ജലദൗര്‍ലഭ്യത;ജില്ലയിലെ വയലുകളില്‍ കിണറുകള്‍ വ്യാപകമാവുന്നു

മാനന്തവാടി
Posted on: January 9, 2018 11:00 pm | Last updated: January 9, 2018 at 11:00 pm
SHARE
കിണറുകള്‍ക്കായി റിംഗ് തയ്യാറാക്കുന്ന കേന്ദ്രങ്ങളിലൊന്ന്‌

ജില്ലയില്‍ വര്‍ഷം തോറും കിണറുകളില്‍ ജലദൗലഭ്യതയുടെ തോത് ഉയരാന്‍ തുടങ്ങിയതോടെ വെള്ളം തേടി വയേടലുകളില്‍ ചെറുതും വലുതുമായ കിണറുകളുടെ നിര്‍മാണം വര്‍ദ്ധിക്കുന്നു.

കുന്നിന്‍ മുകളിലും നിരപ്പ് പ്രദേശങ്ങളിലും ഉണ്ടായിരുന്ന കിണറുകളില്‍ നിന്നും നേരത്തെ ലഭിച്ചിരുന്നത് പോലെ വെള്ളം ലഭിക്കാതെ വരികയും വേനലെത്തുന്നതിന് മുമ്പ് തന്നെ കിണറുകള്‍ വറ്റിപ്പോവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വയലുകളില്‍ കിണറെടുക്കുന്നത് വ്യാപകമാവാന്‍ തുടങ്ങിയത്.കുന്നിന്‍ പ്രദേശത്ത് കിണര്‍ കുഴിക്കുന്നതിനേക്കാള്‍ ലാഭകരമായി കുറഞ്ഞ ചെലവില്‍ ഒന്നോ രണ്ടോ സെന്റ് വയല്‍ വിലക്ക് വാങ്ങി കിണര്‍ കുഴിച്ച് മോട്ടോര്‍ സ്ഥാപിച്ചാല്‍ യഥേഷ്ടം വെള്ളം ലഭിക്കുമെന്ന പ്രതീക്ഷയാണ് ജനങ്ങള്‍ക്കുള്ളത്.മഴ പോയതോടെ ഇത്തരം പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുന്ന റിംഗ് വാര്‍പ്പ് മേഖലയും സജീവമായിരിക്കുയാണ്.ഗ്രാമപ്രദേശങ്ങളിലുള്‍പ്പെടെ നിരവധി പേരാണ് ഈ മേഖലയില്‍ ജോലിചെയ്യുന്നത്.കിണര്‍ കുഴിച്ച് ആവശ്യത്തിന് വലുപ്പത്തിലുള്ള റിംഗുകളിറക്കി സുരക്ഷിതമാക്കി ക്കൊടുക്കുന്ന ജോലിയാണ് ഇവര്‍ കരാറേറ്റെടുത്ത് ചെയ്തു വരുന്നത്.

ജില്ലയിലെ പ്രകൃതി ദത്ത നീരുറവകളുടെ 70 ശതമാനത്തോളം അപ്രത്യക്ഷമായതായും ജലനിര്‍ഗമന ശേഷി നശിച്ചതായും ഈയിടെ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. സാധാരണ കിണറുകളും കുഴല്‍കിണറുകളും സുലഭമായി വെള്ളം തരുമെന്ന പ്രതീക്ഷ ഇതോടെ ലഷ്ടപ്പെട്ടിരിക്കുയാണ്.

ഇതോടെയാണ് നേരത്തെ വ്യാവസായിക ആവശ്യങ്ങള്‍ക്കും കുടിവെള്ള വിതരണത്തിനും മാത്രമായി ആശ്രയിച്ചിരുന്ന വയലുകളിലെ വെള്ളത്തെ ഇപ്പോള്‍ സാധാരണക്കാര്‍ കുടുംബത്തിലെ ദൈനംദിന ആവശ്യത്തിലേക്കായി ഉപയോഗപ്പെടുത്തുകയാണ്.എന്നാല്‍ നെല്‍വയലുകള്‍ വാഴകൃഷിക്ക് വഴിമാറിയതോടെ രാസവളവും കര്‍ണ്ണാടകയില്‍നിന്നെത്തുന്ന എല്ലിന്‍പൊടിയും കോഴിവളവും പ്രയോഗിക്കുന്ന വയലുകളില്‍ നിന്നും ലഭിക്കുന്ന വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ തോത് അപകടമാം വിധം ഉയര്‍ന്നതാണെന്ന് ഈയിടെ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.ഇതിന് പുറമെ വയലുകളില്‍ ആഴത്തില്‍ കുഴിയെടുത്ത് കോണ്‍ക്രീറ്റ് റിംഗുകളിറക്കി വ്യാവസായിതാവശ്യത്തിന് പോലും ജലചൂഷണം നടത്തുമ്പോഴുള്ള പ്രത്യാഘാതത്തെക്കുറിച്ചും കൃത്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ല.

 

 

LEAVE A REPLY

Please enter your comment!
Please enter your name here