ലോക കേരളസഭയിലേക്ക് ഷാര്‍ജയില്‍നിന്ന് ആറു പ്രമുഖര്‍

ഷാര്‍ജ
Posted on: January 9, 2018 7:15 pm | Last updated: January 9, 2018 at 7:15 pm

പ്രവാസികളായ ലക്ഷക്കണക്കിന് മലയാളികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന ലോക കേരളസഭയിലേക്ക് ഷാര്‍ജയിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരായ ആറു പേരെ തിരഞ്ഞെടുത്തു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വൈ എ റഹീം, നോര്‍ക്ക ഡയറക്ടറും കൈരളി ടി വി. യു എ ഇ കോര്‍ഡിനേറ്ററുമായ ആര്‍ കൊച്ചുകൃഷ്ണന്‍, സാമൂഹിക പ്രവര്‍ത്തകന്‍ അശ്‌റഫ് താമരശ്ശേരി, മാസ് മുന്‍ പ്രസിഡന്റ് ആര്‍ പി മുരളി, ഇന്ത്യന്‍ അസോസിയേഷന്‍ ഓഡിറ്റര്‍ അഡ്വ. സന്തോഷ് നായര്‍, മഹാദേവന്‍ വാഴശ്ശേരിയില്‍ എന്നിവരെയാണ് തിരഞ്ഞെടുത്തത്. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബിജു സോമന്‍ പ്രത്യേക ക്ഷണിതാവായിരിക്കും.

തിരഞ്ഞെടുക്കപ്പെട്ടവരെല്ലാം ഷാര്‍ജയിലെ കലാ-കായിക, സാമൂഹിക ജീവകാരുണ്യ വദ്യാഭ്യാസ രംഗങ്ങളിലെ നിറസാന്നിധ്യമാണ്.

പ്രവാസികളുടെ ഉന്നമനത്തിനും ക്ഷേമത്തിനും ആഹോരാത്രം യത്‌നിക്കുന്ന ഇവരുടെ സഭയിലെ സാന്നിധ്യം ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.

അഡ്വ. വൈ എ റഹീം ദീര്‍ഘകാലമായി ജീവകാരുണ്യ സാമൂഹിക രംഗങ്ങളില്‍ സജീവമാണ്. പാവപ്പെട്ട പ്രവാസികളുടെ താങ്ങും തണലുമായി നിലകൊള്ളുന്ന മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും വലിയ പ്രവാസി കൂട്ടായ്മയായ ഇന്ത്യന്‍ അസോസിയേഷന്റെ പ്രസിഡന്റായും ജനറല്‍ സെക്രട്ടറിയായും മറ്റും ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹം പ്രവാസികളുടെ കണ്ണീരൊപ്പുന്നതില്‍ എന്നും മുന്നിലാണ്.

ആര്‍ കൊച്ചുകൃഷ്ണനും ഷാര്‍ജയിലെ നിറസാന്നിധ്യമാണ്. നോര്‍ക്ക ഡയറക്ടറെന്ന നിലയില്‍ അദ്ദേഹം പ്രവാസികളുടെ നാനാവിധയമായ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിഹാരത്തിന് ശ്രമിക്കുന്നു. അശ്‌റഫ് താമരശ്ശേരി പാവപ്പെട്ട പ്രവാസികളോടൊപ്പമാണെന്നും. പ്രവാസലോകത്ത് മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതില്‍ അദ്ദേഹം വഹിക്കുന്ന പങ്ക് വലുതാണ്. ആര്‍ പി മുരളി മാസ് സാംസ്‌കാരിക സംഘടനയുടെ ഉന്നതനായ നേതാക്കളിലൊരാളാണ്. സംഘടനയില്‍ പ്രമുഖ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ അസോസിയേഷന്‍ ഭരണ മുന്നണിയുടെ കണ്‍വീനറാണ് നിലവില്‍. സാംസ്‌കാരിക, കലാ സാമൂഹിക രംഗങ്ങളിലെ നിറസാന്നിധ്യം. അഡ്വ. സന്തോഷ് നായരും മഹാദേവനും വിവിധ മേഖലകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരാണ്. കെ എം സി സി നേതാക്കളായ ഇബ്‌റാഹീം എളേറ്റില്‍, പുത്തൂര്‍ റഹ്മാന്‍ എന്നിവരും ലോക കേരളഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.