മോദിക്കെതിരെ രൂക്ഷ വിമര്‍ശവുമായി മേവാനി

Posted on: January 9, 2018 8:21 pm | Last updated: January 9, 2018 at 11:22 pm
SHARE

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാറിനും രൂക്ഷ വിമര്‍ശവുമായി ഗുജറാത്തിലെ യുവ എം എല്‍ എ ജിഗ്നേഷ് മേവാനി. ഡല്‍ഹിയില്‍ നടന്ന ‘യുവ ഹുങ്കാര്‍’ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു മേവാനി.

യുവ നേതാക്കളെ വേട്ടയാടുകയാണ് ബി ജെ പി. ഗുജറാത്തില്‍ ബി ജെ പിയുടെ 150 സീറ്റ് വിജയലക്ഷ്യം അട്ടിമറിച്ചതിനാലാണ് അല്‍പേഷ് താക്കൂറും ഹര്‍ദിക് പട്ടേലും താനും ഉള്‍പ്പെടുന്ന യുവാക്കളെ ബി ജെ പി സര്‍ക്കാര്‍ ഉന്നം വെക്കുന്നതെന്നും മേവാനി പറഞ്ഞു.

‘കോറേഗാവ് സംഭവത്തിനും സഹാരന്‍പൂര്‍ സംഭവത്തിനും പുറമേ രാജ്യത്തൊട്ടാകെ ദളിതുകള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ക്ക് മറുപടി പറയാന്‍ പ്രധാനമന്ത്രി ബാധ്യസ്ഥനാണ്. രോഹിത് വെമുല എന്തുകൊണ്ട് കൊല്ലപ്പെട്ടു? രാജ്യത്തെ ജനം എന്തുകൊണ്ട് തൊഴിലില്ലായ്മ അനുഭവിക്കുന്നു? ഇതിനെല്ലാം സര്‍ക്കാര്‍ മറുപടി നല്‍കണം. അഴിമതി, ദാരിദ്ര്യം, തൊഴിലില്ലായ്മ പോലെയുള്ള യഥാര്‍ഥ പ്രശ്‌നങ്ങള്‍ മറയ്ക്കപ്പെടുന്നു. പകരം ഘര്‍ വാപസി, ലവ് ജിഹാദ്, ഗോമാതാവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നു. ലവ് ജിഹാദിലല്ല, പ്രണയത്തിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ഞങ്ങള്‍ ഭരണഘടനയില്‍ വിശ്വസിക്കുന്നു. അതിനെ സംരക്ഷിക്കുകയും ചെയ്യും. നിങ്ങള്‍ എത്ര വേണമെങ്കിലും ആക്രമിച്ചോളൂ. എങ്കിലും ഭരണഘടനക്ക് വേണ്ടി നിലകൊള്ളുക തന്നെ ചെയ്യും’- മേവാനി കൂട്ടിച്ചേര്‍ത്തു.

പോലീസ് അനുമതി നിഷേധിച്ചെങ്കിലും അത് ലംഘിച്ചാണ് ഉച്ചക്ക് ഒരു മണിയോടെ ഡല്‍ഹി ജന്തര്‍ മന്തറില്‍ റാലി ആരംഭിച്ചത്. പാര്‍ലിമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് ഏതാനും മീറ്റര്‍ അകലെ വെച്ച് റാലി പോലീസ് തടഞ്ഞു. 15,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് പ്രദേശത്ത് വിന്യസിച്ചിരുന്നത്.
മേവാനിയെ കൂടാതെ വിദ്യാ ര്‍ഥി നേതാക്കളായ കനയ്യ കുമാര്‍, ഷഹല റാഷിദ്, ഉമര്‍ ഖാലിദ്, ആസാം കര്‍ഷക നേതാവ് അഖില്‍ ഗൊഗോയ് തുടങ്ങിയവരും റാലിയില്‍ പങ്കെടുത്തു. പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുമെന്ന് റാലിക്ക് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മേവാനി പറഞ്ഞിരുന്നു. മനുസ്മൃതിയും ഭരണഘടനയും കൊടുത്ത്, ഇവയില്‍ ഏത് സ്വീകരിക്കുമെന്ന് മോദിയോട് ചോദിക്കുമെന്നായിരുന്നു ജിഗ്നേഷ് മേവാനിയുടെ പ്രസ്താവന.