ഭൂരിപക്ഷ- ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് രണ്ട് നീതിയെന്ന് യൂത്ത് ലീഗ്

Posted on: January 8, 2018 11:52 pm | Last updated: January 8, 2018 at 11:52 pm
SHARE

കോഴിക്കോട്: രാജ്യത്ത് ഭൂരിപക്ഷ-ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് രണ്ട് തരം നീതിയാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് യൂത്ത്‌ലീഗ് ദേശീയ എക്‌സിക്യുട്ടീവ്. ജയിലുകളില്‍ വിചാരണ തടവുകാരായി കഴിയുന്നവരിലേറെയും മുസ്‌ലിം ചെറുപ്പക്കാരാണ്. നിസാര കുറ്റകൃത്യങ്ങളുടെ പേരില്‍ പിടികൂടുന്ന യുവാക്കളെ യു എ പി എ പോലെയുള്ള കരിനിയമങ്ങള്‍ ചുമത്തി അനന്തകാലത്തേക്ക് ജയിലിലടക്കുകയാണ്.

മറുഭാഗത്ത് ആള്‍ക്കൂട്ടം, പശു ഭീകരതയുടെ ഇരകളായി കൊല്ലപ്പെടുന്നവര്‍ക്ക് സാമാന്യ നീതി പോലും നിക്ഷേധിക്കപ്പെടുന്നു. ബി ജെ പി സ്‌പോണ്‍സര്‍ ചെയ്യുന്ന ഭരണകൂട ഭീകരതയും തീവ്രവാദ ശക്തികളും പരസ്പരം പാലൂട്ടി വളര്‍ത്തുകയാണെന്നും ഇവര്‍ ആരോപിച്ചു. മുത്വലാഖിനെതിരായ നിയമ നിര്‍മാണം ഏക സിവില്‍ കോഡ് എന്ന ആര്‍ എസ് എസ് അജന്‍ഡ നടപ്പിലാക്കലാണെന്നും ഇവര്‍ പറഞ്ഞു.

യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ദേശീയ യൂത്ത് ലീഗ് പ്രസിഡന്റ് സാബിര്‍ എസ് ഗഫാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍, മുഹമ്മദ് യൂനുസ്, പി കെ ഫിറോസ്, അഡ്വ. വി കെ ഫൈസല്‍ ബാബു, ഉമര്‍ ഇനാംദാര്‍, ആഷിക് ചെലവൂര്‍ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here