Connect with us

Gulf

ഉപരോധം ചലനമുണ്ടാക്കാതെ ഓണ്‍ലൈന്‍ വിപണി സജീവം

Published

|

Last Updated

ദോഹ: അയല്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഒരു സ്വാധീനവും ചെലുത്താതെ രാജ്യത്തെ ഓണ്‍ലൈന്‍ വ്യാപാരം വളര്‍ച്ചുയടെ പാതയില്‍.

വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ ഇ-വ്യാപാരികള്‍ ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന ഉത്പന്നങ്ങള്‍ കൃത്യ സമയത്ത് തന്നെ എത്തിക്കുന്നു. ദോഹക്ക് പുറത്ത് നിന്നുള്ള ഓര്‍ഡര്‍ ഏഴ് ദിവസത്തിനുള്ളില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. മിതമായ നിരക്കിലാണ് ഷിപ്പിംഗ് സേവനം. അതേസമയം ചില ഇ വ്യാപാരികള്‍ ഷിപ്പിംഗ് നിരക്ക് ഒഴിവാക്കിയും വില്‍പ്പന നടത്തുന്നു. ഓണ്‍ലൈന്‍ വ്യാപാരത്തിനാണ് രാജ്യത്ത് പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ മുന്‍തൂക്കം നല്‍കുന്നത്. പ്രത്യേകിച്ചും ഉദ്യോഗസ്ഥരായ സ്ത്രീകള്‍ കൂടുതലും ഓണ്‍ലൈന്‍ വഴിയാണ് ഉത്പന്നങ്ങള്‍ വാങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കൂടുതല്‍ എളുപ്പവും വിശ്വസനീയവുമാണ് ഓണ്‍ലൈനുകളില്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നതെന്ന് ഉദ്യോഗസ്ഥയായ ഖത്വരി വനിത അല്‍ നൂര്‍ പറഞ്ഞു. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങി വ്യത്യസ്ത നവമാധ്യമ അക്കൗണ്ടുകളിലൂടെയും വെബ്‌സൈറ്റുകളിലൂടെയും നിരവധി ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ സജീവമാണ്. ഗാര്‍ഹിക സംരഭകരും ഓണ്‍ലൈന്‍ വഴിയാണ് ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നത്. ഖത്വര്‍ ഡ്രസ് ബോട്ടീഖ് തുടങ്ങിയ ബ്രാന്‍ഡുകളെല്ലാം ഓണ്‍ലൈന്‍ വില്‍പ്പനയില്‍ സജീവമാണ്. അടുത്തിടെയാണ് ഒരു ലക്ഷത്തോളം തുര്‍ക്കി ഉത്പന്നങ്ങളുമായി ഖത്വറിലെ ജനങ്ങള്‍ക്കായി ഖത്വര്‍-തുര്‍ക്കി തപാല്‍ കമ്പനികള്‍ സംയുക്തമായി ഓണ്‍ലൈന്‍ തുര്‍ക്കിഷ് സൂഖിന് തുടക്കമിട്ടത്. ഇ- ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ തിരഞ്ഞെടുപ്പിനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.

അറബിക് പെര്‍ഫ്യൂമുകള്‍, വസ്ത്രങ്ങള്‍, കീ ചെയിനുകള്‍ തുടങ്ങി ബെഡ്ഷീറ്റുകളും തലയിണകളും വരെ ഓണ്‍ലൈനില്‍ വില്‍ക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ അപേക്ഷിച്ച് ഓണ്‍ലൈനിലൂടെ എത്തുന്ന ഉത്പന്നങ്ങളുടെ ഗുണനിലവാരം വര്‍ധിച്ചതിനെ തുടര്‍ന്ന് ഓര്‍ഡറുകലും വര്‍ധിച്ചിട്ടുണ്ട്. ഷോപിംഗ് മാളുകളില്‍ സമയം കളയാതെ വീട്ടിലോ ഓഫീസിലോ ഇരുന്ന് ഇഷ്ടമുള്ള സമയങ്ങളില്‍ ഓര്‍ഡര്‍ ചെയ്യാനുമാകും. പ്രിയപ്പെട്ടവര്‍ക്ക് ഓണ്‍ലൈന്‍ വഴി സമ്മാനങ്ങള്‍ നല്‍കുന്നവരും കുറവല്ല. ഷോപിംഗ് മാളിലേക്കുള്ള യാത്രാ സമയവും ചെലവും കുറക്കാന്‍ ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ക്ക് കഴിയുന്നുണ്ടെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്. എന്നാല്‍ വിശ്വസ്തരായ വ്യാപാരികളുടെ ഉത്പന്നങ്ങള്‍ മാത്രമേ വാങ്ങാവൂ എന്നും ഇവര്‍ മുന്നറിയിപ്പു നല്‍കുന്നു. ഓണ്‍ലൈന്‍ വ്യാപാരം സജീവമായതോടെ രാജ്യത്തെ പ്രമുഖ ഹൈപര്‍ മാര്‍ക്കറ്റുകളും ഈ രംഗത്തേക്കു വരുന്നുണ്ട്.