Connect with us

Editorial

പാക്കിസ്ഥാന്‍, അമേരിക്ക, ഇന്ത്യ

Published

|

Last Updated

അമേരിക്കയും പാക്കിസ്ഥാനും ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണമായ ബന്ധവിച്ഛേദനത്തിലൂടെയാണ് കടന്ന് പോകുന്നത്. സോവിയറ്റ് യൂനിയന്‍ അഫ്ഗാനിസ്ഥാനില്‍ ചുവടുറപ്പിക്കുന്നത് തടയാന്‍ ശീതയുദ്ധകാലത്ത് കരുക്കള്‍ നീക്കിയത് മുതല്‍ അമേരിക്കയുടെ വിശ്വസ്ത കൂട്ടാളിയായിരുന്നു പാക്കിസ്ഥാന്‍. ആ രാജ്യത്തെ വാഴ്ചകളിലും വീഴ്ചകളിലും സംഘര്‍ഷങ്ങളിലും സമാധാനത്തിലുമെല്ലാം അമേരിക്കയുടെ കൈകളുണ്ടായിരുന്നു. ചിലപ്പോള്‍ യു എസ് അധികാരികള്‍ പാക് സൈന്യത്തിന്റെ കൂടെയാകും. മറ്റൊരവസരത്തില്‍ അവര്‍ പാക് സിവിലിയന്‍ നേതൃത്വത്തോടൊപ്പമാകും. ചരിത്രത്തെ ഒന്നാകെയെടുത്താല്‍ അമേരിക്കക്ക് പാക്കിസ്ഥാനിലെ സൈനിക നേതൃത്വത്തോടും ഐ എസ് ഐയോടുമാണ് കൂടുതല്‍ അടുപ്പം. ഇന്ത്യയടക്കമുള്ള അയല്‍ രാജ്യങ്ങളുമായി എന്ത് സമീപനം വേണമെന്ന് നിഷ്‌കര്‍ഷിക്കുന്നത് അമേരിക്കയാണെന്ന് മനസ്സിലാക്കാന്‍ കശ്മീര്‍ വിഷയത്തിലെ സംഭവവികാസങ്ങള്‍ മാത്രം നോക്കിയാല്‍ മതി. യു എസ് പ്രസിഡന്റുമാര്‍ ഇന്ത്യയില്‍ വന്നാല്‍ കൃത്യം ഊഴം വെച്ച് പാക്കിസ്ഥാനിലും പോകും. മേഖലയിലെ യു എസ് താത്പര്യങ്ങളുടെ ഇരിപ്പിടമാണ് പാക്കിസ്ഥാന്‍. വസ്തുത ഇതായിരിക്കെ പാക്കിസ്ഥാനോട് തികച്ചും വ്യത്യസ്തവും അത്യന്തം കര്‍ക്കശവുമായ ഒരു സമീപനത്തിലേക്ക് അമേരിക്ക നീങ്ങുമ്പോള്‍ അതിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
പാക്കിസ്ഥാന് നല്‍കി വരുന്ന എല്ലാ സുരക്ഷാ ധനസഹായവും നിര്‍ത്തിവെക്കാന്‍ ട്രംപ് ഉത്തരവിട്ടിരിക്കുകയാണ്. 15 വര്‍ഷത്തിനകം 3300 കോടി ഡോളര്‍ ഇത്തരത്തില്‍ പാക്കിസ്ഥാന്‍ കൈപ്പറ്റിയിട്ടുണ്ടെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്. ഇങ്ങനെ കോടിക്കണക്കിന് ഡോളര്‍ കൈവശപ്പെടുത്തിയിട്ട് പാക്കിസ്ഥാന്‍ തിരിച്ച് നല്‍കിയത് നിന്ദയും വഞ്ചനയും മാത്രമാണെന്ന് അദ്ദേഹം തുറന്നടിക്കുന്നു. പാക്കിസ്ഥാനില്‍ വിശ്വാസമര്‍പ്പിച്ച് സാമ്പത്തിക സഹായം നല്‍കിയ യു എസ് ഭരണാധികാരികള്‍ ശുദ്ധ വിഡ്ഢികളായിരുന്നുവെന്നും തന്നെ അതിന് കിട്ടില്ലെന്നും ട്രംപ് പറഞ്ഞുവെക്കുന്നു. പറയുക മാത്രമല്ല ഉടനടി നടപടികളിലേക്കും അദ്ദേഹം നീങ്ങുന്നു. ഭീകരവാദത്തെ നേരിടുന്നതില്‍ പാക്കിസ്ഥാന്‍ സമ്പൂര്‍ണ പരാജയമാണെന്നും തീവ്രവാദികളുടെ സൈ്വര വിഹാര താവളമായി പാക്കിസ്ഥാന്‍ തുടരുന്നുവെന്നുമാണ് ഈ നടപടിക്ക് ആധാരമായി അമേരിക്ക പ്രത്യക്ഷത്തില്‍ ഉന്നയിക്കുന്നത്.

ഈ ഘട്ടത്തില്‍ പാക്കിസ്ഥാനും മിണ്ടാതിരിക്കുന്നില്ല. ട്രംപ് പറയുന്ന 3300 കോടി ഡോളറിന്റെ കണക്ക് പര്‍വതീകരിച്ചതാണെന്ന് പാക്കിസ്ഥാന്‍ തിരിച്ചടിച്ചു. പാക് വിദേശകാര്യ വകുപ്പ് പുറപ്പെടുവിച്ച പ്രസ്താവന എണ്ണിയെണ്ണി മറുപടി പറയുന്നതായിരുന്നു. അഫ്ഗാനിസ്ഥാനിലേക്ക് ആയുധങ്ങള്‍ തൊടുത്തുവിടാന്‍ എത്ര കാലമായി നിങ്ങള്‍ പാക് മണ്ണ് ഉപയോഗിക്കുന്നു? നിങ്ങളുടെ പടക്കോപ്പുകള്‍ സൂക്ഷിക്കാന്‍ ഞങ്ങളുടെ ജനതയുടെ സുരക്ഷിതത്വം ബലികഴിച്ചില്ലേ? ഏഷ്യയില്‍ അമേരിക്കന്‍ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ പേരില്‍ ഇത്രമാത്രം ആക്രമണം നേരിട്ട ഏതെങ്കിലും രാജ്യമുണ്ടോ? അഫ്ഗാനിസ്ഥാനില്‍ സ്വന്തം നയം പാളിപ്പോയതിന് തങ്ങളെ കുറ്റപ്പെടുത്തുകയല്ല ആത്മ പരിശോധനക്ക് തയ്യാറാകുകയാണ് വേണ്ടതെന്നും പാക് വിദേശകാര്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.

ഭീകരതയെ നേരിടുന്നതില്‍ പാക്കിസ്ഥാന്‍ പരാജയമാണെന്ന വസ്തുത അമേരിക്ക അംഗീകരിക്കുകയാണെന്നും അതിനുള്ള ശിക്ഷാ നടപടികളിലേക്ക് നീങ്ങുകയാണെന്നും വിലയിരുത്തി പുതിയ സംഭവ വികാസങ്ങളില്‍ ആവേശം കൊള്ളുകയാണ് ഇന്ത്യന്‍ ഭരണ നേതൃത്വം ചെയ്യുന്നത്. പാക് ബാന്ധവം ഉപേക്ഷിച്ച് അമേരിക്ക സമ്പൂര്‍ണമായി ഇന്ത്യന്‍ ഭാഗത്തേക്ക് ചായുന്നുവെന്ന് ചിലര്‍ വിലയിരുത്തുന്നുമുണ്ട്. സത്യത്തില്‍ ഇത് ഭീകരതയുമായി ബന്ധപ്പെട്ട പ്രശ്‌നമേ അല്ല. ഏഷ്യയിലും ആഫ്രിക്കയിലും മധ്യപൗരസ്ത്യ ദേശത്തും അറബ് നാടുകളിലുമൊക്കെ തീവ്രവാദ ഗ്രൂപ്പുകള്‍ ഉദയം ചെയ്യുകയും വേരുറപ്പിക്കുകയും ചെയ്യുന്നതില്‍ അമേരിക്കക്ക് ഒരു മനഃസ്താപവുമില്ല. ഇവിടങ്ങളിലെല്ലാം ഇന്ന് കാണുന്ന എല്ലാ ഗ്രൂപ്പുകളുടെയും നിര്‍മിതിയില്‍ അമേരിക്കന്‍ കൈ വ്യക്തമാണ്. താലിബാന്‍ ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്.

ചൈനയുമായി പാക്കിസ്ഥാന്‍ പടുത്തുയര്‍ത്തുന്ന ബന്ധമാണ് യഥാര്‍ഥത്തില്‍ ഡൊണാള്‍ഡ് ട്രംപിനെ പ്രകോപിപ്പിച്ചത്. മുമ്പ് സോവിയറ്റ് യൂനിയനെ നേരിടാന്‍ പാക്കിസ്ഥാനെ കൂട്ടു പിടിച്ചു അമേരിക്ക. അന്ന് ഇന്ത്യ സോവിയറ്റ് പക്ഷത്തായിരുന്നു. ഇന്ന് ചൈനയുടെ സ്വാധീനമാണ് അമേരിക്കയുടെ ആധി. അത്‌കൊണ്ട് ചൈനയെ ശക്തമായി വെല്ലുവിളിക്കാന്‍ ശേഷിയുള്ള ഇന്ത്യയോട് അനുഭാവം പുലര്‍ത്തുകയും ചൈനീസ് ഭാഗത്തേക്ക് ചായുന്ന പാക്കിസ്ഥാനെ കൈവിടുകയുമാണ് അമേരിക്ക ചെയ്യുന്നത്. യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും ചൈനയുടെ സാമ്പത്തിക സ്വാധീനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ആവിഷ്‌കരിക്കുന്ന വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയില്‍ പ്രധാന പങ്കാളിയാണ് പാക്കിസ്ഥാന്‍. അഫ്ഗാനും മധ്യേഷ്യയുമെല്ലാം ഈ പദ്ധതിയില്‍ വരുന്നുണ്ട്. ഇതുസംബന്ധിച്ച ഉച്ചകോടിയില്‍ നിന്ന് ഇന്ത്യ വിട്ടു നില്‍ക്കുകയായിരുന്നുവെന്നോര്‍ക്കണം. ചൈന – പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയില്‍ 5700 കോടി ഡോളര്‍ നിക്ഷേപിക്കുമെന്നാണ് ചൈനയുടെ പ്രഖ്യാപനം. ഈ പദ്ധതിയുടെ ഭാഗമായുള്ള ധനപരമായ ഇടപാടുകള്‍ ഡോളറിന് പകരം ചൈനീസ് നാണയമായ യുവാനില്‍ നടത്തുമെന്ന് പാക് സെന്‍ട്രല്‍ ബേങ്ക് ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം നടപടികള്‍ അമേരിക്കക്ക് സഹിക്കാവുന്നതിലപ്പുറമാണ്. ഇതാണ് അമേരിക്കയുടെ ഹാലിളക്കത്തിന് കാരണം.

തരാതരം സഖ്യങ്ങളും ചായ്‌വുകളും വരച്ചും മായ്ച്ചും അപ്പപ്പോള്‍ നേട്ടമുണ്ടാക്കുകയെന്ന നയത്തിന്റെ ഭാഗമാണ് പുതിയ സംഭവവികാസങ്ങളുമെന്ന് തിരിച്ചറിയണം. ഈ ശാക്തിക മത്സരത്തില്‍ കക്ഷി ചേരേണ്ടതുണ്ടോ എന്ന് ഇന്ത്യ ചിന്തിക്കേണ്ടിയിരിക്കുന്നു. സാമ്രാജ്യത്വ ശക്തികള്‍ സൃഷ്ടിക്കുന്ന ഭീകരതകളുടെയും അസ്ഥിരതകളുടെയും കാര്യത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും ഒരു പോലെ ഇരകളാണ്. മേഖലയെ ഗ്രസിച്ച തീവ്രവാദ പ്രവണതകളെ വേരോടെ പിഴുതെറിയാന്‍ ഇരു രാജ്യങ്ങളും രാഷ്ട്രീയ തീരുമാനമെടുത്ത് മുന്നോട്ട് പോകുകയാണ് വേണ്ടത്. ഇക്കാര്യത്തില്‍ ശക്തമായ തീരുമാനമെടുക്കേണ്ടത് പാക്കിസ്ഥാന്‍ തന്നെയാണ്. അമേരിക്ക നല്‍കുന്ന ഗുഡ് സര്‍ട്ടിഫിക്കറ്റിന് വേണ്ടിയല്ല, സ്വന്തം നിലനില്‍പ്പിനും അയല്‍രാജ്യങ്ങളുടെ സമാധാനത്തിനുമാണ് അവര്‍ നടപടിയെടുക്കേണ്ടത്.