കോളറ പ്രതിരോധത്തിന് യമനില്‍ ഖത്വര്‍ സഹായം

Posted on: January 9, 2018 8:21 pm | Last updated: January 9, 2018 at 8:21 pm
SHARE

ദോഹ: യമനില്‍ കോളറയും ഡയറിയ(വയറിളക്കം)യും പ്രതിരോധിക്കുന്നതിനായി ഖത്തറിന്റെ സഹായം. ഇതുമായി ബന്ധപ്പെട്ട് യൂനിസെഫിന് അഞ്ചു മില്യണ്‍ ഡോളറിന്റെ സഹായമാണ് ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്മെന്റ്(ക്യുഎഫ്എഫ്ഡി) നല്‍കുന്നത്. ഇക്കാര്യത്തില്‍ യൂനിസെഫിന്റെ ആവശ്യത്തോട് ഖത്തര്‍ ഉടന്‍ പ്രതികരിക്കുകയായിരുന്നു. കോളറയും ഡയറിയയും ബാധിച്ചവര്‍ക്ക് മികച്ച പരിചരണവും ചികിത്സയും ഉറപ്പാക്കുന്നതിനൊപ്പം രോഗം തുടച്ചുനീക്കുന്നതിനുമാണ് ഈ തുക ചെലവഴിക്കുക. യമനിലെ ആരോഗ്യ, ജല, ശുചീകരണ രംഗങ്ങളപ്പാടെ തകര്‍ച്ച നേരിടുകയാണ്.

യമനിലെ സാമൂഹിക സേവന മേഖലയൊട്ടാകെ കടുത്ത വെല്ലുവിളികള്‍ നേരിടുകയാണെന്ന് യൂനിസെഫ് ചൂണ്ടിക്കാട്ടുന്നു. 2017ല്‍ 339 മില്യണ്‍ യുഎസ് ഡോളറിന്റെ സഹായമാണ് യമനായി വാഗ്ദത്തം ചെയ്യപ്പെട്ടത്. എന്നാല്‍ 54ശതമാനം ഫണ്ടിങ് മാത്രമാണ് ലഭിച്ചത്. 2018ല്‍ യൂനിസെഫ് 312 മില്യണ്‍ ഡോളറിന്റെ സഹായമാണ് യമനായി തേടുന്നത്. 160 ലക്ഷം ജനങ്ങളാണ് ശുദ്ധജലം ലഭിക്കാതെ കഷ്ടപ്പെടുന്നത്. ഇവിടങ്ങളില്‍ ശുചീകരണപ്രവര്‍ത്തനങ്ങളും അവതാളത്തിലാണ്. പതിനൊന്ന് മില്യണിലധികം കുട്ടികള്‍ മാനുഷിക കാരുണ്യം തേടുന്നുണ്ട്. യൂനിസെഫിന്റെ അടിയന്തര ആവശ്യത്തോട് ഉടനടി പ്രതികരിക്കുകയായിരുന്നു ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്മെന്റ്. യമനില്‍ കോളറരോഗം തുടച്ചുനീക്കുന്നതിനായാണ് അന്‍പത് ലക്ഷം യുഎസ് ഡോളര്‍ ഖത്തര്‍ നല്‍കുന്നത്. അഞ്ചുലക്ഷം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

 

 

LEAVE A REPLY

Please enter your comment!
Please enter your name here