥിതി വിശേഷമാണ് രാഷ്ട്രീയത്തിലും സാമൂഹിക ജീവിതത്തിലുമെല്ലാം. എങ്കിലും മരണപ്പെട്ട നേതാക്കളെയെങ്കിലും വെറുതെ വിടാന്‍ സന്മനസ്സ് കാണിക്കുക. വ്യക്തിജീവിതം പിച്ചിച്ചീന്തുമ്പോഴുണ്ടാകുന്ന മനോവേദനയുടെ കാഠിന്യം സ്വന്തം ജീവിതത്തില്‍ വരുമ്പോഴേ നാം അറിയൂ.

.

LEAVE A REPLY

Please enter your comment!
Please enter your name here