തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി

Posted on: January 9, 2018 1:11 pm | Last updated: January 9, 2018 at 9:39 pm
SHARE

ന്യൂഡല്‍ഹി: സിനിമാ തിയേറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കുന്നത് നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി. തീരുമാനം തീയേറ്ററുകള്‍ക്കെടുക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇതു സംബന്ധിച്ച് 2016 നവംബറിലെ ഉത്തരവ് സുപ്രീം കോടതി ഭേദഗതി ചെയ്തു. ആക്ഷേപങ്ങള്‍ കേ്ന്ദ്ര സര്‍ക്കാറിന്റെ സമിതിക്ക് മുമ്പാകെ ഉന്നയിക്കാമെന്നും
ആക്ഷേപങ്ങളില്‍ കേന്ദ്ര സര്‍ക്കാറിന് തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി. ദേശീയ ഗാനവുമായി ബന്ധപ്പെട്ട എല്ലാ ഹരജികളും സുപ്രീം കോടതി തീര്‍പ്പാക്കി.

തിയേറ്ററുകളില്‍ ചലച്ചിത്ര പ്രദര്‍ശനത്തിന് മുമ്പ് ദേശീയഗാനം സംപ്രേഷണം ചെയ്യണമെന്ന് നിര്‍ബന്ധമാക്കിയ വിധി സുപ്രീം കോടതി പിന്‍വലിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍
സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
ദേശീയഗാനം ആലപിക്കുന്നതിന്റെയും സംപ്രേഷണം ചെയ്യുന്നതിന്റെയും എല്ലാവശങ്ങളും പരിശോധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നതിന് മന്ത്രിതല സമിതി രൂപവത്കരിച്ചിട്ടുണ്ട്. ഇതിനായി ആറ് മാസം വേണ്ടിവരുമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. സമിതി റിപ്പോര്‍ട്ട് നല്‍കിയ ശേഷം നോട്ടിഫിക്കേഷനോ സര്‍ക്കുലറോ പുറത്തിറക്കാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. സര്‍ക്കുലര്‍ ഇറക്കുന്നതിനായി വിധി പിന്‍വലിക്കണമെന്ന് സുപ്രീം കോടതിയോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് 2016 നവംബര്‍ മുപ്പതിനാണ് രാജ്യത്തെ എല്ലാ തിയേറ്ററുകളിലും ദേശീയഗാനം നിര്‍ബന്ധമാക്കിയും ആ സമയം ആളുകള്‍ ബഹുമാനത്തോടെ എഴുന്നേറ്റ് നില്‍ക്കണമെന്ന് നിഷ്‌കര്‍ഷിച്ചും വിധി പുറപ്പെടുവിക്കുന്നത്. രാജ്യത്തെ മുഴുവന്‍ സിനിമാ തിയേറ്ററുകളിലും നിര്‍ബന്ധമായും ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന് നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

ഓരോ പ്രദര്‍ശനം ആരംഭിക്കുന്നതിന് മുമ്പും സ്‌ക്രീനില്‍ ദേശീയ പതാക കാണിക്കണം. ദേശീയ ഗാനം കേള്‍പ്പിക്കുന്ന സമയത്ത് സ്‌ക്രീനില്‍ ദേശീയ പതാകയുടെ ചിത്രം കാണിക്കുകയും, ഒപ്പം കാണികള്‍ എഴുന്നേറ്റ്‌നിന്നു ദേശീയഗാനത്തെ ബഹുമാനിക്കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.പൊതുജനങ്ങള്‍ക്ക് അവരുടെ മാതൃരാജ്യത്തോടുള്ള സ്‌നേഹവും ബഹുമാനവും ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള അവസരമായാണ് തിയേറ്ററില്‍ ദേശീയഗാനം സംപ്രേഷണം ചെയ്യണമെന്ന വിധി പുറപ്പെടുവിച്ചതെന്നായിരുന്നു ന്യായം.

ഇതിനെതിരെ സുപ്രീം കോടതിയില്‍ നിന്നുതന്നെ വിമര്‍ശമുയര്‍ന്നിരുന്നു. സുപ്രീം കോടതി ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, മിശ്ര എന്നിവരടങ്ങിയ ബഞ്ച് വിധിന്യായത്തിനു പിന്നിലെ യുക്തി പിന്നീട് ചോദ്യം ചെയ്തിരുന്നു. വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെയായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം.

ശ്യാം നാരായണ്‍ ചൗക്‌സെ നല്‍കിയ ഹരജിയെ തുടര്‍ന്നാണ് തിയേറ്ററുകളില്‍ ദേശീയഗാനം സുപ്രീം കോടതി നിര്‍ബന്ധമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here