ആസാമില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന പഴം-പച്ചക്കറികള്‍ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ വിപണനം നടത്തും

Posted on: January 9, 2018 6:39 pm | Last updated: January 9, 2018 at 6:39 pm
സിംഗപ്പുരില്‍ നടന്ന പ്രവാസി ഭാരതീയ ദിവസിനിടെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, സിംഗപ്പൂര്‍ വിദേശകാര്യ മന്ത്രി വിവിയന്‍ ബാലകൃഷ്ണന്‍, ആസാം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവള്‍, സിംഗപൂരിലെഇന്ത്യന്‍ സ്ഥാനപതി ഫിക്കി, എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പറും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസുഫലി എന്നിവര്‍.

ദുബൈ: ആസാമില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന പഴം, പച്ചക്കറികള്‍ മുതലായവ നേരിട്ട് സംഭരിച്ച് ഗള്‍ഫ് രാഷ്ട്രങ്ങളിലും കിഴക്കനേഷ്യന്‍ രാജ്യങ്ങളിലുമുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ വിപണനത്തിന് പദ്ധതിയുണ്ടെന്ന് ലുലു ഗ്രുപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി പറഞ്ഞു.

ആസാമിലെ ഭക്ഷ്യസംസ്‌കരണ രംഗത്ത് മുതല്‍ മുടക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിംഗപ്പൂരില്‍ നടന്ന റീജണല്‍ പ്രവാസി ഭാരതീയ ദിവസിനിടെ ആസാം മുഖ്യമന്ത്രിസര്‍ബാനന്ദ സോനോവളുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയായിരുന്നു യൂസഫലിയുടെ പ്രഖ്യാപനം. ഇതിനായി അത്യാധുനിക രീതിയിലുള്ള കോള്‍ഡ് സ്റ്റോര്‍ സ്ഥാപിക്കും.ലുലുവിന്റെ ഉന്നതതല സംഘം അടുത്തു തന്നെ ഇത് സംബന്ധിച്ച് സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നതിനായി ആസാം സന്ദര്‍ശിക്കും.

സംസ്ഥാനത്തിന്റെ ഭക്ഷ്യസംസ്‌കരണ മേഖലയില്‍ മുതല്‍ മുടക്കുന ലുലു ഗ്രൂപ്പിനാവശ്യമായ എല്ലാസഹായങ്ങളും ആസാം സര്‍ക്കാര്‍ നല്‍കുമെന്ന് കൂടിക്കാഴ്ചക്കുശേഷം ട്വിറ്ററില്‍ മുഖ്യമന്ത്രി കുറിച്ചു. അടുത്ത മാസം ആസാമില്‍ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തില്‍ ഇത് സംബന്ധിച്ച് ധാരണയാകുമെന്നും അദ്ദേഹം പറഞ്ഞു.അഡീഷണല്‍ ചീഫ് സെക്രട്ടറി രവി കപൂര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, സിംഗപ്പൂര്‍ വിദേശമന്ത്രി വിവിയന്‍ ബാലകൃഷ്ണന്‍, വ്യവസായ മന്ത്രി എസ് ഈശ്വരന്‍,ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുഎന്നിവരടക്കം നിരവധി പ്രമുഖരാണ് രണ്ട് ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുത്തത്. ഈ മാസം അവസാന വാരം ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ ആസിയാന്‍ ഉച്ചകോടിക്ക് മുന്നോടിയായാണ് സിംഗപ്പൂര്‍ പ്രവാസി ഭാരതീയ ദിവസ് നടന്നത്.