Connect with us

Articles

വളപട്ടണം പോലീസ് സ്റ്റേഷന്‍ എങ്ങനെയാണ് മികച്ചതാകുന്നത്?

Published

|

Last Updated

പോലീസുകാര്‍ നന്നായാല്‍ ജനങ്ങളും നന്നാവും – രാജ്യത്തെ മികച്ച പോലീസ് സ്റ്റേഷനായി തിരഞ്ഞെടുക്കപ്പെട്ട വളപട്ടണം സ്റ്റേഷനിലെ എസ് ഐ ശ്രീജിത് കൊടേരിയുടെ ഒറ്റവാക്കിലുള്ള വിലയിരുത്തലാണിത്. രാഷ്ട്രീയ അക്രമങ്ങള്‍ തലങ്ങും വിലങ്ങും അരങ്ങേറുന്ന കണ്ണൂര്‍ ജില്ലയില്‍ നിന്ന് അതും മണല്‍ മാഫിയയുടെ വിഹാരകേന്ദ്രം, മറുനാടന്‍ തൊഴിലാളികളുടെ സാന്നിധ്യമേറെയുള്ള സ്ഥലം, ലഹരിയും മയക്കുമരുന്നും ഇഷ്ടം പോലെ കിട്ടിക്കൊണ്ടിരുന്നയിടം, ഇതൊക്കെയായിട്ടും എങ്ങനെ വളപട്ടണം പോലീസ് സ്റ്റേഷന് രാജ്യത്തെ മികച്ചതാകാനായി?

അന്വേഷണങ്ങളും ചോദ്യങ്ങളും ആഴത്തിലേക്കിറങ്ങുമ്പോള്‍ രാജ്യത്തെ നിലവിലെ പോലീസ് സംസ്‌കാരത്തില്‍ നിന്നും ഈ സ്റ്റേഷന്‍ ഏറെ വ്യതിരിക്തത പുലര്‍ത്തുന്നുവെന്ന് മനസ്സിലാകും. ഇവിടെ പോലീസുകാരും ജനങ്ങളും തമ്മിലുള്ള അന്തരം ഏറെ കുറവാണെന്നതാണതില്‍ പ്രധാനം. കെട്ടിക്കിടക്കുന്ന പരാതികളില്ല. കേസുകളിലേക്ക് പോകുന്നതിന് മുമ്പുള്ള ഒത്തുതീര്‍പ്പ് ശ്രമങ്ങളാണേറെയും. അക്രമങ്ങളുണ്ടായാല്‍ പ്രതികള്‍ ഉടന്‍ പിടിയിലാകും. അതുകൊണ്ടു തന്നെ “കൗണ്ടര്‍ അറ്റാക്കു”കള്‍ക്ക് തടയിടാനാവുന്നു. മദ്യ-ലഹരി ഉപയോഗങ്ങള്‍ക്കെതിരെ സന്ധിയില്ലാ പോരാട്ടം ശക്തമാണ്. ഇതിനാല്‍ തന്നെ വീട്ടമ്മമാരും കുട്ടികളുമെല്ലാം സംതൃപ്തര്‍.

പുരസ്‌കാരം ജനങ്ങളില്‍ നിന്ന്

രാജ്യത്തെ ഒമ്പതാമതും സംസ്ഥാനത്തെ ഒന്നാമതുമായി തിരഞ്ഞെടുക്കപ്പെട്ട വളപട്ടണം സ്റ്റേഷന് മാര്‍ക്കിട്ടത് യഥാര്‍ഥത്തില്‍ ഇവിടുത്തെ ജനങ്ങള്‍ തന്നെയാണ്. രാജ്യത്തെ മികച്ച പത്ത് പോലീസ് സ്റ്റേഷനുകള്‍ തിരഞ്ഞെടുക്കാനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ 30 ഓളം ചോദ്യങ്ങളുമായാണ് വളപട്ടണത്ത് വന്നിറങ്ങിയത്. പോലീസ് സ്റ്റേഷന്‍ ഉള്‍ക്കൊള്ളുന്ന പ്രദേശങ്ങളുടെ ലിസ്റ്റ് ശേഖരിച്ച ശേഷം 100 വീടുകളില്‍ സംഘം കയറിയിറങ്ങുകയായിരുന്നു. ക്രമസമാധാനപാലനം, ജനങ്ങളുമായുള്ള ഇടപെടല്‍, കേസന്വേഷണം, ശുചിത്വം തുടങ്ങിയവയായിരുന്നു ചോദ്യാവലിയിലിടംപിടിച്ചവ. ലഹരിക്കും മദ്യപാനികള്‍ക്കുമെതിരെയുള്ള കടുത്ത നടപടികളാണ് ജനങ്ങളെ കൂടുതല്‍ പോലീസുകാരുടെ ഇഷ്ടക്കാരാക്കിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ തന്നെ നേരിട്ട് നടത്തുന്ന ഈ ഓപ്പറേഷന് വീട്ടമ്മമാരുടെ ഭാഗത്തു നിന്ന് നല്ല സഹകരണമാണ് ലഭിക്കുന്നത്. ഒളിഞ്ഞും മറഞ്ഞുമുള്ള മദ്യപാനത്തിന്റേയും ലഹരികടത്തിന്റേയുമെല്ലാം വിവരങ്ങള്‍ വീട്ടമ്മമാരും പൊതുപ്രവര്‍ത്തകരുമെല്ലാം പലപ്പോഴും എസ് ഐയുടെ ഫോണിലേക്ക് തന്നെയാണ് വിളിച്ചറിയിക്കാറ്. ഏത് അര്‍ധരാത്രിയിലും വൈമനസ്യം കൂടാതെ ഫോണെടുക്കുന്ന എസ് ഐയും സംഘവും വിഷയങ്ങള്‍ പുഷ്പം പോലെ കൈകാര്യം ചെയ്യുന്നു. 2016ല്‍ ഇവിടെ മൊത്തം രജിസ്റ്റര്‍ ചെയ്ത 2643 കേസുകളില്‍ രണ്ടായിരവും മദ്യവും മയക്കുമരുന്നുമായി ബന്ധപ്പെട്ടവയായിരുന്നു.

കൂടാതെ, പരാതിക്കാരെ പരിഗണിക്കുകയും കേസിലേക്ക് പോവാതെ ഒത്തുതീര്‍പ്പിനുള്ള വാതായനങ്ങള്‍ തുറക്കുകയും ചെയ്യുന്നുവെന്നത് ഇവിടുത്തെ പോലീസ് സംവിധാനത്തെ മികച്ചതാക്കുന്നുണ്ട്. ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്കു വേണ്ടി പ്രത്യേക പോലീസ് ടീം തന്നെ വളപട്ടണത്തുണ്ട്. രാഷ്ട്രീയ അക്രമ കേസുകളിലെ പ്രതികളെ അറസ്റ്റു ചെയ്യാന്‍ വൈകുന്നുവെന്നത് കണ്ണൂര്‍ ജില്ലയില്‍ അക്രമങ്ങള്‍ പടരാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. എന്നാല്‍, വളപട്ടണം സ്റ്റേഷന്‍ പരിധിയില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. അക്രമി ആരായാലും പിടികൂടി സ്റ്റേഷനിലെത്തിക്കുകയെന്ന നിര്‍ബന്ധ ബുദ്ധിയിലാണ് പോലീസുകാര്‍. അതുകൊണ്ടു തന്നെ തുടര്‍ അക്രമങ്ങള്‍ ഒഴിവായിക്കിട്ടുന്നു. നേരത്തെ നിരവധി കൊലപാതകങ്ങള്‍ നടന്ന വളപട്ടണത്ത് 2016 ഫെബ്രുവരിക്ക് ശേഷം രാഷ്ട്രീയ കൊലപാതകങ്ങള്‍ സംഭവിച്ചിട്ടേയില്ല.

ഇല്ലായ്മകളെ
വകഞ്ഞുമാറ്റിയ രീതി

സംസ്ഥാനത്തെ ഏത് പോലീസ് സ്റ്റേഷനേയും പോലെ തന്നെ വളപട്ടണം സ്റ്റേഷനും ഇല്ലായ്മകളേറെയുണ്ടായിരുന്നു. ഫണ്ടിന്റെ അപര്യാപ്തതയായിരുന്നു ഇതിന് പ്രധാന കാരണം. എന്നാല്‍ ഈ പ്രതിസന്ധിയെ ഭംഗിയായി മറികടന്നുകൊണ്ടാണ് ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ജനമൈത്രി പദ്ധതി പ്രകാരം സംസ്ഥാനത്തെ മിക്ക പോലീസ് സ്റ്റേഷനുകള്‍ക്കും കുറെ പുസ്തകങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഇവ അടുക്കി വെക്കാനിടമില്ല. പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നില്ല. വളപട്ടണം സ്റ്റേഷനിലുമുണ്ടായി ഈ പ്രതിസന്ധി. തൊട്ടടുത്ത സ്‌കൂളില്‍ എന്‍ എസ് എസ് ക്യാമ്പ് നടക്കുന്നിടത്തേക്ക് എസ് ഐ ചെന്നു. പോലീസ് സ്റ്റേഷന്റെ ആവശ്യം അവരുടെ മുന്നില്‍ നിരത്തി. ഏതാനും ദിവസങ്ങള്‍ക്കകം ലൈബ്രറി കെട്ടിടം സഫലമായി. പൊതുജനങ്ങള്‍ക്ക് കുടിവെള്ളവും വായിക്കാന്‍ പുസ്തകവുമൊക്കെയായി മനോഹരമാക്കിയ ലൈബ്രറി മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമിന്റെ നാമധേയത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
പൊടിപിടിച്ച് വൃത്തിഹീനമായ സ്റ്റേഷന്‍ പരിസരം നിലവില്‍ ഇന്റര്‍ലോക്ക് ചെയ്ത് വൃത്തിയാക്കിയിട്ടുണ്ട്. കൂടാതെ, പൂന്തോട്ടവും സി സി ടി വി ക്യാമറകളുമൊക്കെ വേറെയും. പാപ്പിനിശ്ശേരി, അഴീക്കോട്, ചിറക്കല്‍ ഭാഗങ്ങളിലെ സഹകരണ ബേങ്കുകളുടേയും നാട്ടുകാരുടേയും സഹകരണത്തോടെയാണിതെന്ന് എസ് ഐ വിശദീകരിക്കുന്നതു കേട്ടാല്‍ നമ്മള്‍ അത്ഭുതപ്പെട്ടുപോകും. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് താമസിക്കാനും വിശ്രമിക്കാനുമൊക്കെയുള്ള സൗകര്യവും പൊതുജന പങ്കാളിത്തത്തോടെ നവീകരിച്ചിട്ടുണ്ട്.

മസില്‍ പവറിന് പകരം
അനുനയ ശ്രമങ്ങള്‍

മസില്‍ പവര്‍ കഴിവതും ഒഴിവാക്കി അനുനയ ശ്രമങ്ങളാണ് വളപട്ടണം എസ് ഐയും സംഘവും പലപ്പോഴും പയറ്റാറ്. ഹെല്‍മറ്റില്ലാത്ത ബൈക്ക് യാത്രക്കാരനെ പിടികൂടിയാല്‍ പതിനായിരം തവണ ഇമ്പോസിഷനെഴുതിക്കും. മയക്കു മരുന്നുകാര്‍ക്കും മദ്യപാനികള്‍ക്കുമെല്ലാം ശാസ്ത്രീയമായ രീതിയിലുള്ള ബോധവത്കരണ ശ്രമങ്ങള്‍ നടത്തുന്നതുകൊണ്ടുതന്നെ ഏറെക്കുറെ വിജയപാത തെളിക്കാനുമായിട്ടുണ്ട്. കുടുംബ സംഗമങ്ങളിലും കുടുംബശ്രീയുടെ പരിപാടികളിലുമെല്ലാം അംഗങ്ങളായി പോലീസുകാരുമെത്തി. സ്‌കൂളുകളില്‍ ബോധവത്കരണ ശ്രമങ്ങള്‍ പോലീസിന്റെ നേതൃത്വത്തില്‍ നടന്നു. അഴിമതിക്കും സ്വാധീനങ്ങള്‍ക്കും വഴങ്ങാതെ തന്നെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരുമായി നല്ല ബന്ധം പുലര്‍ത്തുന്നതുകൊണ്ട് അക്രമങ്ങളെ മുളയിലേ നുള്ളിക്കളയാനും പോലീസിന് കഴിയുന്നുണ്ട്.

പോലീസ് മാറിയേ തീരൂ. ജനമൈത്രി പോലീസ് വെറും വാക്കുകളിലൊതുങ്ങിക്കൂടാ. ജനമൈത്രി പോലീസ് സ്റ്റേഷനുകള്‍ വെറും ഫണ്ട് വാങ്ങിക്കൂട്ടാനുള്ള ഏര്‍പ്പാട് മാത്രമായി ചുരുങ്ങിയാല്‍ ജനവും മൈത്രിയും പോലീസ് സ്റ്റേഷനുമെല്ലാം അകല്‍ച്ചയില്‍ തന്നെ കഴിയേണ്ടി വരും. വളപട്ടണം പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത് കൊടേരി പറഞ്ഞതുപോലെ പോലീസ് നന്നായാല്‍ ജനങ്ങളും നന്നാവും. നന്നാവുകയെന്നാല്‍ ജന മനസ്സിന്റെ മിടിപ്പറിഞ്ഞുകൊണ്ടുള്ള നന്നാവലാവണം. അല്ലാതെ, മസില്‍ പവറും ദുശ്ശാഠ്യവുമൊന്നും പുതിയ കാലത്ത് പ്രായോഗികമല്ല.

 

 

Latest