Connect with us

Articles

ധര്‍മം നശിക്കരുത്, ലോകം നിലനില്‍ക്കണം

Published

|

Last Updated

ഇസ്‌ലാമിക വീക്ഷണത്തില്‍ ധാര്‍മികത അല്ലാഹു നിര്‍ദേശിച്ച കാര്യങ്ങളാണ്. ഇസ്‌ലാമിക ധാര്‍മിക മൂല്യങ്ങള്‍ അയവുള്ളതും മനുഷ്യപ്രകൃതിയുമായി ഒത്തുപോകുന്നതും എക്കാലത്തും സ്വീകരിക്കാന്‍ കഴിയുന്നതുമാണ്. ശാരീരികവും മാനസികവും സാമൂഹികവും ആത്മീയവുമായ സുസ്ഥിതിക്ക് അത്യന്താപേക്ഷിതമായ തത്വങ്ങളാണ് ധാര്‍മിക മൂല്യങ്ങള്‍. ധര്‍മങ്ങളാണ് മനുഷ്യവംശത്തെ നിലനിര്‍ത്തുന്നത്. അവയുടെ പൂര്‍ണമായ തിരോധാനം മനുഷ്യ വര്‍ഗത്തിന്റെ നിലനില്‍പ്പിനെ അപായപ്പെടുത്തും. ഇതുകൊണ്ടാണ് എക്കാലത്തും വിദ്യാഭ്യാസ പരിപാടിയില്‍ ധര്‍മബോധനത്തിന് പ്രാധാന്യം കല്‍പ്പിച്ചുപോന്നത്.
ലക്ഷ്യമില്ലാതെ മനുഷ്യര്‍ മൃഗങ്ങളെപോലും നാണിപ്പിക്കുന്ന ചുംബന സമരങ്ങളിലൂടെ ധാര്‍മികാധഃപതനത്തിലേക്ക് താഴ്ന്നുപോകുന്നതും ശാസ്ത്രീയ നേട്ടങ്ങളും ആധുനിക സംവിധാനങ്ങളും പുരോഗമിച്ചപ്പോള്‍ അതു സാംസ്‌കാരിക ജീര്‍ണതയുടെ കാരണങ്ങളായി മാറുന്നതും നാം കാണുന്നു. കലയും സാഹിത്യവുമെല്ലാം ആവശ്യം തന്നെ. പക്ഷേ, മനുഷ്യരാശിയെ സംസ്‌കരിക്കുന്നതാവണം. തിന്മയില്‍ നിന്നും നന്മയിലേക്ക് ക്ഷണിക്കുന്നതാവണം.

ആധുനിക ലോകത്ത് മൂല്യച്യുതി വളരെ ആഴത്തില്‍ ഗ്രസിച്ചിട്ടുണ്ട്. ജീവിതത്തിന്റെ കഠിന യാഥാര്‍ഥ്യമായ വാര്‍ധക്യത്തില്‍ മാതാപിതാക്കളെ വൃദ്ധസദനത്തിലയക്കുന്ന മക്കളും അഴിമതി നടത്തുന്ന ഭരണാധികാരികളും കൈക്കൂലി വാങ്ങുന്ന ഉദ്യാഗസ്ഥരും ഭക്ഷണവസ്തുക്കളില്‍ മായം ചേര്‍ക്കുന്നവരും നോട്ടുക്കെട്ടുകള്‍ക്കനുസരിച്ച് വിധി പറയുന്ന ന്യായാധിപന്മാരും സ്വജനപക്ഷപാതം നടത്തുന്ന ജനപ്രതിനിധികളുമെല്ലാം ഇതിന്റെ ഉത്പന്നങ്ങളാണ്.

ശരിയായ രീതിയിലുള്ള ധാര്‍മിക വിദ്യാഭ്യാസത്തിലൂടെ മാത്രമേ അധര്‍മത്തെ ചെറുക്കാന്‍ കഴിയൂ.
ധര്‍മ വിദ്യാഭ്യാസ കേന്ദ്രങ്ങളാണ് മദ്‌റസകള്‍. പുതിയ തലമുറയെ മൂല്യവത്കരിക്കുന്നതില്‍ അവ വലിയ പങ്ക് വഹിക്കുന്നു. ഒരു സമൂഹത്തിന്റെ മൂല്യവത്കരണമാണ് മദ്‌റസകള്‍ നിര്‍വഹിക്കുന്നത്. പിഞ്ചുഹൃദയങ്ങളില്‍ നന്മ തളിര്‍ക്കുന്നത് മദ്‌റസകളിലെ ശാന്തഗംഭീരമായ അന്തരീക്ഷത്തിലാണ്. അതിനാല്‍ ധര്‍മം നശിക്കരുത്, ലോകം നിലനില്‍ക്കണം എന്ന പ്രമേയത്തില്‍ മദ്‌റസാ സമ്മേളനം നടത്തുന്നതിലെ പ്രസക്തി വളരെ ലളിതം.
ഒരു ബഹുസ്വര സമൂഹത്തില്‍ പൊതു വിദ്യാഭ്യാസത്തിലൂടെ മൂല്യവിദ്യാഭ്യാസം നല്‍കുന്നതിന് പരിമിതിയുണ്ട്. മതനിരപേക്ഷത അംഗീകരിക്കുന്ന ഒരു ഭരണഘടന നിലവിലുള്ളപ്പോള്‍ വിശേഷിച്ചും. സനാതന മൂല്യങ്ങള്‍ പോലും വളരെ സൂക്ഷിച്ചേ സ്‌കൂള്‍ കരിക്കുലത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയൂ. ഈ സാഹചര്യത്തില്‍ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായി ധാര്‍മിക ബോധവത്കരണം വളരെ പരിമിതമായേ നടക്കുന്നുള്ളൂ.
ധാര്‍മിക വിദ്യാഭ്യാസം വിജയിക്കാന്‍ രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും സഹായങ്ങളും സഹകരണവും ആവശ്യമാണ്. രക്ഷിതാക്കള്‍ ധാര്‍മിക ബോധമുള്ളവരാകുകയും വീട് ധാര്‍മിക വിദ്യാഭ്യാസത്തിന്റെ കളിത്തൊട്ടിലാകുകയും വേണം. ഓരോ വീടും വിദ്യാലയമാണ്. മാതാപിതാക്കള്‍ അധ്യാപകരുമാണ്. മദ്‌റസയില്‍ നിന്ന് സ്വീകരിക്കുന്ന മൂല്യങ്ങള്‍ സമൂഹത്തില്‍ പ്രതിഫലിച്ചാല്‍ മാത്രമേ കുട്ടിയില്‍ ധാര്‍മികത വേരൂന്നുകയുള്ളൂ. രക്ഷിതാക്കളും അധ്യാപകരും മാതൃകായോഗ്യരാവുന്ന ഒരു സമൂഹത്തില്‍ ധര്‍മം സംരക്ഷിക്കപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല.

വ്യക്തിത്വം പ്രധാനമാണ്. നല്ല വ്യക്തികള്‍ ഉണ്ടാകുമ്പോള്‍ നല്ല കുടുംബം ഉണ്ടാകുന്നു. നല്ല കുടുംബം ഉണ്ടാകുമ്പോള്‍ നല്ല സമൂഹം ഉണ്ടാകുന്നു. ഒരേ ഗര്‍ഭപാത്രത്തില്‍ പിറന്നവര്‍ പരസ്പരം കലഹിക്കുന്ന രംഗമാണ് പല കുടുംബങ്ങളിലും നിലവിലുള്ളത്. സമൂഹത്തിന്റെ അടിത്തറ കുടുംബമാണ്. കുടുംബവിശുദ്ധി സാമൂഹിക വിശുദ്ധിയാണ്. ഒരു മനുഷ്യന്‍ ഉത്കൃഷ്ടനാവുന്നത് അവനെ പൊതിഞ്ഞുനില്‍ക്കുന്ന നല്ല വ്യക്തിയെന്ന വിശേഷണത്താലാണ്. വൃക്തിയുടെ ധാര്‍മികാപചയമാണ് മൂല്യശോഷണം വ്യാപകമാകാനിടയാവുന്നത്. വ്യക്തിയില്‍ നടക്കുന്ന സംസ്‌കരണവും ആത്മീയ ശുദ്ധീകരണവുമാണ് സമൂഹത്തിന്റെ ധാര്‍മികാഭിവൃദ്ധിയെ ത്വരിതപ്പെടുത്തുന്നത്.
മനുഷ്യരുടെ ദുഷ്‌കര്‍മങ്ങള്‍ നിമിത്തം കരയിലും കടലിലും നാശം വ്യാപകമായിരിക്കുന്നുവെന്ന ഖുര്‍ആനിക നിരീക്ഷണം ആധുനിക കാലത്ത് എല്ലാ അര്‍ഥത്തിലും ഇന്ന് പ്രകടമാണ്. ധര്‍മബോധവും സംസ്‌കാര ചൈതന്യവും സ്വായത്തമാക്കിയ ഒരു തലമുറയുടെ വളര്‍ച്ച കൊണ്ടു മാത്രമേ ലോകത്തെ ഗ്രസിച്ച ധര്‍മികാധഃപതനത്തില്‍ നിന്നു കരകയറാന്‍ കഴിയൂ. ശരിയായ ജ്ഞാനവും അറിവും മാത്രമാണ് മൂല്യശോഷണത്തിന് പരിഹാരം. തിന്മക്കെതിരെ നന്മ കൊണ്ട് ധാര്‍മിക പ്രതിരോധം തീര്‍ക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കണം ഓരോരുത്തരും വിദ്യ നേടേണ്ടത്.

ധാര്‍മിക ബോധമുള്ള ഒരു തലമുറയുടെ നിസ്വാര്‍ഥമായ പിന്തുണയുണ്ടെങ്കിലേ നാട്ടില്‍ സാംസ്‌കാരിക പുരോഗതി സാധ്യമാകൂ. മദ്‌റസകള്‍ കേന്ദ്രീകരിച്ച് മാതൃകാ സമൂഹത്തിന് വേണ്ട മാര്‍ഗ നിര്‍ദേശങ്ങളാണ് ലഭിക്കുന്നത്. ഇത് കൃത്യമായി നടന്നാല്‍ ധാര്‍മിക ബോധമുള്ള ഒരു തലമുറയെ നമുക്ക് ലഭിക്കും. ഇസ്‌ലാം പ്രകൃതി മതമാണ്. പരിസ്ഥിതി സംരക്ഷണം നമ്മുടെ ബാധ്യതയാണ്. പ്രകൃതിചൂഷണം ഇസ്‌ലാം അനുവദിക്കുന്നില്ല. പരിസരബോധം എല്ലാവര്‍ക്കും വേണം. പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം നിയന്ത്രണ വിധേയമാക്കണം. ഭൂമിയില്‍ നശിക്കാത്ത പ്ലാസ്റ്റിക്കുകള്‍ മനുഷ്യന്റെ ശത്രുവാണ്. പ്രകൃതി സൗഹൃദ വസ്തുക്കള്‍ നിത്യോപയോഗത്തിന് ഉപയോഗിച്ചുകൊണ്ട് നാം മാതൃകയാവണം.
ഇസ്‌ലാം സമാധാനമാണ്. നബി(സ) സമാധാനം മാത്രമാണ് സംസാരിച്ചത്. മുഹമ്മദ്, അഹ്മദ് എന്ന രണ്ട് പേരിലൂടെ യാണ് പ്രവാചകനെ ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. സ്തുത്യര്‍ഹന്‍, വാഴ്ത്തപ്പെട്ടവന്‍ എന്നൊക്കെയാണതിന്നര്‍ഥം. ഖുര്‍ആന്‍ പരിചയപ്പെടുത്തിയ സ്വര്‍ഗത്തിന്റെ പേര് “”ദാറുസ്സലാം” സമാധാനത്തിന്റെ ഭവനം എന്നാണ്. ദിവസേന നിര്‍ബന്ധ കര്‍മമായ നിസ്‌കാരത്തിന് ശേഷം ഒരു വിശ്വാസി ഉരുവിടാന്‍ മതം കല്‍പ്പിച്ച മന്ത്രം “അല്ലാഹുവേ, നീയാണ് സമാധാനം, നിന്നില്‍ നിന്നാണ് സമാധാനം, സമാധാനത്തിന്റെ മടക്കം നിന്നിലേക്ക് തന്നെ, സമാധാനത്തിന്റെ ഭവനമായ സ്വര്‍ഗത്തില്‍ ഞങ്ങളെ പ്രവേശിപ്പിക്കേണമേ” എന്നതാണ്. സമാധാനം, ശാന്തി എന്നൊക്കെ അര്‍ഥം വരുന്ന “സലാം” എന്ന വാക്കാണ് കൂടുതലും ഖുര്‍ആന്‍ ഉപയോഗിച്ചത്. ഒരു വിശ്വാസി മറ്റൊരു വിശ്വാസിയെ കണ്ടാല്‍ അഭിവാദ്യം ചെയ്യേണ്ടതും പ്രത്യഭിവാദ്യം ചെയ്യേണ്ടതും അല്ലാഹുവിന്റെ സമാധാനം താങ്കള്‍ക്കുണ്ടായിരിക്കട്ടെ എന്നതാണ്. ഈ സന്ദേശമാണ് തലമുറകളായി മദ്‌റസകള്‍ കൈമാറുന്നത്.
ഇതര മതസ്ഥരോടും സ്‌നേഹവും കാരുണ്യവും സഹിഷ്ണുതയും വേണമെന്നതാണ് ഇസ്‌ലാമിന്റെ വിശാല വീക്ഷണം. നമ്മുടെ കേരളത്തില്‍ കൃത്യമായ മതവിശ്വാസം വെച്ചുപുലര്‍ത്തിയ ധാരാളം മഹാമനീഷികള്‍ കഴിഞ്ഞുപോയിട്ടുണ്ട്. അവര്‍ കാണിച്ച ഒരു മാതൃകയുണ്ട്. എല്ലാവരെയും ബഹുമാനിക്കുകയും എല്ലാവരോടും കൂറ് പുലര്‍ത്തുകയും ചെയ്യുന്ന രീതി, സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും രീതി.

അതാണ് ഇസ്‌ലാമിന്റെ സുന്ദരമായ രീതി. “ധര്‍മം നശിക്കരുത്; ലോകം നിലനില്‍ക്കണം” എന്ന പ്രമേയത്തില്‍ എസ് ജെ എം 2018 ജനുവരി 10 – ഫെബ്രുവരി 15 കാലയളവില്‍ മദ്‌റസാ സമ്മേളനം നടത്തുമ്പോള്‍ മദ്‌റസകള്‍ മനുഷ്യമനസ്സുകളില്‍ അങ്കുരിപ്പിക്കുന്ന ആശയമാണ് ഇവിടെ പ്രതിപാദിച്ചത്. മദ്‌റസാ സമ്മേളനത്തോടനുബന്ധിച്ച് വനിതാ പഠന ക്ലാസുകള്‍, വിവാഹ പൂര്‍വ വിദ്യാഭ്യാസ കണ്‍വെന്‍ഷന്‍, പൊതുസമ്മേളനം, ആല്‍ക്കഹോള്‍ ഗോബാക്ക് ഡോക്യുമെന്ററി പ്രദര്‍ശനം, വെജ്ഗാര്‍ഡന്‍ നിര്‍മാണം, പ്രഭാത പ്രകടനം, സൈക്കിള്‍ റാലി, ക്ലീന്‍ ഡേ, ലഘുലേഖ വിതരണം, ക്വിസ് കോംപറ്റീഷന്‍, കാരുണ്യ ഹസ്തം, ആദരവ് എന്നിങ്ങനെ വിവിധ പരിപാടികള്‍ ഓരോ മദ്‌റസാ പരിധിയിലും നടക്കും.

(എസ് ജെ എം സെക്രട്ടറിയാണ് ലേഖകന്‍)

 

 

Latest