Connect with us

Kerala

മുഖ്യമന്ത്രിയുടെ ആകാശയാത്രാ വിവാദം; ഉത്തരവ് റദ്ദാക്കി

Published

|

Last Updated

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ആകാശ യാത്രക്കുള്ള പണം ദുരന്തനിവാരണ ഫണ്ടില്‍ നിന്നുമാണ് അനുവദിച്ചതെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ വിവാദ ഉത്തരവ് പിന്‍വലിച്ചു. സിപിഎം തൃശൂര്‍ ജില്ലാ പാര്‍ട്ടി സമ്മേളനത്തില്‍ നിന്നും തിരുവനന്തപുരത്തേക്കും അവിടെ നിന്ന് സമ്മേളനത്തിലേക്കുമുള്ള യാത്രയ്ക്കുമാണ് ദുരന്തനിവാരണ ഫണ്ടില്‍ നിന്നും തുക നല്‍കാന്‍ ഉത്തരവിട്ടതെന്നായിരുന്നു ആരോപണം.

എന്നാല്‍ യാത്രാ പണത്തിന്റെ വകമാറ്റിയത് അറിഞ്ഞില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രതികരണം. ഈ മാസം ആറിന് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എം. കുര്യന്‍ ആണ് പണം നല്‍കുന്നത് സംബന്ധിച്ച ഉത്തരവിറക്കിയത്.

മുഖ്യമന്ത്രിയുടെ വിമാനയാത്രയടക്കമുള്ള യാത്രാ ചിലവുകള്‍ സാധാരണ പൊതുഭരണ വകുപ്പില്‍ നിന്നാണ് നല്‍കുന്നത്. ദുരന്തനിവാരണ ഫണ്ടില്‍ നിന്നും പണം എടുക്കാനുള്ള ഈ തീരുമാനത്തെ ശക്തമായി വിമര്‍ശിച്ച് കോണ്‍ഗ്രസടക്കം രംഗത്ത് വന്നിരുന്നു.