Connect with us

Gulf

ഖത്വര്‍ എയര്‍വേയ്‌സിന് 10 പുതിയ റൂട്ടുകള്‍; യാത്രക്കാരും കാര്‍ഗോയും വര്‍ധിച്ചു

Published

|

Last Updated

ദേശീയ വിമാനക്കമ്പനിയായ ഖത്വര്‍ എയര്‍വേയ്‌സിന് പോയ വര്‍ഷം ശ്രദ്ധേയമായ പുരോഗതി. യാത്രക്കാരുടെ എണ്ണത്തിലും കാര്‍ഗോ നീക്കത്തിലും 14 ശമതാനം വളര്‍ച്ച രേഖപ്പെടുത്തി. പത്തു പുതിയ റൂട്ടുകളില്‍ കഴിഞ്ഞ വര്‍ഷം പുതുതായി സര്‍വീസ് ആരംഭിച്ചു. വിമാനങ്ങള്‍ 182ല്‍ നിന്നും 196 ആയി ഉയര്‍ന്നുവെന്ന് വിമാന കമ്പനിയുടെ വാര്‍ഷിക സുസ്ഥിരതാ റിപ്പോര്‍ട്ടില്‍ പറയുന്നു. 2016-2017 പ്രവര്‍ത്തന വര്‍ഷത്തില്‍ ഹമദ് അന്തരാഷ്ട്ര വിമാനത്താവളവും മികവു പുലര്‍ത്തി. 38.2 ദശലക്ഷം യാത്രക്കാരും 250,41 വിമാനങ്ങളുമാണ് ഈ കാലയളവില്‍ എയര്‍പോര്‍ട്ട് ഉപയോഗിച്ചത്. 18 ലക്ഷം ടണ്‍ കാര്‍ഗോ നീക്കവും നടന്നു.

വിമാനക്കമ്പനി പുലര്‍ത്തി വരുന്ന പാരിസ്ഥിതിക നയങ്ങള്‍ക്കും വൈദഗ്ധ്യങ്ങള്‍ക്കുമൊപ്പമാണ് ഈ നേട്ടങ്ങള്‍. വ്യവസായ താത്പര്യത്തിനൊപ്പം പാരിസ്ഥിതിക പ്രാധാന്യംകൂടി പരിഗണിച്ചാണ് കമ്പനി വികസനം നടപ്പിലാക്കുന്നത്. വിമാനങ്ങള്‍, എയര്‍പോര്‍ട്ട്, കാറ്ററിംഗ്, റീട്ടെയില്‍ ഔട്ട്‌ലെറ്റ്, ഹോട്ടലുകള്‍ എന്നീ മേഖലകളിലെല്ലാം പാരിസ്ഥിതിക നയം നടപ്പിലാക്കുന്നു. വിമാന ഇന്ധനം ഉപയോഗിക്കുന്നതിലെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിലും കമ്പനി ശ്രദ്ധ പുലര്‍ത്തി. ഇതിലൂടെ മുന്‍ വര്‍ഷത്തേക്കാള്‍ കാര്‍ബണ്‍ മലിനീകരണം 2.5 ശതമാനം കുറക്കാന്‍ സാധിച്ചു. ഭാരം കുറക്കല്‍, റൂട്ടുകളുടെ ക്രമീകരണം, ഗ്രൗണ്ടിലെ വിമാന ഉപയോഗം, സാങ്കേതിക മികവ് എന്നിവയിലൂടെയാണ് അന്തരീക്ഷ മലിനീകരണം കുറക്കുന്നത്.

യാത്രക്കാരുടെ കാര്‍ബണ്‍ കാര്യക്ഷമതയില്‍ 11.9 ശതമാനം പുരോഗതി കൈവരിക്കാന്‍ പോയ വര്‍ഷം സാധിച്ചു. ഈ നേട്ടം കൈവരിക്കുന്ന ജി സി സിയിലെ ആദ്യ വിമാനത്താവളമാണ് ഹമദ്. അന്താരാഷ്ട്രാ കാര്‍ബണ്‍ അക്രഡിറ്റേഷന്‍ പ്രോഗ്രാമില്‍ ലെവല്‍ മൂന്നിലെത്താന്‍ ഹമദിനു സാധിച്ചിട്ടുണ്ട്. 2030ല്‍ യാത്രക്കാരുടെ കാര്‍ബണ്‍ കാര്യക്ഷമത 30 ശതമാനത്തിലെത്തിക്കുകയാണ് ലക്ഷ്യം. കമ്പനി കൈവരിച്ച പാരിസ്ഥിതിക മികവിലൂടെ ഈ രംഗത്ത് അന്താരാഷ്ട്ര തലത്തില്‍ നേതൃത്വം നല്‍കാന്‍ സാധിക്കുന്നുവെന്ന് ഖത്വര്‍ എയര്‍വേയ്‌സ് സി ഇ ഒ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു. പാരിസ്ഥിതിക രംഗത്ത് മാതൃകയാവുകയാണ് കമ്പനി. കാര്‍ബണ്‍ വികിരണം നിയന്ത്രിക്കുക, വന്യജീവികളെയും വംശനാശം നേരിടുന്ന ജീവികളെയും സംരക്ഷിക്കുക എന്നിവയിലാണ് കമ്പനിയുടെ പ്രധാന നേട്ടം. ലോകത്തെ ആറു ഭൂഖണ്ഡങ്ങളിലെ 150 നഗരങ്ങളിലേക്കാണ് ഖത്വര്‍ എയര്‍വേയ്‌സ് സര്‍വീസ് നടത്തുന്നത്. സ്വന്തമായതും സുസ്ഥിരമായതുമായ പ്രവര്‍ത്തനമാണ് കമ്പനി നിര്‍വഹിക്കുന്നത്. 2020ല്‍ വ്യോമയാന വ്യവസായ മേഖലയാകെ ലക്ഷ്യം വെക്കുന്ന കാര്‍ബണ്‍ ന്യൂടല്‍ വളര്‍ച്ച നേടുന്നതിന് കമ്പനി വലിയ തോതില്‍ സംഭാവന നല്‍കുന്നു. ശൃംഖല വളര്‍ത്തല്‍, എയര്‍പോര്‍ട്ട് ഓപറേഷന്‍, മാലിന്യ സംസ്‌കരണം, ജല ഉപയോഗം, വംശനാശം നേരിടുന്ന മൃഗങ്ങളുടെ സംരക്ഷണം തുടങ്ങിയ രംഗങ്ങളിലെല്ലാം കമ്പനി ശ്രദ്ധേയമായ മികവ് പ്രകടിപ്പിച്ചുവെന്ന് സുസ്ഥിരതാ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വംശനാശം നേടിരുന്ന ജീവികളുടെ ആഗോള വ്യാപാരം തടയുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനത്തില്‍ കമ്പനി സജീവമായി ഇടപെടുന്നുവെന്നും റിപ്പോര്‍ട്ട് പറഞ്ഞു.

 

 

 

---- facebook comment plugin here -----

Latest