Connect with us

Gulf

എഴുനൂറിലധികം ഹൃദ്‌രോഗ വിദഗ്ദര്‍ ഈ ആഴ്ച ദോഹയില്‍ സംഗമിക്കുന്നു

Published

|

Last Updated

ഡോ. ഹാജര്‍ അഹ്മദ്

ദോഹ: അന്താരാഷ്ട്ര, മേഖലാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന എഴുനൂറിലിധികം ഹൃദ്‌രോഗവിദഗ്ധര്‍ ഈ ആഴ്ച ദോഹയില്‍ സമ്മേളിക്കും. ഗള്‍ഫ് ഹാര്‍ട്ട് അസോസിയേഷന്റെ പതിനാലാമത് സമ്മേളനത്തിലാണ് അപുര്‍വസംഗമം. പതിനൊന്നാമത് ഗള്‍ഫ് വാസ്‌കുലാര്‍ സൊസൈറ്റി സിംപോസിയവും അനുബന്ധമായി നടക്കും. ആരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരിയുടെ നേതൃത്വത്തിലാണ് ഈ മാസം 11 മുതല്‍ 13 വരെ സമ്മേളനം നടക്കുന്നത്.

ഹൃദ്‌രോഗത്തെ കേന്ദ്രീകരിച്ച് മേഖലയിലെ ഏറ്റവും വലിയ ആരോഗ്യ ശാസ്ത്ര സമ്മേളനമാണിത്. യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജി, അമേരി#്കകന്‍ കോളജ് ഓഫ് കാര്‍ഡിയോളജി എന്നിവയുമായി സഹകരിച്ചാണ് സമ്മേളനം. ഹൃദ്‌രോഗികള്‍ക്ക് അതിനൂതനമായ പരിചരണം നല്‍കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകളാണ് സമ്മേളനത്തിന്റെ മുഖ്യ അജന്‍ഡയെന്ന് ഗള്‍ഫ് ഹാര്‍ട്ട് അസോസിയേഷന്‍ ദോഹ പ്രസിഡന്റ് ഡോ. ഹാജര്‍ അഹ്മദ് ഹാജര്‍ അല്‍ ബിനാലി പറഞ്ഞു. ഒമാന്‍, കുവൈത്ത്, ജോര്‍ദാന്‍, ലബനോന്‍, തുര്‍ക്കി, യു എസ്, കാനഡ, ആസ്‌ട്രേലിയ തുടങ്ങി 40 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളാണ് മൂന്നു ദിവസത്തെ സമ്മേളനത്തല്‍ സംബന്ധിക്കുന്നത്. ഉപരോധ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിദികളുടെ പങ്കാളിത്തം ഉറപ്പു വരുത്തിയിട്ടില്ല.

ഹൃദ്‌രോഗ ചികിത്സാ രംഗത്തെ ഏറ്റവും പുതിയ രീതികളും പ്രവണതകളും മനസ്സിലാക്കുവാന്‍ മൂന്നു ദിവസത്തെ സമ്മേളനവും സിംപോസിയവും സഹായിക്കും. ഹൈപര്‍ടെന്‍ഷന്‍, ഡയഗ്നോസ്റ്റിക് ഇമേജിംഗ്, കാര്‍ഡിയോവാസ്‌കുലാര്‍ സര്‍ജറി തുടങ്ങിയ മേഖലകളെക്കുറിച്ചും അവതരണങ്ങള്‍ നടക്കും. ഹൃദ്‌രോഗ ചികിത്സാ രംഗത്തെ അത്യാധുനിക സംവിധാനങ്ങളെക്കുറിച്ച് 30 ലോകോത്തര വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സമ്മേളനം യൂട്യൂബില്‍ ലൈവായി ബ്രോഡ്കാസ്റ്റ് ചെയ്യും. ഗാസ മുനമ്പ്, യമന്‍ എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിക്കുന്നവരും സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവരുമായ ഡോക്ടര്‍മാര്‍ക്കു വേണ്ടിയാണിത്.

മൂന്നു ശില്‍പ്പശാലകളും 17 ശാസ്ത്രീയ സെഷനുകളും സമ്മേളനത്തില്‍ നടക്കും. യു കെ, യു എസ്, സ്‌പെയിന്‍, സെര്‍ബിയ, ഇറ്റലി, നെതര്‍ലാന്‍ഡ്, ആസ്‌ട്രേലിയ, ഫ്രാന്‍സ്, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍നിന്നുള്ള വിദഗ്ധരാണ് പ്രഭാഷകരായി എത്തുന്നത്. രാജ്യത്ത് ഹൃദ്‌രോഗ ചികിത്സാ രംഗം ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹൃദ്‌രോഗികള്‍, രോഗകാരണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍ തുടങ്ങിയവയില്‍ പഠനങ്ങളും പ്രവര്‍ത്തനങ്ങളും നടന്നു വരുന്നുണ്ട്. പ്രത്യേക ചികിത്സാകേന്ദ്രവും പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.