മേളയുടെ താളം തെറ്റിച്ച് അപ്പീലുകള്‍; വാടിത്തളര്‍ന്ന് കുട്ടികള്‍

Posted on: January 9, 2018 12:54 am | Last updated: January 8, 2018 at 10:56 pm
SHARE

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ മാന്വല്‍ പരിഷ്‌കരണം ഏറെക്കുറെ സ്വാഗതം ചെയ്യുമ്പോഴും അപ്പീല്‍ പ്രവാഹം മേളയുടെ താളം തെറ്റിച്ചു. നിശ്ചയിച്ച സമയത്ത് ഇനങ്ങള്‍ പൂര്‍ത്തിയാക്കാനോ ആരംഭിക്കാനോ കഴിയാത്ത സമ്മര്‍ദത്തിലാണ് കലോത്സവ സംഘാടക സമിതി. പുലരും വരെ മത്സരങ്ങള്‍ നീണ്ടത് കുട്ടികള്‍ക്ക് വലിയ വിനയായി മാറുകയും ചെയ്തു.

ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് നിശ്ചയിച്ച മാര്‍ഗം കളി മത്സരം (ഹയര്‍സെക്കണ്ടറി വിഭാഗം) രാത്രി ഒമ്പത് മണിക്കാണ് തുടങ്ങിയത്. മത്സരം സമാപിച്ചത് ഇന്നലെ പുലര്‍ച്ചെയായിരുന്നു. പങ്കെടുത്ത കുട്ടികള്‍ പലരും സ്റ്റേജില്‍ തലകറങ്ങി വീണു. അപര്‍ണ, ലിനിഷ എന്നീ രണ്ട് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കുട്ടികള്‍ ഉറങ്ങാതിരിക്കാന്‍ ഇടക്കിടക്ക് വെള്ളം കൊടുത്തും അവരെ തട്ടി ഉണര്‍ത്തിയും രക്ഷിതാക്കള്‍ ചമയമുറിയില്‍ കാത്തിരുന്നു.
അപ്പീലടക്കം 21 ടീമുകളാണ് മാര്‍ഗം കളിയില്‍ പങ്കെടുത്തത്. പലയിടത്തും മത്സരങ്ങള്‍ വൈകിയത് തര്‍ക്കത്തിനുമിടയാക്കി. ഇന്നലെ രാത്രി വരെ 1,055 അപ്പീലുകളാണ് സംഘാടക സമിതിക്ക് മുന്നിലെത്തിയത്.

ഏഴ് ദിവസങ്ങളായി നടന്നിരുന്ന മേള അഞ്ച് ദിവസമാക്കി കുറച്ചതാണ് സമയക്രമം തെറ്റാനിടയാക്കിയത്. ഭരതനാട്യ മത്സരത്തില്‍ മാത്രം 46 പേര്‍ മത്സരിച്ചതില്‍ 30 പേരെത്തിയത് അപ്പീലിലൂടെയായിരുന്നു. എല്ലാ ഇനങ്ങളിലും ഇതു തന്നെയാണ് അവസ്ഥ. മത്സരിക്കുന്ന 90 ശതമാനം പേര്‍ക്കും എ ഗ്രേഡ് ലഭിക്കുമെന്നായതോടെയാണ് അപ്പീല്‍ വഴി മത്സരിക്കാനെത്തിയവരുടെ എണ്ണം കൂടിയത്.
അതേസമയം കുച്ചുപ്പുടിയില്‍ 18 അപ്പീലുകാരടക്കം 32 പേരാണ് മത്സരിക്കാനെത്തിയിരുന്നത്. ഇതില്‍ നാല് പേര്‍ക്ക് മാത്രമാണ് എ ഗ്രേഡ് ലഭിച്ചതെന്ന കൗതുകവുമുണ്ടായി. മത്സരത്തിന് നിലവാരമില്ലെന്നാണ് വിധി കര്‍ത്താക്കള്‍ പറയുന്നത്. ഗ്രേഡിംഗ് സമ്പ്രദായം ഉദാരമാക്കിയതും മത്സരദിനങ്ങള്‍ കുറച്ചതുമുള്‍പ്പടെ തിരക്കിട്ട് നടപ്പാക്കിയ മാന്വല്‍ പരിഷ്‌കരണങ്ങളില്‍ ചില വീഴ്ചകളുണ്ടായെന്ന് സംഘാടകരും സമ്മതിക്കുന്നുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here