വരുമാനം കോടികള്‍; ശമ്പളവും പെന്‍ഷനും മുടക്കല്‍ പതിവാക്കി കെ എസ് ആര്‍ ടി സി

Posted on: January 9, 2018 7:40 am | Last updated: January 8, 2018 at 11:48 pm

പാലക്കാട് : പതിനായിരം കോടിയിലേറെ ആസ്തിയും പ്രതിമാസം കോടിക്കണക്കിന് രൂപ വരുമാനമുണ്ടായിട്ടും ശമ്പളവും പെന്‍ഷനും കൊടുക്കാനാവാതെ കെ എസ് ആര്‍ ടി സി നെട്ടോട്ടത്തില്‍. പെന്‍ഷന്‍ കുടിശ്ശികയും ജീവനക്കാര്‍ക്ക് ശമ്പളവും നല്‍കുന്നതിന് ഡിപ്പോകള്‍ പണയം വെച്ച് വായ്പ എടുക്കേണ്ട സ്ഥിതിയിലാണ് കെ എസ് ആര്‍ ടി സി. ഒരുകാലത്ത് കെ എസ് ആര്‍ ടി സിയില്‍ കയറുന്നതിന് യാത്രക്കാര്‍ മടിക്കുന്നുവെങ്കിലും ഇപ്പോള്‍ സ്ഥിതി മാറി. സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടയിലും കെ എസ് ആര്‍ ടി സിക്ക് നല്ല വരുമാനമാണ് ദിവസവും ലഭിക്കുന്നതെന്ന് ജീവനക്കാര്‍ സമ്മതിക്കുന്നു. ഉത്സവ സീസണിലും മറ്റും വരുമാനം ഇരട്ടിയിലേറെയാണ്. പ്രതിമാസം കെ എസ് ആര്‍ ടി സിക്ക് വരുമാനം 200 കോടിയിലേറെ ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ക്രിസ്മസ് കാലത്ത് പെന്‍ഷന്‍ കുടിശ്ശികയും ജീവനക്കാര്‍ക്ക് ശമ്പളവും നല്‍കുന്നതിന് കായകുളം, ഏറ്റുമാനൂര്‍ ഡിപ്പോകള്‍ കൊല്ലം ജില്ലാ സഹകരണ ബേങ്കില്‍ രണ്ട് കോടി രൂപക്ക് പണയം വെക്കേണ്ടി വന്നു. പല ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും കെ എസ് ആര്‍ ടി സി കോടിക്കണക്കിന് രൂപയുടെ വായ്പ എടുത്തിട്ടുണ്ട്. വരുമാനത്തിന്റെ മുക്കാല്‍ പങ്കും പലിശ കൊടുക്കുന്നത് മൂലം കെ എസ് ആര്‍ ടി സിയുടെ ഇന്നത്തെ ദുരവസ്ഥക്ക് കാരണമെന്ന് സാമ്പത്തിക വിദ്ഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ബാധ്യത നിലനിര്‍ത്തി വരുമാനത്തിന്റെ ഭൂരിഭാഗവും പലിശയടക്കാനായി വിനിയോഗിക്കുന്ന സമീപനം മാറ്റിയെങ്കില്‍ കെ എസ് ആര്‍ ടി സി സംസ്ഥാനത്തിന് വന്‍ ബാധ്യതയായിരിക്കും വരുത്തുകയെന്നും സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

നിലവിലെ സര്‍വീസുകളെല്ലാം ലാഭകരമാണ്. നല്ലൊരു ശതമാനം തുകയും വിവിധ ബേങ്കുകളില്‍ നിന്നെടുത്തിട്ടുള്ള വായ്പാ തുക തിരിച്ചടക്കാനാണ് വിനിയോഗിക്കുന്നത്. ശമ്പളവും പെന്‍ഷനും കൊടുക്കണമെങ്കില്‍ വീണ്ടും വായ്പയെടുക്കുകയല്ലാതെ കോര്‍പറേഷന് മറ്റ് വഴികളില്ല. പണയം വച്ചിട്ട് വര്‍ഷങ്ങളായിട്ടും തിരിച്ചെടുക്കാത്ത ഡിപ്പോകള്‍ ഉണ്ട്. സഹകരണ ബേങ്കുകളില്‍ നിന്നും മറ്റും കൊള്ളപ്പലിശക്കാണ് വായ്പയെടുക്കുന്നത്. അടക്കുന്ന തുക മുഴുവന്‍ പലിശയിനത്തിലാണ് വകയിരുത്തപ്പെടുന്നത്. 52 കോടി രൂപയാണ് പെന്‍ഷന്‍ നല്‍കാന്‍ മാത്രം കോര്‍പറേഷന് ചെലവ് വരുന്നത്. ടിക്കറ്റ് സെസ് ഏര്‍പ്പെടുത്തിയതിന് ശേഷം 25 രൂപക്ക് മുകളിലെ എല്ലാ ടിക്കറ്റില്‍ നിന്നും നിശ്ചിത സംഖ്യ പെന്‍ഷന്‍ ഫണ്ടിലേക്കെത്തുന്നുണ്ട്.

ആകെ വരുമാനത്തിന്റെ പത്ത് ശതമാനവും സര്‍ക്കാര്‍ നല്‍കുന്ന വിഹിതവും ചേര്‍ത്താല്‍ പെന്‍ഷന്‍ മുടങ്ങാതെ കൊടുക്കാവുന്നതേയുള്ളൂ. 70 കോടിയെങ്കിലും ഈ ഇനത്തില്‍ പെന്‍ഷന്‍ ഫണ്ടിലേക്കെത്തുന്നുണ്ട്. എന്നിട്ടും പെന്‍ഷന്‍ കൊടുക്കാനാവാത്തത് ഈ പണം ബേങ്കില്‍ തിരിച്ചടവിന് എടുക്കുന്നതുകൊണ്ടാണെന്ന് കെ എസ് ആര്‍ ടി സി അധികൃതര്‍ പറയുന്നു. കെ എസ് ആര്‍ ടി സിക്ക് വേണ്ടി തുടങ്ങിയ സ്ഥാപനമായ കെ ടി ഡി എഫ് സിയും കോര്‍പറേഷനെ തകര്‍ക്കുന്ന സമീപനമാണ് കൈക്കൊള്ളുന്നതത്രെ. കെ എസ് ആര്‍ ടി സിക്ക് നേരിട്ട് ബേങ്കില്‍ നിന്ന് പണം വായ്പയെടുക്കാനാവില്ല. അതിനാല്‍ കെ ടി ഡി എഫ് സി വഴിയാണ് വായ്പ ലഭിക്കുന്നത്. ബേങ്കുകള്‍ നിശ്ചയിക്കുന്ന പലിശയേക്കാള്‍ ചുരുങ്ങിയത് മൂന്നോ, നാലോ ശതമാനം കൂട്ടിയാണ് കോര്‍പറേഷനില്‍ നിന്ന് കെ ടി ഡി എഫ് സി ഈടാക്കി കൊള്ളയടിക്കുന്നത്. കെ ടി ഡി എഫ് സി വഴിയുള്ള ബേങ്ക് വായ്പകളുടെ നഷ്ടം കോര്‍പറേഷനും സര്‍ക്കാറിനും ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഇനി മുതല്‍ ബേങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വായ്പയെടുക്കാനാണ് നീക്കം. അതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചതായും കെ എസ് ആര്‍ ടി സി അധികൃതര്‍ അറിയിച്ചു. കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വായ്പയെടുക്കുന്നതോടെ ചെറിയ തോതില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും.