ഷോപ് ഖത്വറിന് പകിട്ടാര്‍ന്ന തുടക്കം

Posted on: January 9, 2018 8:14 pm | Last updated: January 9, 2018 at 8:14 pm
SHARE

ദോഹ: നിറം കലര്‍ന്ന സാംസ്‌കാരിക, വിനോദ പരിപാടികളുടെ പകിട്ടില്‍ രാജ്യത്തിന്റെ വലിയ വ്യാപാര, വാണിജ്യ ഉത്സവകാലത്തിന് തുടക്കമായി. അല്‍ ഹസം മാളിലാണ് ഷോപ് ഖത്വറിനന്റെ ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങുകള്‍ നടന്നത്.

സാമ്പത്തിക വാണിജ്യ മന്ത്രി ശൈഖ് അഹമ്മദ് ബിന്‍ ജാസിം അല്‍ താനിയാണ് രണ്ടാമത് ഷോപ് ഖത്വര്‍ ഉദ്ഘാടനം ചെയ്തത്. വിദേശ നയതന്ത്ര പ്രതിനിധികളും സര്‍ക്കാര്‍ പ്രതിനിധികളും സ്വകാര്യ മേഖലയിലെ വ്യക്തിത്വങ്ങളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. നിറങ്ങള്‍ ചാര്‍ത്തിയ വേഷവിധാനങ്ങളോടെ യൂറോപ്പ്, ഏഷ്യ, ആഫ്രിക്കന്‍ രാജ്യങ്ങളുടെ പ്രകടനങ്ങള്‍ ഉദ്ഘാടനത്തിന് മാറ്റേകി. ഖത്വര്‍ ടൂറിസം അതോറിറ്റിയുടെ നേതൃത്വത്തിലാണ് രാജ്യത്തെ പിതുമൂന്ന് മാളുകളിലായി ഷോപ് ഖത്വര്‍ വ്യാപാര മേള വ്യത്യസ്ത പരിപാടികളുമായി ഒരു മാസം സജീവമാകുന്നത്.

‘എ ബ്രാന്‍ഡ് ന്യൂ ട്രഡീഷന്‍’ എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ മേള നടക്കുന്നത്. ഉപഭോക്താക്കള്‍ക്ക് വ്യത്യസ്ത ഷോപിംഗ് ഓഫറുകളും അമ്പത് ശതമാനം വരെ വിലക്കിഴിവും നാല്‍പ്പത് ലക്ഷം റിയാല്‍ വരെ കാഷ് പ്രൈസും ആഡംബര കാറുമാണ് സമ്മാനമായി നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ മാര്‍ഗനിര്‍ദേശത്തിലാണ് നടത്തിയതെന്നും മേള സ്വകാര്യ, പൊതു മേഖലകളുടെ പങ്കാളിത്തത്തോടെ വലിയ വിജയമായിരുന്നെന്നും ക്യു ടി എ ആക്ടിംഗ് ചെയര്‍മാന്‍ ഹസന്‍ അല്‍ ഇബ്രാഹിം പറഞ്ഞു. ഖത്വര്‍ ദേശീയ ദര്‍ശന രേഖ 2030ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ ഭാഗമായി ടൂറിസം മേഖലയെ പിന്തുണക്കുക ലക്ഷ്യമിട്ടാണ് ഷോപ് ഖത്വര്‍ നടത്തുന്നത്.

അല്‍ഖോര്‍ മാള്‍, സിറ്റി സെന്റര്‍, ദോഹ ഫെസ്റ്റിവല്‍ സിറ്റി, ഗള്‍ഫ് മാള്‍, ഹയാത്ത് പ്ലാസ്, ലഗൂണ മാള്‍, ലാന്‍ഡ്മാര്‍ക്ക്, മാള്‍ ഓ്ഫ് ഖത്തര്‍, തവാര്‍ മാള്‍, ദ ഗേറ്റ് മാള്‍, വില്ലാജിയോ, എസ്ദാന്‍ മാള്‍, ദാര്‍ അല്‍ സലാം മാള്‍ എന്നിവയാണ് മേളയില്‍ പങ്കെടുക്കുന്ന മാളുകള്‍. ഓരോ മാളുകളിലും വ്യത്യസ്ത സാംസ്‌കാരിക, വിനോദ പരിപാടികളാണ് അരങ്ങേറുന്നത്. അറേബ്യന്‍, ബോളിവുഡ്, അന്താരാഷട്രം എന്നിങ്ങനെ മൂന്ന് പ്രമേയങ്ങളിലാണ് വാരാന്ത്യങ്ങളില്‍ പ്രത്യേക ഫാഷന്‍ ഷോകളും സംഗീത, വിനോദ പരിപാടികളും നടക്കുന്നത്. ഫെബ്രുവരി ഏഴ് വരെ മേള തുടരും.

 

 

LEAVE A REPLY

Please enter your comment!
Please enter your name here