ലോക റെക്കോഡുകളില്‍ തൊട്ട് ബുര്‍ജ് ഖലീഫ എട്ടാം വര്‍ഷത്തില്‍

Posted on: January 9, 2018 6:42 pm | Last updated: January 10, 2018 at 12:19 pm
SHARE

ദുബൈ: ബുര്‍ജ് ഖലീഫ എട്ടാം വയസിലെത്തി നില്‍ക്കുമ്പോള്‍ റെക്കോര്‍ഡുകളുമായി മുന്നേറുന്നു. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം, ഭൂമിയില്‍ നിന്ന് അര കിലോമീറ്റര്‍ ഉയരത്തിലുള്ള നിരീക്ഷണ കേന്ദ്രം, ഏറ്റവും കൂടുതല്‍ തട്ടുകളുള്ള കെട്ടിടം, ഏറ്റവും കൂടുതല്‍ നിലകളുള്ള കെട്ടിടം, ഏറ്റവും ഉയര്‍ന്ന എലവേറ്ററുള്ള കെട്ടിടം, ഭൂമുഖത്തെ മനുഷ്യനിര്‍മിതമായ വലിയ കെട്ടിടഘടന, തറനിരപ്പില്‍നിന്ന് ഏറ്റവും ഉയരത്തിലുള്ള റസ്റ്റോറന്റ് എന്നീ ഗിന്നസ് റെക്കോര്‍ഡുകള്‍ ബുര്‍ജ് ഖലീഫയുടെ പേരിലാണ്. ഏറ്റവുമൊടുവില്‍ പുതുവത്സരദിനത്തില്‍ ഏറ്റവും വലിയ പ്രകാശ, ശബ്ദ പ്രദര്‍ശനത്തിനുള്ള റെക്കോഡും നേടി. പ്രദര്‍ശനം ഡൗണ്‍ ടൗണ്‍ മേഖലയാകെ നിറങ്ങളുടെ വിസ്മയം തീര്‍ത്തു. 1,09,252 ചതുരശ്ര മീറ്ററിലായിരുന്നു ലേസര്‍ ഷോ പ്രകാശം വിതറിയത്. 20 ഫുട്‌ബോള്‍ മൈതാനങ്ങള്‍ ചേര്‍ന്നാലുള്ള സ്ഥലത്തെ പ്രകാശവിന്യാസത്തിനു മ്യൂസിക് ഫൗണ്ടന്‍ അകമ്പടിയായി.

828 മീറ്റര്‍ പൊക്കത്തോടെ ഉയരത്തില്‍ ഗിന്നസ് റെക്കോര്‍ഡുള്ള ബുര്‍ജ് ഖലീഫയില്‍ 555 മീറ്റര്‍ ഉയരത്തിലാണ് നിരീക്ഷണ കേന്ദ്രം. രാജ്യത്തെത്തുന്ന രാജ്യാന്തര വിനോദസഞ്ചാരികളെ ഏറ്റവും ആകര്‍ഷിക്കുന്ന സ്ഥലമാണ് ബുര്‍ജ് ഖലീഫ.

സര്‍ക്കാരിന് 30 ശതമാനവും വ്യക്തികള്‍ക്ക് 70 ശതമാനവും ഓഹരിയുള്ള കമ്പനിയായ ഇമാര്‍ പ്രോപ്പര്‍ട്ടീസാണ് ബുര്‍ജ് ഖലീഫയുടെ നിര്‍മാതാക്കള്‍. 95 കിലോമീറ്റര്‍ ദൂരത്തുനിന്നുപോലും ഗോപുരം കാണാന്‍ സാധിക്കും. അമേരിക്കക്കാരനായ അഡ്രിയാന്‍ സ്മിത്ത് ആണ് ചീഫ് ആര്‍ക്കിടെക്ട്. ഭൂതലത്തില്‍നിന്ന് 10 മീറ്റര്‍ താഴേക്കും 818 മീറ്റര്‍ മുകളിലേക്കുമുള്ള നിര്‍മാണം പൂര്‍ത്തിയാക്കിയത് 1325 ദിവസം കൊണ്ടാണ്. ആദ്യത്തെ 100 നില പൂര്‍ത്തിയാക്കാന്‍ വേണ്ടിവന്നത് 1093 ദിവസം. മൂന്നു ദിവസത്തില്‍ ഒരു നില എന്ന നിലയിലായിരുന്നു അവസാനഘട്ടത്തിലെ പുരോഗതി. 100 രാജ്യങ്ങളില്‍നിന്നുള്ള 12,000 തൊഴിലാളികള്‍വരെ അധ്വാനിച്ച ദിവസങ്ങളുണ്ട്. 160 നിലകളുള്ള ബുര്‍ജ് ഖലീഫയെ തണുപ്പിച്ച് നിര്‍ത്തുന്ന സംവിധാനത്തില്‍നിന്ന് പ്രതിവര്‍ഷം ശേഖരിക്കുന്ന വെള്ളം ഒന്നരക്കോടി ഗാലന്‍. 20 വമ്പന്‍ നീന്തല്‍ക്കുളങ്ങള്‍ നിറക്കാനുള്ള വെള്ളമാണ് ഭൂഗര്‍ഭ ടാങ്കില്‍ ശേഖരിക്കുക. ഇതാണ് ഇവിടത്തെ ഉദ്യാനവും പച്ചപ്പുനിറഞ്ഞ മൈതാനവും നനക്കാന്‍ പ്രയോജനപ്പെടുത്തുന്നത്. വൈദ്യുതി തകരാറുണ്ടായാല്‍ മൂന്നു മണിക്കൂര്‍ നേരത്തേക്കു വെളിച്ചം ഉറപ്പാക്കുന്ന സെന്‍ട്രല്‍ ബാറ്ററി സിസ്റ്റമുണ്ട്. അത്യാഹിതം വല്ലതുമുണ്ടായാല്‍ രക്ഷാവഴികളില്‍ വെളിച്ചം പകരാന്‍ ഇതുപരിക്കും. അഗ്‌നിബാധയും മറ്റും താഴെയും മുളിലുമുള്ള നിലകളില്‍ ബാധിക്കാതിരിക്കാനുള്ള അത്യാധുനിന സജ്ജീകരണവുമുണ്ട്.

സെക്കന്‍ഡില്‍ പത്തുമീറ്റര്‍ വേഗത്തിലാണ് ബുര്‍ജ് ഖലീഫയിലെ ലിഫ്റ്റുകള്‍ സഞ്ചരിക്കുന്നത്. 124 നിലയില്‍ ‘അറ്റ് ദ ടോപ്’ എന്ന ഉയരംകൂടിയ നിരീക്ഷണ കേന്ദ്രത്തില്‍ എത്താന്‍ ഒരു മിനിറ്റില്‍ താഴെ മതിയാകും. 60 ലക്ഷത്തോളം ചതുരശ്രയടിയാണ് ബുര്‍ജ് ഖലീഫയുടെ വിസ്തൃതി. ഇതില്‍ 20 ലക്ഷത്തോളം ആഢംബര താമസയിടങ്ങളാണ്.