സംസാരിക്കുന്ന എ ടി എം ഷാര്‍ജയില്‍

Posted on: January 9, 2018 6:44 pm | Last updated: January 9, 2018 at 6:45 pm
SHARE

ദുബൈ: യു എ ഇയില്‍ ആദ്യമായി ‘സംസാരിക്കുന്ന’ എ ടി എം മെഷീന്‍ ഷാര്‍ജയില്‍ സ്ഥാപിച്ചു. അന്ധന്മാര്‍ക്കും കാഴ്ച പരിമിതി ഉള്ളവര്‍ക്കും പ്രത്യേകമായി സേവനം ഒരുക്കുന്ന വിധത്തിലാണ് എ ടി എമ്മിന്റെ പ്രവര്‍ത്തന രീതി.

അറബിയിലും ഇംഗ്ലീഷിലുമുള്ള വലിയ അക്ഷരങ്ങളോട് കൂടിയ കീബോര്‍ഡ് ആണ് എ ടി എം മെഷീനില്‍ സജ്ജീകരിച്ചിട്ടുള്ളത്. രണ്ട് ഭാഷകളില്‍ എ ടി എം ശബ്ദ നിര്‍ദേശങ്ങളും നല്‍കും. ഉപഭോക്താക്കളുടെ സ്വകാര്യത കണക്കിലെടുത്തു ഹെഡ് ഫോണ്‍, സ്പീക്കര്‍ എന്നീ സംവിധാനങ്ങളിലൂടെ ശബ്ദ നിര്‍ദ്ദേശങ്ങള്‍ ശ്രവിക്കാനുള്ള സൗകര്യമുണ്ട്. സാധാരണ എ ടി എം മെഷീനുകളെ അപേക്ഷിച്ചു മൂന്ന് സെക്യൂരിറ്റി ക്യാമറകള്‍ എ ടി എം മെഷീനുകളില്‍ ഉണ്ടാവും. ഷാര്‍ജ ഇസ്‌ലാമിക് ബേങ്ക്, ഷാര്‍ജ സിറ്റി ഫോര്‍ ഹ്യുമാനിറ്റേറിയന്‍ സര്‍വീസ് സെന്ററിലാണ് പുതിയ മെഷീന്‍ സ്ഥാപിച്ചിട്ടുള്ളത്. വീല്‍ ചെയര്‍ ഉപയോഗിക്കുന്ന പ്രത്യേക പരിചരണം ആവശ്യമുള്ള ഉപഭോക്താക്കള്‍ക്കും കൂടുതല്‍ സൗകര്യങ്ങള്‍ മെഷീനില്‍ ഒരുക്കിയിട്ടുണ്ട്.