Connect with us

Gulf

രാജ്യത്തെ വിദ്യാലയങ്ങളില്‍ 80 ശതമാനം രക്ഷിതാക്കള്‍ക്കും സംതൃപ്തി

Published

|

Last Updated

ദോഹ: രാജ്യത്തെ വിദ്യാലയങ്ങളെക്കുറിച്ച് 80ശതമാനത്തിലധികം രക്ഷിതാക്കള്‍ക്കും സംതൃപ്തി. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രസിദ്ധീകരിച്ച പുതിയ റിപ്പോര്‍ട്ടിലാണ് ഇതു വ്യക്തമാക്കുന്നത്. 2016- 17 വര്‍ഷത്തെ 322 സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്കായുള്ള സ്‌കൂള്‍ റിപ്പോര്‍ട്ട് കാര്‍ഡിലാണ് പരാമര്‍ശം.

മന്ത്രാലയത്തിലെ സ്‌കൂള്‍ ഇവാല്യുവേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് തയാറാക്കിയ റിപ്പോര്‍ട്ട് മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പ്രൈമറി സ്‌കൂളുകളുടെ കാര്യത്തില്‍ 83 ശതമാനം രക്ഷിതാക്കളും സന്തോഷം പ്രകടിപ്പിച്ചു. പ്രിപ്പറേറ്ററി വിഭാഗത്തില്‍ 81ശതമാനം രക്ഷിതാക്കളും സെക്കന്ററി ഘട്ടത്തില്‍ 80ശതമാനം രക്ഷിതാക്കളും സംതൃപ്തി അറിയിച്ചു. പ്രൈമറി ഘട്ടത്തിലെ സ്‌കൂളുകളുടെ ആശയവിനിമയത്തില്‍ 77ശതമാനം രക്ഷിതാക്കള്‍ തൃപ്തരാണ്. പ്രിപ്പറേറ്ററി ഘട്ടത്തില്‍ 62ശതമാനവും സെക്കന്ററി ഘട്ടത്തില്‍ 72ശതമാനം രക്ഷിതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു. പ്രൈമറി തലത്തില്‍ സ്‌കൂളുകളുടെ വിദ്യാഭ്യാസേതര പ്രവര്‍ത്തനങ്ങളില്‍ 67ശതമാനം രക്ഷിതാക്കള്‍ തൃപ്തി പ്രകടിപ്പിച്ചു. പ്രിപ്പറേറ്ററി ഘട്ടത്തിലെ സ്‌കൂളുകളുടെ എക്സ്ട്രാ കരിക്കുലര്‍ പ്രവര്‍ത്തനങ്ങളില്‍ 62 ശതമാനം രക്ഷിതാക്കളും തൃപ്തരാണ്.

സെക്കന്ററി തലത്തില്‍ 58ശതമാനം രക്ഷിതാക്കള്‍ തൃപ്തി പ്രകടിപ്പിച്ചു. പ്രൈമറി സ്‌കൂളുകളുടെ കാര്യത്തില്‍ തങ്ങള്‍പഠിക്കുന്ന സ്‌കൂളുകളില്‍ 78ശതമാനം വിദ്യാര്‍ഥികളും തൃപ്തി പ്രകടിപ്പിച്ചു. പ്രിപ്പറേറ്ററി സ്‌കൂളുകളുടെ കാര്യത്തില്‍ 69 ശതമാനം പേരും സെക്കന്ററി സ്‌കൂളുകളുടെ കാര്യത്തില്‍ 65 ശതമാനം വിദ്യാര്‍ഥികളും തൃപ്തി പ്രകടിപ്പിച്ചു. പ്രൈമറി തലത്തില്‍ ഒരു ക്ലാസ് റൂമില്‍ ശരാശരി വിദ്യാര്‍ഥികളുടെ എണ്ണം 22 ആണ്. പ്രിപ്പറേറ്ററി സ്‌കൂളുകളില്‍ 23ഉം സെക്കന്ററി സ്‌കൂളുകളില്‍ 22 വിദ്യാര്‍ഥികളുമാണ്. പ്രൈമറി ഘട്ടത്തില്‍ ശരാശരി അധ്യാപകരുടെ എണ്ണം 65 ആണ്. പ്രിപ്പറേറ്ററി ഘട്ടത്തില്‍ 68, സെക്കന്ററി ഘട്ടത്തില്‍ ശരാശരി 72 അധ്യാപകരുമാണുള്ളത്. അധ്യാപകരുടെ ശരാശരി പ്രവര്‍ത്തിപരിചയം പ്രൈമറി ഘട്ടത്തില്‍ 11 വര്‍ഷവും പ്രിപ്പറേറ്ററി ഘട്ടത്തിലും സെക്കന്ററി ഘട്ടത്തിലും പതിമൂന്ന് വര്‍ഷം വീതമാണ്. ഓരോ സ്‌കൂളുകളെയും കുറിച്ചുള്ള ഏറ്റവും പുതിയ വിശദാംശങ്ങള്‍ ലഭ്യമാക്കുകയാണ് സര്‍വേയുടെ ലക്ഷ്യം. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും കാഴ്ചപ്പാടുകള്‍, ഓരോ സ്‌കൂളുകളെയും സംബന്ധിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ തുടങ്ങിയവയും സര്‍വേയിലൂടെ ലഭ്യമാണ്. സര്‍ക്കാര്‍ സ്‌കൂളുകളിലെ 65ശതമാനം ഖത്തരി രക്ഷിതാക്കളും സര്‍വേയോട് പ്രതികരിച്ചപ്പോള്‍ സ്വകാര്യസ്‌കൂളുകളിലെ 39ശതമാനം ഖത്തരി രക്ഷിതാക്കളാണ് പ്രതികരിച്ചത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 75ശതമാനം നോണ്‍ ഖത്വരി രക്ഷിതാക്കളും സ്വകാര്യസ്‌കൂളുകളില്‍ 63ശതമാനം നോണ്‍ഖത്വരി രക്ഷിതാക്കളും സര്‍വേയില്‍ പ്രതികരിച്ചു.

 

 

 

Latest