ന്യൂട്ടനും ആയിരം വര്‍ഷങ്ങള്‍ മുമ്പ് ബ്രഹ്മഗുപ്തന്‍ ഭൂഗുരുത്വം കണ്ടെത്തി’:വസുദേവ ദേവ്‌നാനി

Posted on: January 9, 2018 11:29 pm | Last updated: January 9, 2018 at 11:29 pm
SHARE

ജയ്പൂര്‍: ഐസക് ന്യൂട്ടനും ആയിരം വര്‍ഷം മുമ്പ് ഇന്ത്യയുടെ ഗണിത പണ്ഡിതനും ജ്യോതിശാസ്ത്രജ്ഞനുമായ ബ്രഹ്മഗുപ്ത രണ്ടാമന്‍ ഭൂഗുരുത്വ നിയമം കണ്ടുപിടിച്ചിരുന്നതായി രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി വസുദേവ ദേവ്‌നാനി. ജയ്പൂരിലെ രാജസ്ഥാന്‍ സര്‍വകലാശാലയില്‍ പരിപാടിയില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു ദേവ്‌നാനി.

നമ്മളെല്ലാം പഠിച്ചത് ഐസക് ന്യൂട്ടനാണ് ഭൂഗുരുത്വ ബലം കണ്ടെത്തിയത് എന്നാണ്. എന്നാല്‍, ആഴത്തില്‍ അന്വേഷിക്കുകയാണെങ്കില്‍ മനസ്സിലാകും, അത് കണ്ടെത്തിയത് ന്യൂട്ടനും ആയിരം വര്‍ഷം മുമ്പ് ബ്രഹ്മഗുപ്ത രണ്ടാമനാണെന്ന്. എന്നിട്ടും എന്തുകൊണ്ട് ഇക്കാര്യം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നില്ലെന്നും മന്ത്രി ചോദിച്ചു. ഇതിനകം സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തി രജ്പുത് രാജാവ് മഹാറാണാ പ്രതാപ് ഉള്‍പ്പെടെ 200ഓളം ഇന്ത്യന്‍ വ്യക്തിത്വങ്ങളെ അതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായി മന്ത്രി വ്യക്തമാക്കി.

ഓക്‌സിജന്‍ പുറത്തുവിടുന്ന ഏക ജീവി പശുവാണെന്ന് പ്രസ്താവന നടത്തി കഴിഞ്ഞ വര്‍ഷവും വസുദേവ ദേവ്‌നാനി വിവാദത്തില്‍പ്പെട്ടിരുന്നു.