ശൈത്യകാലത്തിന് കുളിരേകി ഷാര്‍ജയിലും ദുബൈയിലും മഴ

Posted on: January 9, 2018 6:47 pm | Last updated: January 9, 2018 at 6:47 pm

ദുബൈ: ശൈത്യകാലത്തിന് വീണ്ടും കുളിരേകി ദുബൈ, ഷാര്‍ജ എമിറേറ്റുകളില്‍ മഴ. ഇന്നലെ രാവിലെ നഗരത്തിന്റെ പലയിടത്തും പെയ്ത മഴയോടെയാണ് രാവിലെ ജനങ്ങള്‍ ഉറക്കമുണര്‍ന്നത്. ബുധനാഴ്ച രാവിലെ വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുലര്‍കാലങ്ങളില്‍ മഴ ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

വൈകുന്നേരങ്ങളിലും മഴ പെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ മഴയുണ്ടാകും. വടക്ക് കിഴക്കന്‍ മേഖലകളിലാണ് മഴ ശക്തമാക്കുക. പര്‍വത മേഖലയിലും ഉള്‍മേഖല, തീര മേഖല എന്നിവിടങ്ങളില്‍ തണുത്ത കാലാവസ്ഥ അനുഭവപ്പെടുമെന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിലുണ്ട്. തീരമേഖലയില്‍ കാറ്റിന് 18 മുതല്‍ 32 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കും ചിലയിടങ്ങളില്‍ 45 കിലോമീറ്റര്‍ വരെയെത്തുമെന്നും മുന്നറിയിപ്പിലുണ്ട്.